പൊലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ മലപ്പുറത്തെ ഡിവൈഎസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി.
മലപ്പുറം എസ‌്പി എസ് ശശിധരനെ വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോയിലേക്ക് മാറ്റി. മലപ്പുറം ജില്ലയിലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പെടെ മുഴുവന്‍ സബ് ഡിവിഷനുകളിലെ ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റമുണ്ട്. പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയെ സസ്പെൻഡ് ചെയ്തു.
ഓഫിസിലെത്തിയ യുവതിയോട് ദുരുദ്ദേശ്യത്തോടെ പെരുമാറിയ ഡിവൈഎസ്‌പി എം വി മണികണ്ഠനെയാണ് സസ്പെന്‍ഡ് ചെയ്തത്. പരാതിയുമായെത്തിയ 26കാരിയെ അനുമതിയില്ലാതെ മണികണ്ഠൻ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ കയറ്റി ബസ് സ്റ്റാൻഡിൽ ഇറക്കിയത് സിസിടിവിയിൽ പതിയുകയും ചെയ്തു. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവങ്ങളിൽ ഇതിനുമുമ്പും ഡിവൈഎസ്പിക്കെതിരെ നടപടിയുണ്ടായിട്ടുണ്ട്.
വീട്ടമ്മ ബലാത്സംഗ ആരോപണം ഉന്നയിച്ച താനൂർ ഡിവൈഎസ്‌പി വി വി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്. പി അബ്ദുൾ ബഷീറിനെ തൃശൂർ റൂറൽ ജില്ലാ എസ്ബി, എ പ്രേംജിത്തിനെ തൃശൂർ എസ്എസ്ബി, സജു കെ അബ്രഹാമിനെ ട്രാഫിക് കൊച്ചി വെസ്റ്റ്, കെ എം ബിജുവിനെ ഗുരുവായൂർ, പി ഷിബുവിനെ വിഎസിബി തൃശൂർ, പി കെ സന്തോഷിനെ ക്രൈം ബ്രാഞ്ച്, പാലക്കാട്, മൂസ വള്ളിക്കാടനെ എസ്എസ്ബി പാലക്കാട് എന്നിവിടങ്ങളിലേയ്ക്കാണ് സ്ഥലം മാറ്റിയത്.
ഇവര്‍ക്ക് പകരമായി കെ എം പ്രവീൺകുമാർ (മലപ്പുറം ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച്), ടി എസ് സിനോജ് (മലപ്പുറം സബ് ഡിവിഷന്‍), ടി കെ ഷൈജു (പെരിന്തൽമണ്ണ എസ്‌ഡി), ഇ ബാലകൃഷ്ണൻ (തിരൂർ എസ്ഡി), കെ സി സേതു (കൊണ്ടോട്ടി എസ് ഡി), ജി ബാലചന്ദ്രൻ (നിലമ്പൂർ എസ് ഡി), പയസ് ജോർജ് (താനൂർ എസ്ഡി), എം യു ബാലകൃഷ്ണൻ (മലപ്പുറം എസ്എസ്ബി) എന്നിവരെ നിയമിച്ചിട്ടുണ്ട്. ആര്‍ വിശ്വനാഥാണ് പുതിയ മലപ്പുറം എസ‌്പി.
ഇതോടൊപ്പം ഐപിഎസ് തലപ്പത്തും അഴിച്ചുപണികളുണ്ട്. ക്രൈം ഐജി സിഎച്ച് നാഗരാജു ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാകും. എ അക്ബറെ എറണാകുളം ക്രൈം ബ്രാഞ്ചിലേക്ക് മാറ്റി. എസ് ശ്യാം സുന്ദർ സൗത്ത് സോൺ ഐജിയാകും.
ജയനാഥ് ജെ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്‌സ് മേധാവിയായി. പുട്ട വിമലാദിത്യ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാകും. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന് എറണാകുളം റേഞ്ച് ഡിഐജിയുടെ അധികചുമതല നല്‍കും. ഐസിടി സൈബര്‍ ഓപ്പറേഷന്‍ എസ‌്പി ഹരിശങ്കറിനെ പൊലീസ് ആസ്ഥാനത്തെ ഐജിയാക്കി.