Site iconSite icon Janayugom Online

ഭിന്നശേഷി വിദ്യാർത്ഥിനിയെ മുറിയിൽ പൂട്ടിയിട്ട സംഭവം: പ്രധാന അധ്യാപികക്ക് സസ്‌പെൻഷൻ

സെറിബ്രൽ പാൾസി ബാധിച്ച പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസ് മുറിക്കുള്ളിൽ പൂട്ടിയിട്ട സംഭവത്തിൽപ്രധാന അധ്യാപികക്ക് സസ്‌പെൻഷൻ. പെരിങ്ങോട്ടുകര സെന്റ് സെറാഫിക്ക് കോൺവെന്റ് സ്കൂളിലെ പ്രധാന അധ്യാപിക ടെസിൻ ജോസഫിനെയാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഡോ എ. അൻസാർ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തത്. 

കുട്ടിയെ ക്ലാസ് മുറിയിൽ തനിച്ചാക്കി പൂട്ടിയിട്ട സംഭവം വിവാദമായിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു വിഷയത്തിൽ ഇടപ്പെട്ട് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ചാഴൂർ സ്വദേശികളായ നായരുപറമ്പിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ‑പ്രവീണ ദമ്പതികളുടെ മകൾ അനന്യ (17) യാണ് സ്കൂൾ അധികൃതരുടെ അനാസ്ഥയാൽ ഏറെ നേരം മുറിയ്ക്കുള്ളിൽ ബന്ധനാവസ്ഥയിൽ കഴിഞ്ഞത്. മുൻപും അനന്യയെ ക്ലാസിൽ പൂട്ടിയിടാറുണ്ടെന്ന് വിവരവും ഇതിനിടെ പുറത്തു വന്നു. 

സെറിബ്രൽ പാൾസി ബാധിച്ച അനന്യയെ ആഴ്ചയിൽ 4 ദിവസം ക്ലാസ് കഴിഞ്ഞ ശേഷം ഫിസിയോ തെറാപ്പിക്ക് കൊണ്ട് പോകണം. മകളെ വീട്ടിലേക്ക് കൊണ്ട് പോകാൻ എത്തിയ പിതാവ് ഉണ്ണികൃഷ്ണൻ കുട്ടിയെ കാണാതെ അന്വേഷിച്ച് നടന്ന് ഒടുവിലാണ് മുറിക്കുള്ളിൽ മകളെ പൂട്ടിയിട്ടിരിക്കുന്നത് കണ്ടത്. ആ സമയം അനന്യ ഭയചകിതയായി മുറിക്കുള്ളിൽ നിന്ന് വാതിലിൽ ഇടിക്കുകയായിരുന്നുവെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ഭയന്ന മകളെ ആശ്വസിപ്പിച്ച്, സ്‌കൂളിലെ എച്ച്എമ്മിനെയും ക്ലാസ് ടീച്ചറെയും കണ്ട് വിവരം പറയാമെന്ന് കരുതി അന്വേഷിച്ചെങ്കിലും ആരും പരിസരത്ത് ഉണ്ടായിരുന്നില്ല. വിഷയം ശ്രദ്ധയിൽപ്പെട്ട മന്ത്രി ഡോ: ആർ.ബിന്ദു അടിയന്തര അന്വേഷണം നടത്തിറിപ്പോർട്ട്‌ നൽകാൻ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്കും തൃശൂർ ജില്ലാ സാമൂഹ്യനീതി ഓഫീസർക്കും നിർദ്ദേശം നൽകിയിരുന്നു.ഒപ്പം കുട്ടിയുടെ കുടുംബവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തിരക്കുകയും ചെയ്തിരുന്നു. സ്‌കൂൾ അധികാരികളുടെ നിരുത്തരവാദപരമായ സമീപനത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. തുടർന്നാണ് പ്രധാന അധ്യാപികയെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തിതിരിക്കുന്നത്.

Exit mobile version