Site iconSite icon Janayugom Online

എംഎൽഎ സ്ഥാനത്ത് നിന്നും നീക്കാൻ കോൺഗ്രസിൽ ചർച്ചകൾ സജീവം; രാഹുൽ മാങ്കൂട്ടത്തിന്റെ വാർത്താ സമ്മേളനം നേതാക്കൾ ഇടപെട്ട് റദ്ദാക്കി

എംഎൽഎ സ്ഥാനത്ത് നിന്നും നീക്കാൻ കോൺഗ്രസിൽ ചർച്ചകൾ സജീവമാകവെ രാഹുൽ മാങ്കൂട്ടത്തിന്റെ വാർത്താ സമ്മേളനം നേതാക്കൾ ഇടപെട്ട് റദ്ദാക്കി. നിയമസഭ സമ്മേളനത്തിന് മുമ്പ് രാജിവേണമെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. തനിക്കെതിരായി ഉയർന്ന പരാതികളിൽ വിശദീകരണം നൽകാൻ ആണ് രാഹുൽ വാർത്താ സമ്മേളനം വിളിച്ചത്. ശനിയാഴ്ച വൈകിട്ട് നാലരയ്ക്കു ശേഷം മാധ്യമങ്ങളെ കാണാമെന്ന് രാഹുൽ അറിയിച്ചിരുന്നെങ്കിലും വാർത്താസമ്മേളനം അവസാനനിമിഷം റദ്ദാക്കുകയായിരുന്നു.

ധാര്‍മികയുടെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവി രാജിവെക്കുന്നൂവെന്ന് പ്രഖ്യാപിച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് വീട്ടിനുള്ളില്‍ കയറിയ രാഹുല്‍ പിന്നീട് പൊതുമധ്യത്തിലേക്കിറിങ്ങിയിട്ടില്ല. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന ശബ്ദരേഖയടക്കം പുറത്തുവരികയും ജനങ്ങള്‍ക്കിടയില്‍ സംസാരമാകുകയും ചെയ്തതോടെ രാഹുലിനെ ഇനിയും ചുമന്നാല്‍ തദേശ–നിയമസഭ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. എംഎല്‍എ സ്ഥാനം കൂടി രാജിവെച്ചാല്‍ കടുത്ത നിലപാടെടുത്തെന്ന നേട്ടവും പാര്‍ട്ടിക്കുണ്ടാകുമെന്നും കരുതുന്നു. അതുകൊണ്ട് രാജിവെപ്പിക്കുമെന്ന സൂചന പ്രതിപക്ഷനേതാവ് പരസ്യമായി പ്രഖ്യാപിച്ചു. പാർട്ടിയിൽ രാജി ആവശ്യം ശക്തമാകുന്നതിനിടെ രാജി ആലോചനയിൽ പോലും ഇല്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം.

Exit mobile version