Site iconSite icon Janayugom Online

ഭിന്നജീവിതങ്ങള്‍ക്ക് വേണം വിഭിന്നമായ കരുതല്‍

ഒരു രാജ്യത്ത് സൈനിക സേവനത്തിന് പോയ മകന്‍ യുദ്ധത്തിനിടെ അപകടത്തില്‍പ്പെട്ടു. അവന്‍ ആശുപത്രിയിലാണെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിക്കുന്നു. അകലെയെവിടെയോ ആശുപത്രിയിലായിരുന്നതിനാല്‍ ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളല്ലാതെ നേരിട്ടുകാണുന്നതിനുള്ള സാഹചര്യങ്ങളില്ല‍. അതിനിടയില്‍ ആശുപത്രിയില്‍ നിന്ന് പിതാവിനെ തേടി മകന്റെ കത്തെത്തുന്നു. തന്റെ ഒരു സുഹൃത്തിന് ഇരുകാലുകളും നഷ്ടപ്പെട്ടെന്നും അവനെ ശുശ്രൂഷിക്കാന്‍ ബന്ധുക്കള്‍ ആരുമില്ലെന്നും താന്‍ വീട്ടിലേക്ക് കൊണ്ടുവരട്ടെ എന്ന് അന്വേഷിക്കുന്നതുമാണ് കത്തിലെ ഉള്ളടക്കം. കുറച്ചു ദിവസങ്ങള്‍ക്കുശേഷം അച്ഛനില്‍ നിന്ന് ലഭിച്ച മറുപടിക്കത്തില്‍ അത് വലിയ ബാധ്യതയാകില്ലേ എന്ന മറുചോദ്യമുണ്ടായിരുന്നു. ആ മറുപടി കിട്ടിയതിന്റെ കുറച്ചുദിവസങ്ങള്‍ക്ക് ശേഷം മകന്‍ ആത്മഹത്യ ചെയ്തുവെന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിക്കുന്നത്. മൃതദേഹം വീട്ടിലെത്തിച്ചപ്പോഴാണ് ആ മകന്റെ ഇരുകാലുകളും നഷ്ടപ്പെട്ടിരുന്നു എന്ന് ബന്ധുക്കള്‍ക്ക് മനസിലാകുന്നത്. ഭിന്നശേഷിക്കാരോടുള്ള സമൂഹത്തിന്റെ സമീപനം ഒരുകാലത്ത് ഇതായിരുന്നു എന്ന് വ്യക്തമാക്കുന്നതിന് ഉദ്ദേശിച്ചാണ് ഈ കഥ പലരും ഉദാഹരിക്കാറുണ്ടായിരുന്നത്.

കഥയില്‍ നിന്ന് സമൂഹവും സര്‍ക്കാരുകളും വളരെയധികം മുന്നോട്ടുപോയിട്ടുണ്ട്. ഭിന്നശേഷിക്കാരോട് സമൂഹത്തിന് മൊത്തത്തില്‍ പ്രത്യേക കരുതലും കൈത്താങ്ങുകളുമുണ്ട്. കുട്ടികളുടെ പഠനത്തിന് പ്രത്യേക സൗകര്യങ്ങളും മുതിര്‍ന്നുകഴിഞ്ഞാല്‍ സ്വയംപര്യാപ്തരാക്കുന്നതിന് സംരംഭ സഹായങ്ങള്‍ ഒരുക്കിയും തൊഴില്‍ സംവരണം നല്‍കിയും നാം അവരോട് പരിഗണന കാട്ടുന്നുമുണ്ട്. എങ്കിലും അതൊന്നും മതിയാകാത്ത ദുരിതങ്ങളാണ് മാനസികമായ ഭിന്നശേഷി നേരിടുന്നവരും അവരുടെ കുടുംബങ്ങളും നേരിടുന്നത്. ഇത്തരം അവസ്ഥയിലുള്ളവരും അവരുടെ കുടുംബങ്ങളും പറഞ്ഞറിയിക്കുവാനാകാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ നേര്‍ചിത്രമാണ് കഴിഞ്ഞ നാലു ദിവസങ്ങളിലായി കാണാതെ പോകരുത് ഈ ‘സ്പെഷ്യല്‍’ ജീവിതങ്ങള്‍ എന്ന തലക്കെട്ടില്‍ ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താ പരമ്പര. ശാരീരിക ഭിന്നശേഷിയുള്ള എല്ലാവരുടെയും പ്രശ്നങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതാണ്. അതേസമയം മാനസിക വെല്ലുവിളികള്‍ നേരിടുന്ന വ്യക്തികളും അവരുടെ കുടുംബങ്ങളും നേരിടുന്ന പ്രശ്നങ്ങള്‍ എത്രയോ വലുതാണെന്നും അതിന് പ്രത്യേക പരിഗണനയുണ്ടാകണമെന്നും പരമ്പരയിലെ വിവരങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.


