27 April 2024, Saturday

Related news

March 2, 2024
February 9, 2024
February 6, 2024
February 5, 2024
February 4, 2024
January 9, 2024
December 29, 2023
December 23, 2023
December 22, 2023
December 22, 2023

മഞ്ഞപ്പുകയ്ക്കുള്ളിലെ നെെരാശ്യം…

ദേവിക
വാതിൽപ്പഴുതിലൂടെ
December 18, 2023 4:45 am

കഴിഞ്ഞ ദിവസം ലോകസഭയ്ക്കുള്ളിലും പുറത്തുമായി നടന്ന പ്രതിഷേധങ്ങള്‍ക്ക് പേരിടാന്‍ നമുക്കെന്തു വെമ്പലായിരുന്നു. ഭീകരാക്രമണം, പുകയാക്രമണം, ദേശദ്രോഹം എന്നിങ്ങനെ നിരവധി സ്റ്റെെലന്‍ വിശേഷണങ്ങള്‍. എന്നാല്‍ പുകയാക്രമണത്തിലുയര്‍ന്ന ആ മഞ്ഞപ്പുകയ്ക്കുള്ളില്‍ നുരപൊന്തിയത് ഇന്ത്യന്‍ യുവതയുടെ നെെരാശ്യമായിരുന്നുവെന്ന് നാം എത്രപേര്‍ പറഞ്ഞു. ലോക്‌സഭയ്ക്കുള്ളില്‍ കടക്കാന്‍ പാസ് നല്കിയത് ബിജെപിയുടെ എംപി. പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ക്ക് സസ്പെന്‍ഷന്‍, പാസ് നല്കിയ ബിജെപിക്കാരന് മോഡി വക പ്രൊട്ടക്ഷന്‍. മഞ്ഞപ്പുക ഉയര്‍ത്തി പ്രതിഷേധിച്ചവര്‍ പാര്‍ലമെന്റാക്രമണത്തിന് മുതിര്‍ന്നില്ല. കൊടിയ തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരെ പ്രതിഷേധമുയര്‍ത്തുക മാത്രമാണ് അവര്‍ ചെയ്തത്. ഈ ‘പാര്‍ലമെന്റാക്രമണ’ കേസിലെ പ്രതികളുടെ ശരാശരി പ്രായം 30 മാത്രം. എല്ലാവരും വിദ്യാസമ്പന്നരും തൊഴില്‍രഹിതരും.

