രണ്ടു വയസ്സുള്ള കുഞ്ഞിന്റെ തിരോധാനത്തിൽ വൻ വഴിത്തിരിവ്. കുഞ്ഞിനെ അമ്മയും അമ്മയുടെ മൂന്നാം ഭർത്താവും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. തമിഴ്നാട്ടിൽ വെച്ചാണ് കൊലപാതകം നടന്നത്. കുഞ്ഞിന്റെ അമ്മൂമ്മ നൽകിയ പരാതിയിൽ പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്ത തിരോധാന കേസാണ് കൊലപാതകമാണെന്ന കണ്ടെത്തലിൽ എത്തിച്ചത്. രണ്ടാം വിവാഹത്തിലെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ അമ്മയായ കലാസൂര്യ, തമിഴ്നാട്ടുകാരനായ കണ്ണൻ എന്ന മൂന്നാം ഭർത്താവുമായി തമിഴ്നാട്ടിലെ തെങ്കാശിയിലും മധുരയിലുമായി താമസിച്ച് വരികയായിരുന്നു. കുഞ്ഞില്ലാതെ അമ്മ നാട്ടിൽ തിരിച്ചെത്തിയതിൽ സംശയം തോന്നിയാണ് അമ്മൂമ്മ പൊലീസിനെ സമീപിച്ചത്.
പുനലൂർ പൊലീസ് അമ്മയെ ചോദ്യം ചെയ്തപ്പോൾ, മദ്യലഹരിയിൽ കണ്ണൻ കുഞ്ഞിനെ കൊലപ്പെടുത്തിയെന്ന് കലാസൂര്യ മൊഴി നൽകി. പിന്നീട് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ, കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്യാൻ കലാസൂര്യ കണ്ണനെ സഹായിച്ചതായും കണ്ടെത്തി. കണ്ണൻ ജോലി ചെയ്തിരുന്ന തമിഴ്നാട് ചിക്കാനുരുണിയിലെ കോഴിഫാമിൽ വെച്ച് ഒരു മാസം മുമ്പാണ് കൊലപാതകം നടന്നത്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ കണ്ണനെ പിടികൂടുകയും, ഇരുവരെയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തു. തുടർന്ന് കലാസൂര്യയയുമായി പൊലീസ് തമിഴ്നാട് മധുരയിൽ എത്തി അന്വേഷണം നടത്തി.

