ആലപ്പുഴ ചേർത്തലയിലെ ജെയ്‌നമ്മ തിരോധാനക്കേസിൽ നിർണായക കണ്ടെത്തലുകൾ. പ്രതിയായ സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറ അതിരമ്പുഴ സ്വദേശിനി ജെയ്‌നമ്മയുടേതാണെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. സെബാസ്റ്റ്യൻ പണയം വയ്ക്കുകയും വിൽക്കുകയും ചെയ്ത സ്വർണാഭരണങ്ങളും ജെയ്‌നമ്മയുടേത് തന്നെയെന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്. ജെയ്‌നമ്മയുടെ ഫോൺ സിഗ്നലുകൾ അവസാനമായി ലഭിച്ചത് സെബാസ്റ്റ്യന്റെ വീടിന് സമീപത്തുനിന്നാണെന്നതും കേസിൽ നിർണായക തെളിവായി. ഈ ഫോൺ സെബാസ്റ്റ്യൻ ഉപയോഗിച്ചതിന്റെയും സിം റീചാർജ് ചെയ്തതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഫോൺ ഇതുവരെ കണ്ടെത്താനായിട്ടില്ല.
2024 ഡിസംബർ 20നാണ് ജെയ്‌നമ്മയെ കാണാതായത്. പ്രാർത്ഥനാ യോഗങ്ങളിൽവെച്ചാണ് ജെയ്‌നമ്മയെ പരിചയപ്പെട്ടതെന്നായിരുന്നു സെബാസ്റ്റ്യൻ പൊലീസിന് നൽകിയ മൊഴി. പ്രതി ഇതുവരെ കുറ്റം സമ്മതിച്ചിട്ടില്ലെങ്കിലും, ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെയുള്ള നിരവധി തെളിവുകൾ ലഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. കേസ് അന്വേഷണം അന്തിമഘട്ടത്തിലാണെന്ന് പൊലീസ് വ്യക്തമാക്കി.