തൊഴിലിനുവേണ്ടി മുട്ടാത്ത വാതിലുകളില്ല. കാശുണ്ടെങ്കില്‍ പണിയെന്ന മുരത്ത അഴിമതിയുടെ കനത്ത വാതിലുകളാണെങ്ങും. ഇന്ത്യന്‍ ക്ഷുഭിത യൗവനത്തിന്റെ പരിച്ഛേദമായ ഈ മിടുക്കരെയാണ് നാം ആക്രമണകാരികളും ദേശദ്രോഹികളുമെന്ന് പേര് വിളിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ ദുരിതാവസ്ഥയ്ക്ക് കാരണക്കാരന്‍ പ്രധാനമന്ത്രി മോഡിയും സംഘി ഭരണകൂടവുമല്ലാതെ മറ്റാരാണ്. 142.776 കോടി ജനസംഖ്യയുള്ള രാജ്യത്ത് തൊഴിലുള്ളവര്‍ 52.2 കോടി മാത്രം. ബിരുദധാരികളില്‍ 45 ശതമാനത്തിനും തൊഴിലില്ല. 71 മുതല്‍ മോഡി അധികാരമേല്‍ക്കുന്നതുവരെയുള്ള കാലയളവില്‍ പത്ത് ലക്ഷം പേരില്‍ 36,690 പേരായിരുന്നു തൊഴില്‍രഹിതര്‍. മോഡി അധികാരമേറ്റശേഷം തൊഴില്‍രഹിതരുടെ സംഖ്യ കുതിച്ചുയര്‍ന്ന് പത്ത് ലക്ഷത്തില്‍ മുക്കാല്‍ ലക്ഷത്തോളമെത്തിയിരിക്കുന്നു. തൊഴിലുള്ളവരില്‍ മഹാഭൂരിപക്ഷവും നാമമാത്ര തൊഴിലുകള്‍ ചെയ്ത് ഉപജീവനം തേടുന്നവര്‍. അഡാനിയും അംബാനിയും ടാറ്റയും ബിര്‍ളയുമടങ്ങുന്ന കോര്‍പറേറ്റ് കുടുംബങ്ങളെ പാലൂട്ടി വളര്‍ത്താന്‍ മാത്രം ശ്രദ്ധിക്കുന്ന മോഡിക്കെവിടെ നേരം പട്ടിണിപ്പാവങ്ങള്‍ക്ക് ഒരു ചെറുതൊഴിലെങ്കിലുമുണ്ടാക്കാന്‍. ഓരോ വര്‍ഷവും തൊഴില്‍രഹിതരുടെ സംഖ്യ കോടികളിലേക്ക് പിന്നെയും ഉയരുന്നു. മോഡി ഭരണകൂടമാകട്ടെ സഹസ്രകോടികളുടെ അഴിമതിയില്‍ നീരാടി സംഘിഖജനാവ് വീര്‍പ്പിക്കുന്നു. പണമുണ്ടോ പണിയുണ്ട് എന്ന ദുരന്താവസ്ഥയിലേക്ക് വഴുതിവീഴുന്ന രാജ്യം. ഇത്തരമൊരു ദയനീയാന്തരീക്ഷത്തില്‍ വര്‍ണപ്പുക ഉയര്‍ത്തി പ്രതിഷേധിച്ച സംഘത്തിന് അഭിവാദ്യമര്‍പ്പിക്കുന്നതിനുപകരം അവരെ ആക്രമണകാരികളായി മുദ്രകുത്തുന്നവരെ ജീര്‍ണമനസ്കര്‍ എന്നല്ലാതെ മറ്റെന്ത് വിശേഷണ പദമാണുള്ളത്.


ഇതുകൂടി വായിക്കൂ: തൊഴിലില്ലായ്മാ വര്‍ധനവും ഘടനാപരമായ പ്രതിസന്ധിയും


കഴിഞ്ഞ വര്‍ഷം നക്ഷത്ര എന്ന ആറ് വയസുകാരി കുരുന്നിനെ പിതാവ് ശ്രീമഹേഷ് (38) കെെക്കോടാലികൊണ്ട് വെട്ടിക്കൊന്നു. ഒരു ദിവസം മദ്യലഹരിയില്‍ അയാള്‍ വീട്ടിലെത്തി ഏകാകിയായ കുഞ്ഞിനുനേരെ കോടാലി ഓങ്ങുമ്പോള്‍ ‘എന്നെ കൊല്ലരുതച്ഛാ, ഞാന്‍ അമ്മയുടെ വീട്ടിലേക്ക് പൊയ്ക്കൊള്ളാം’ എന്ന് കാലുപിടിച്ച് കരഞ്ഞപേക്ഷിച്ചു. അതവളുടെ അന്ത്യവചനങ്ങളായിരുന്നു. ആ കോടാലി കുഞ്ഞുകഴുത്തിനെ വെട്ടിമുറിച്ചു. കഴിഞ്ഞ ദിവസം വിചാരണയ്ക്ക് കൊണ്ടുപോയി മടങ്ങുമ്പോള്‍ ആ മനുഷ്യപിശാച് തീവണ്ടിയില്‍ നിന്നുചാടി ആത്മഹത്യ ചെയ്തുവെന്ന് കേട്ടപ്പോള്‍ ആര്‍ക്കും ദുഃഖം തോന്നിയില്ല. മദ്യപാനിയായ മകന്‍ കിടപ്പുരോഗിയായ പിതാവിനെ കട്ടിലിലിട്ട് വെട്ടിക്കൊന്നു. പിന്നെ അവിടെ വച്ചുതന്നെ തീകൊളുത്തി. തൃശൂരില്‍ ചന്ദ്രമതി എന്ന 68കാരിയെ മകന്‍ സന്തോഷ് കണ്ടം തുണ്ടമായി വെട്ടിക്കൊന്നു. അതും മദ്യലഹരിയില്‍. മൂന്നും നാലും വയസുള്ള പെണ്‍കിടാങ്ങളെ മദ്യലഹരിയില്‍ മാനഭംഗപ്പെടുത്തുന്ന വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ ചരമക്കോളത്തിന്റെ പ്രാധാന്യമേയുള്ളു എന്ന നിലയായി. ശാന്തമായ മലയാളി മനസിന്റെ താളംതെറ്റിക്കുന്നുവോ മദ്യവും രാസലഹരികളും എന്ന ചോദ്യത്തിന് സജീവ പ്രസക്തിയേറുന്നത് ഈ വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴാണ്.

