Site iconSite icon Janayugom Online

”വകതിരിവ് പഠിപ്പിക്കാന്‍ പറ്റുന്നതല്ല, ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ടതാണ്”; അജിത്ത് കുമാറിന്റെ ട്രാക്ടര്‍ യാത്രയിൽ പ്രതികരണവുമായി മന്ത്രി കെ രാജൻ

വകതിരിവ് പഠിപ്പിക്കാന്‍ പറ്റുന്നതല്ലെന്നും ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ടതാണെന്നും റവന്യു മന്ത്രി കെ രാജന്‍. എഡിജിപി എം ആര്‍ അജിത്ത് കുമാറിന്റെ ട്രാക്ടര്‍ യാത്രയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. “വകതിരിവ് എന്നത് ഓരോരുത്തരും ഉണ്ടാക്കിയെടുക്കേണ്ടതാണ്. അത് ഏതെങ്കിലും വിദ്യാലയങ്ങളില്‍ നിന്നോ സര്‍വകലാശാലകളില്‍ നിന്നോ പഠിപ്പിക്കേണ്ട കാര്യമല്ല. ഓരോരുത്തരുടെയും ശൈലിയും സ്വഭാവവും അനുസരിച്ചായിരിക്കും കാര്യങ്ങള്‍.” ഒരാള്‍ വിവാദത്തില്‍പെട്ട് കഴിഞ്ഞാല്‍ പിന്നീട് സൂക്ഷ്മത പാലിക്കേണ്ടതല്ലേയെന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം. 

തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ മാധ്യമ വാര്‍ത്തകള്‍ മാത്രമാണ് കണ്ടത്. കേട്ടറിവ് മാത്രമെയുള്ളൂ. പ്രതികരിക്കേണ്ടതാണെങ്കില്‍ അപ്പോള്‍ പ്രതികരിക്കാം. പൂരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണ സംഘത്തിന്റെ മുമ്പാകെ കൃത്യമായ മറുപടി നല്‍കിയിട്ടുണ്ട്. ആ മറുപടിയില്‍ ഉറച്ചുനില്‍ക്കുകയാണ്. ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെയുള്ള നടപടിയെക്കുറിച്ചല്ല. അവിടെയുണ്ടായ സംഭവങ്ങള്‍ തന്റെ ബോധ്യത്തിനനുസരിച്ചുള്ള കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version