Site iconSite icon Janayugom Online

ഉപതെരഞ്ഞെടുപ്പിലെ ദയനീയ പരാജയം; ബിജെപിയില്‍ പടയൊരുക്കം

ഉപതെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് പിന്നാലെ ബിജെപിയിലെ ഗ്രൂപ്പുകൾക്കെതിരെ പ്രവർത്തകരും ഒരു വിഭാഗം നേതാക്കളും രംഗത്ത്. പാലക്കാട്ടെ വൻ തിരിച്ചടിയും വയനാട്ടിലെ ദുർബല പ്രകടനവും സാമ്പത്തിക താല്പര്യത്തിന് വേണ്ടി നേതൃത്വം ബോധപൂർവം വരുത്തിവച്ചതാണെന്നാണ് പല ബിജെപി പ്രവർത്തകരും പറയുന്നത്. പാലക്കാട് കെ സുരേന്ദ്രൻ വിഭാഗത്തിന് താല്പര്യമുള്ള സി കൃഷ്ണകുമാറിന് സീറ്റ് നൽകിയപ്പോൾ വയനാട് എം ടി രമേശ് പക്ഷത്തിന് വേണ്ടി, ദുർബല സ്ഥാനാർത്ഥിയാണെന്ന് വ്യക്തമായിട്ടും നവ്യ ഹരിദാസിന് സീറ്റ് നൽകി പങ്കുകച്ചവടം നടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. പാർട്ടി കേന്ദ്ര നേതൃത്വം തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നൽകുന്ന പണം പങ്കിടുന്നതിന് വേണ്ടി ഇരു ഗ്രൂപ്പുകളും ധാരണയിലെത്തുകയായിരുന്നു. കുറഞ്ഞകാലം കൊണ്ട് മുപ്പത്തൊന്നായിരത്തിലധികം വോട്ടിന്റെ കുറവാണ് വയനാട്ടിൽ ബിജെപിക്കുണ്ടായത്. 

വിജയം നേടാൻ സാധ്യതയുണ്ടായിരുന്ന പാലക്കാട് അതെല്ലാം നഷ്ടപ്പെടുത്തുന്ന തരത്തിലേക്കാണ് ഗ്രൂപ്പ് കച്ചവടം കാര്യങ്ങൾ എത്തിച്ചതെന്നാണ് ബിജെപി വാട്സ് ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. ഇതേസമയമാണ് ഒരു ഗ്രൂപ്പിന്റെയും ഭാഗമല്ലാത്ത ചേലക്കരയിലെ സ്ഥാനാർത്ഥി വോട്ടുവിഹിതം വർധിപ്പിച്ചത്. ഇതിലൂടെ പാർട്ടിയുടെ ജയസാധ്യതകൾ മറന്ന് വ്യക്തിതാല്പര്യത്തിന് പിന്നാലെ നേതൃത്വം പോകുന്നതായാണ് വ്യക്തമാകുന്നതെന്നും ആക്ഷേപമുണ്ട്. 

പാലക്കാട് സംസ്ഥാന അധ്യക്ഷൻ നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നെന്ന് സന്ദീപ് വചസ്പതി ഫേസ്ബുക്കിൽ കുറിച്ചത് നേതാക്കൾക്കിടയിലെ പ്രതിഷേധത്തെയാണ് സൂചിപ്പിക്കുന്നത്. സംഘടനാ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കെ സുരേന്ദ്രനോട് ചോദിക്കണമെന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ പ്രതികരണം. തങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് സീറ്റ് തരപ്പെടുത്തുന്നതിലപ്പുറം പ്രചരണ രംഗത്ത് സജീവമാകാൻ പോലും ഇരുവിഭാഗം നേതാക്കളും തയ്യാറാകുന്നില്ല. പി കെ കൃഷ്ണദാസ്, എം ടി രമേശ് എന്നിവരുടെ നിർബന്ധത്തിലാണ് നവ്യ ഹരിദാസ് വയനാട്ടിലേക്ക് എത്തുന്നത്. 

പാലക്കാട് തന്നോടൊപ്പം നിൽക്കുന്ന സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിത്വത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനിടെ വയനാട്ടിൽ കെ സുരേന്ദ്രൻ മൗനം പാലിക്കുകയും ചെയ്തു. എന്നാൽ പ്രചരണ വേളയിൽ വയനാട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാൻ കെ സുരേന്ദ്രൻ വിഭാഗമോ പാലക്കാട്ടെ കാര്യങ്ങളിൽ പി കെ കൃഷ്ണദാസ്-എം ടി രമേശ് പക്ഷമോ താല്പര്യം കാണിച്ചില്ല. തെരഞ്ഞെടുപ്പ് ഫണ്ടിനപ്പുറം പാലക്കാട് സ്ഥാനാർത്ഥി വിജയിക്കണമെന്ന ചിന്ത കെ സുരേന്ദ്രൻ വിഭാഗത്തിനും ഉണ്ടായിരുന്നില്ലെന്നാണ് ആക്ഷേപം. സന്ദീപ് വാര്യരെ ഒപ്പം നിർത്താൻ പോലും നേതൃത്വം ഇടപെടൽ നടത്തിയില്ല. പാലക്കാട് ബിജെപി തോൽവിയിൽ ഒരു നായർക്കും വാര്യർക്കും പങ്കില്ലെന്ന് പറഞ്ഞൊഴിയുകയാണ് സി കൃഷ്ണകുമാർ ചെയ്തത്. ഉപതെരഞ്ഞെടുപ്പിലെ പതിവ് കണക്കുകൾ പറഞ്ഞ് ന്യായീകരിക്കുക മാത്രമാണ് കെ സുരേന്ദ്രനും ചെയ്തത്. തങ്ങളുടെ ഗ്രൂപ്പിൽ പെട്ട ആളുകളെ സ്ഥിരമായി സ്ഥാനാർത്ഥികളാക്കി പണം തട്ടുന്ന സംഘമായി ഇരു ഗ്രൂപ്പുകളും മാറിയെന്നാണ് പല പാർട്ടി പ്രവർത്തകരും വ്യക്തമാക്കുന്നത്. 

Exit mobile version