വയനാട് ദുരന്തത്തില്‍ കേരളത്തിന് അര്‍ഹമായ സഹായങ്ങള്‍ നല്കാന് തയ്യാറാവാത്തതുള്‍പ്പെടെയുള്ള, കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന വിവേചനത്തിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി അഞ്ചിന് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിലും, ജില്ലകളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലുമാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. രാജ്ഭവനില്‍ നടക്കുന്ന പ്രക്ഷോഭം സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. കൊല്ലത്ത് ടി പി രാമകൃഷ്ണന്, പത്തനംതിട്ട മാത്യു ടി തോമസ്, ആലപ്പുഴ പി കെ ശ്രീമതി, കോട്ടയം ഡോ. എന്‍ ജയരാജ്, ഇടുക്കി അഡ്വ. കെ പ്രകാശ് ബാബു, എറണാകുളം പി സി ചാക്കോ, തൃശൂര്‍ കെ പി രാജേന്ദ്രന്, പാലക്കാട് എ വിജയരാഘവന്, മലപ്പുറം എളമരം കരീം, കോഴിക്കോട് ശ്രേയാംസ്കുമാര്‍, വയനാട് അഹമ്മദ് ദേവര്‍കോവില്‍, കണ്ണൂര്‍ ഇ പി ജയരാജന്, കാസര്‍കോട് ഇ ചന്ദ്രശേഖരന് എന്നിവര്‍ സമരം ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 മുതല്‍ ഒരു മണിവരെയാണ് പരിപാടി. മാര്‍ച്ചും ധര്‍ണയും വിജയിപ്പിക്കാന്‍ എല്ലാവരും രംഗത്തിറങ്ങണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന് പറഞ്ഞു.