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ വിറ്റഴിച്ചത് 14,508 കോടിയുടെ വിദേശമദ്യമാണ്. ഇതില്‍നിന്നും നികുതി വരുമാനമായി സര്‍ക്കാരിന് ലഭിച്ചത് 12,426 കോടി. മദ്യം നിരോധിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്നാണ് ചിലരുടെ വാദം. മദ്യം കിട്ടാതെ മാനസിക രോഗികള്‍ നാടാകെ അലഞ്ഞുനടക്കും. മദ്യരഹിത കേരളത്തില്‍ ആത്മഹത്യകള്‍ പെരുകുമെന്നും അവര്‍ പറഞ്ഞു. പക്ഷെ കോവിഡിന്റെ മൂര്‍ധന്യാവസ്ഥയില്‍ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറെക്കാലം സംസ്ഥാനത്തെ മുഴുവന്‍ ബിവറേജ് ഔട്ട്‌ലെറ്റുകളും ബാറുകളും കള്ളുഷാപ്പുകള്‍ പോലും അടഞ്ഞുകിടന്നു. അക്കാലയളവില്‍ ഇവിടെ തെരുവുകളില്‍ കുടിച്ചു ബോധരഹിതരായി കിടക്കുന്നവരെ കാണാതായി. മാനസികരോഗികള്‍ നാട്ടിലെമ്പാടും അലഞ്ഞുനടന്നില്ല. ആയിരക്കണക്കിന് ആത്മഹത്യകളുണ്ടാകുമെന്ന പ്രവചനവും പാളി. മദ്യമില്ലാക്കാലത്ത് ഇക്കാരണത്താല്‍ ആത്മഹത്യ ചെയ്തത് വെറും ആറുപേര്‍. ഇതില്‍ ഭൂരിപക്ഷവും കടുത്ത മദ്യപാനംമൂലം മാരകരോഗികളായി ആത്മഹത്യ ചെയ്തവര്‍. കുടുംബങ്ങളില്‍ ശാന്തത കളിയാടി. ഗാര്‍ഹിക പീഡനങ്ങള്‍ ഇല്ലാതായി. പണ്ട് ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ചാരായം നിരോധിച്ചത് മുതലുണ്ടായ വിദേശമദ്യ ദുരന്തങ്ങള്‍. 40 രൂപയ്ക്ക് രണ്ടുകവര്‍ ചാരായവും 10 രൂപയ്ക്ക് ഒരു പുഴുങ്ങിയ മുട്ടയും കഴിച്ച് ബാക്കിത്തുക മുഴുവന്‍ വീട്ടിലെത്തിച്ചവര്‍ക്ക് ഇന്ന് ഒരു പെഗ് വാങ്ങണമെങ്കില്‍ 100 രൂപ തികയില്ല. അഞ്ചും ആറും പെഗ്ഗടിച്ച് വീട്ടിലെത്താനാവാതെ വഴിയില്‍ കിടക്കുന്നവര്‍. ലഹരിയില്‍ നടക്കുന്ന മേല്‍പ്പറഞ്ഞ കൊലപാതകങ്ങള്‍. നമുക്ക് മധുരമനോഹര മനോജ്ഞ മദ്യരഹിത കേരളത്തിലേക്ക് മടങ്ങിയാലോ.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.