ഇതുകൂടി വായിക്കൂ:മഞ്ഞപ്പുകയ്ക്കുള്ളിലെ നെെരാശ്യം…


കേരളത്തില്‍ ഈ വിഭാഗങ്ങളുടെ പ്രശ്നങ്ങളെ അനുഭാവപൂര്‍വം പരിഗണിച്ചുള്ള പദ്ധതികള്‍ പലതും ആവിഷ്കരിച്ചിട്ടുണ്ട്. ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള മാനസികാവസ്ഥ പൊതുസമൂഹം ആര്‍ജിച്ചിട്ടുമുണ്ട്. രാജ്യത്താകെ ഭിന്നശേഷി സമൂഹത്തെ കണ്ടെത്തുന്നതിന് പ്രധാനമായി ആശ്രയിക്കുന്നത് 10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന പൊതുജനസംഖ്യാ കണക്കെടുപ്പാണ്. അതാകട്ടെ 2021ലേത് ഇതുവരെ നടന്നിട്ടുമില്ല. അതുകൊണ്ട് 2011ലെ കണക്കുകളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. പക്ഷേ സാമൂഹ്യ ക്ഷേമ വകുപ്പിന് കീഴില്‍ കേരളം 2015ല്‍ പ്രത്യേക സെന്‍സസ് നടത്തുകയുണ്ടായി. അങ്കണവാടി ജീവനക്കാരെ ഉപയോഗിച്ച് നടത്തിയ ഈ സെന്‍സസിന് പുറമേ രജിസ്ട്രേഷനുള്ള നടപടികളും ഇപ്പോള്‍ സ്വീകരിച്ചിട്ടുണ്ട്. 2015ലെ സെന്‍സസില്‍ ഓട്ടിസം ബാധിച്ച 3,135, സെറിബ്രല്‍ പാള്‍സിയുള്ള 6,385 പേരെയാണ് കണ്ടെത്തിയത്. (ഏറ്റവും പുതിയ കണക്കുപ്രകാരം പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഈ വിഭാഗം വിദ്യാര്‍ത്ഥികളുടെ ആകെ എണ്ണം 8,883 ആണ്). ഇവ രണ്ടിനും പുറമെ മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുമുണ്ട്. മാനസിക‑ശാരീരിക വെല്ലുവിളികളുള്ളവരുടെ ആകെ എണ്ണം എട്ടുലക്ഷത്തോളമാണ്. ഭിന്നശേഷി സമൂഹത്തെ പൊതുവായാണ് കണക്കാക്കുന്നത് എന്നതിനാല്‍ മാനസിക വെല്ലുവിളി — അതിലെ തന്നെ മാരകമായ പ്രശ്നങ്ങള്‍ — നേരിടുന്നവര്‍ക്ക് പ്രത്യേക പരിഗണന ആവശ്യമുണ്ട്. ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ (എഎസ്‍ഡി), സെറിബ്രല്‍ പാള്‍സി എന്നിവയാണ് മാനസിക ഭിന്നതയിലെ വില്ലന്മാര്‍. ഇതുബാധിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരുടേതിനെക്കാള്‍ വലിയ മാനസിക പ്രശ്നങ്ങളും ഭൗതിക പ്രതിസന്ധികളുമാണ് അഭിമുഖീകരിക്കേണ്ടിവരുന്നത്.

എട്ടുലക്ഷത്തോളം ഭിന്നശേഷി വിഭാഗത്തിലെ ഒരു ശതമാനത്തോളമാണ് ഈ വിഭാഗം പരിമിതി നേരിടുന്നവര്‍. മാനസിക പരിമിതികള്‍ എല്ലാം ചേര്‍ന്നാലും രണ്ടര ശതമാനത്തോളമേ വരുന്നുള്ളൂ. ക്ലാസുകള്‍, പരിശീലനം, പരിചരണം എന്നിങ്ങനെ വീട്ടിലും സ്കൂളുകളിലും പൊതുവിടങ്ങളിലുമെല്ലാം പ്രത്യേക പരിഗണന വേണ്ടിവരുന്നവരാണിവര്‍. പല വിധത്തിലുള്ള സഹായങ്ങളും കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും പിന്തുണയായി കിട്ടുന്നവര്‍ അതിജീവിച്ചതിന്റെ നിരവധി കഥകളുമുണ്ട്. അതേസമയം അതിജീവനത്തിനാവശ്യമായ പരിചരണത്തിനുള്ള സാമ്പത്തിക ബാധ്യത കുടുംബങ്ങള്‍ക്ക് താങ്ങാനാകാത്തതിനാല്‍ പരിമിതികളോടെ തന്നെ ജീവിതം നയിക്കേണ്ടിവരുന്ന കുട്ടികളുണ്ട്. ആത്മഹത്യ ചെയ്ത കുടുംബങ്ങളുമുണ്ട്. അതിനാല്‍ ഇവരെ ചേര്‍ത്തുപിടിക്കുന്നതിനുള്ള പദ്ധതികള്‍ കൂടുതല്‍ വിപുലപ്പെടുത്തണം. ഇപ്പോള്‍ ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ പലതും പരിമിതമാണ്. അത് ഉയര്‍ത്തുന്നതിനുള്ള നടപടികളുണ്ടാകണം. കൂടാതെ കുരുന്നിലേ പരിചരിക്കുന്നതിനും ജീവിതത്തിന്റെ പൊതുധാരയിലേക്ക് ഇവരെയെത്തിക്കുന്നതിനും ഭാവിയിലും സംരക്ഷിക്കുന്നതിനുമുള്ള വിപുലമായ പദ്ധതി ആവിഷ്കരിക്കുന്നതിനും കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.

Exit mobile version