കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ സാമ്പത്തിക തര്‍ക്കങ്ങളില്‍ മത്സരം വേണ്ടെന്ന് സുപ്രീം കോടതി. കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെ കേരളത്തിനും തമിഴ്‌നാടിനും ശേഷം കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ബി ആര്‍ ഗവായ്, സന്ദീപ് മേത്ത എന്നിവരുള്‍പ്പെട്ട ബെഞ്ച് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കേന്ദ്ര സര്‍ക്കാരിന്റെ വിവേചനപരമായ നിലപാട് കര്‍ണാടകയിലെ ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ഹനിക്കാന്‍ കാരണമായി. സംസ്ഥാനത്തെ വരള്‍ച്ച സംബന്ധിച്ച് കേന്ദ്ര‑സംസ്ഥാന മന്ത്രിതല സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ ആറ് മാസമായിട്ടും കേന്ദ്രം നടപടി സ്വീകരിച്ചില്ല. ഇതുമൂലം ദേശീയ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും സംസ്ഥാനത്തിന് ലഭിക്കേണ്ട സഹായം തടഞ്ഞിരിക്കുകയാണെന്നും കര്‍ണാടക ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഒരു മാസത്തിനുള്ളില്‍ കേന്ദ്രം നടപടി സ്വീകരിക്കേണ്ടതായിരുന്നെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് 11 ദിവസം മാത്രം ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് കര്‍ണാടകം കോടതിയെ സമീപിച്ചിരിക്കുന്നതെന്ന ആക്ഷേപമാണ് കേന്ദ്രം കേസില്‍ ഉന്നയിച്ചത്. കോടതിയെ സമീപിക്കുംമുമ്പേ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കേണ്ടിയിരുന്നെന്നും അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ആക്ഷേപം ഉയര്‍ത്തി. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ സാമ്പത്തിക വിഷയങ്ങളില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങളും ബന്ധപ്പെട്ട വ്യവഹാരങ്ങളിലും കോടതി ആശങ്ക അറിയിച്ചു. സംസ്ഥാനങ്ങളുടെ സാമ്പത്തിക വിഷയങ്ങളില്‍ കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്കെതിരെ ഉത്തരവുകള്‍ തേടി സംസ്ഥാനങ്ങള്‍ പരമോന്നത കോടതിയെ സമീപിക്കുന്ന സാഹചര്യങ്ങള്‍ വര്‍ധിച്ചു വരുന്നതിനോട് അനുകൂല നിലപാടല്ല കോടതി സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ കടമെടുപ്പു പരിധിയില്‍ കേന്ദ്ര ഇടപെടലിനെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജിയിലും സമവായത്തിന്റെ നിര്‍ദേശമാണ് ആദ്യം കോടതി ഉന്നയിച്ചത്.
കര്‍ണാടകയുടെ കേസില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും നിര്‍ദേശങ്ങള്‍ തേടി കോടതിയെ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. നികുതി വീതംവയ്പ്, കേന്ദ്ര വിഹിതങ്ങള്‍, കടമെടുപ്പു പരിധി ഉള്‍പ്പെടെ സംസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് ബിജെപി ഇതര തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം കാട്ടുന്ന അവഗണന നേരത്തെ ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ അവഗണനയ്ക്കെതിരെ ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തിന് വന്‍ പിന്തുണയാണ് ലഭിച്ചത്.
English Summary: disbursement of funds—debt limit; Supreme Court is concerned about central-state disputes
You may also like this video