തമിഴ് സൂപ്പർ താരം വിജയ്‌യുടെ റീ-റിലീസ് ചെയ്യാനിരുന്ന തെരിയുടെ പ്രദർശനം മാറ്റിവെച്ചു. ചിത്രം ജനുവരി 15ന് പൊങ്കൽ ദിനത്തിൽ റീ-റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ജനനായകന്റെ റിലീസ് തിയതിയിൽ മാറ്റം വന്നതും മറ്റ് സിനിമകളുടെ നിർമ്മാതാക്കളുടെ അഭ്യർത്ഥനയുമാണ് തെരിയുടെ റിലീസ് നീട്ടാൻ കാരണമായത്.
ജനനായകൻ കൂടാതെ ഈ ഉത്സവ സീസണിൽ മറ്റ് പല ചിത്രങ്ങളും ബോക്സ് ഓഫീസിൽ എത്താനുണ്ടെന്നും ആ ചിത്രങ്ങളുടെ നിർമ്മാതാക്കളുടെ താല്പര്യം സംരക്ഷിക്കാനാണ് ഈ തീരുമാനമെന്നും തെരിയുടെ നിർമ്മാതാവ് കലൈപുലി എസ് താണു വ്യക്തമാക്കി. 2016ൽ പുറത്തിറങ്ങി വലിയ വിജയം നേടിയ തെരി സംവിധാനം ചെയ്തത് അറ്റ്‌ലിയാണ്. സാമന്ത, എമി ജാക്സൺ എന്നിവർ നായികമാരായ ചിത്രം അച്ഛൻ-മകൾ ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ‘ബേബി ജോൺ’ എന്ന പേരിൽ വരുൺ ധവാനെ നായകനാക്കി നേരത്തെ പുറത്തിറങ്ങിയിരുന്നു.

