Site iconSite icon Janayugom Online

സംവാദങ്ങൾ ഗുണം ചെയ്‌തു ; കമലഹാരിസിന്റെ വിജയ സാധ്യത വർധിച്ചുവെന്ന് സർവ്വേകൾ

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി കമലഹാരിസിന്റെ വിജയ സാധ്യത വർധിച്ചുവെന്ന് വിവിധ സർവ്വേ റിപ്പോർട്ടുകൾ.ഡോണാൾഡ് ട്രംപുമായുള്ള കമലയുടെ സംവാദങ്ങൾ ഗുണം ചെയ്‌തുവെന്ന റിപ്പോർട്ടുകൾ ഡെമോക്രാറ്റുകൾക്ക് ആശ്വാസം പകരുന്നതാണ്. നിലവിലെ വിവിധ സർവേകൾ പ്രകാരം ഡോണൾഡ് ട്രംപ് വിജയിക്കാനുള്ള സാധ്യത 39 ശതമാനം മാത്രമാണെങ്കിൽ കമല ഹാരിസിന്റെ സാധ്യത 61 ശതമാനത്തിലേക്ക് ഉയർന്നു. പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിൽ ട്രംപിനായിരുന്നു മുൻ‌തൂക്കം. എന്നാൽ പിന്നീട് പോരാട്ടം ഇഞ്ചോടിഞ്ചായി . ഇരു
സ്ഥാനാർത്ഥികളും അതിശക്തമായ വാദങ്ങളാണ് ഉയർത്തിയത്. റിപ്പബ്ലിക്കൻ പാർട്ടിയിൽ നിരവധി സ്ഥാനമോഹികൾ ഉണ്ടായിരുന്നുവെങ്കിലും ട്രംപിനായിരുന്നു പിന്തുണ കൂടുതൽ. അമേരിക്കയുടെ ചരിത്രത്തിൽ ഇതുവരെ ഒരു വനിത പ്രസിഡന്റ് ആയിട്ടില്ല എന്നതും കമല ഹാരിസിനെ വേറിട്ട് നിർത്തുന്നു. 

തെരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന 538 മോഡലുകളിൽ മുൻതൂക്കം ഇപ്പോൾ കമല ഹാരിസിനാണ്. ഇപ്സോസ്-റോയിട്ടേഴ്സ് പോൾ പ്രകാരം ഒരു ശതമാനവും ആർഎംജി റിസേർച്ച് പോളിങ് അനുസരിച്ച് രണ്ട് പോയിന്റും മോണിങ് കൺസൾട്ടന്റ് പ്രകാരം രണ്ട് പോയിന്റും ബിഗ് വില്ലേജിന്റെ പോൾ പ്രകാരം ഒരു ശതമാനവും സോ​കാൾ സ്ട്രാറ്റജീസ് പ്രകാരം ഒരു പോയിന്റിന്റെ നേട്ടവും കമല ഹാരിസിനുണ്ട്. ദേശീയതലത്തിൽ നടത്തുന്ന പോളുകളിൽ കമലഹാരിസിന് ഡോണാൾ​ഡ് ട്രംപിനേക്കാൾ 2.9 പോയിന്റ് നേട്ടമുണ്ട്. സംവാദത്തിന് മുമ്പ് ഇത് 2.5 ശതമാനമായിരുന്നു. 0.4 ശതമാനം അധികനേട്ടം ഉണ്ടാക്കാൻ സംവാദത്തിന് ശേഷം കമല ഹാരിസിന് സാധിച്ചിട്ടുണ്ട്. അതേസമയം, പോളുകളുടെ ഫലങ്ങളിൽ ആധികാരികതയില്ലെന്ന വാദവും ഉയരുന്നുണ്ട്. 2016ലെ പൊതു തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റന് 90 ശതമാനം വിജയസാധ്യത പ്രവചിച്ചിരുന്നുവെന്നും എന്നാൽ, ഫലം മറ്റൊന്ന് ആവുകയായിരുന്നുവെന്നും ഈ വാദം ഉയർത്തുന്നവർ പറയുന്നു. 

Exit mobile version