എഐസിസി അംഗമായ കെ വി തോമസിനെ കെപിസിസി അധ്യക്ഷൻ എങ്ങനെ പുറത്താക്കാനാകുമെന്ന ചോദ്യത്തിന് മറുപടിയില്ലാതെ കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് ഭരണഘടനാപ്രകാരം എഐസിസി അംഗത്തെ പുറത്താക്കാൻ കോൺഗ്രസ് അധ്യക്ഷയ്‌ക്കും അച്ചടക്ക സമിതിക്കും മാത്രമാണ് അധികാരമുള്ളത്.
കെ സുധാകരൻ കെപിസിസി അധ്യക്ഷനായശേഷമാണ് കേരള ഘടകം കെ വി തോമസിനെ അവഗണിച്ചു തുടങ്ങിയത്. ഇക്കാര്യം അദ്ദേഹം സോണിയയെ അറിയിച്ചിരുന്നു. സുധാകരന്റെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും നേതൃത്വത്തിൽ കേരള ഘടകം സ്വീകരിക്കുന്ന വികസനവിരുദ്ധ സമീപനവും ശ്രദ്ധയിൽ കൊണ്ടുവന്നു. അതുകൊണ്ടുതന്നെ തോമസിനെ പുറത്താക്കിയെന്ന പ്രസ്‌താവന പുറപ്പെടുവിക്കാൻ സോണിയ താൽപ്പര്യപ്പെട്ടില്ലെന്ന സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് അറിയിപ്പ് കെപിസിസി പ്രസിഡന്റിന്റേതായി പുറത്തുവന്നത്. കെപിസിസിയുടെ നടപടിക്ക് എഐസിസിയുടെ അംഗീകാരമുണ്ടെന്നു സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഉദയ്‌പ്പുരിൽ മാധ്യമങ്ങളോട് പറഞ്ഞു. കെപിസിസി നടപടിയെടുത്തതിൽ തെറ്റൊന്നുമില്ലെന്നാണ് അവകാശവാദം.
ഭരണഘടനാ വിരുദ്ധമല്ലേയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി വേണുഗോപാലിനുമില്ല. നടപടിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും പിന്തുണച്ചു. പുറത്താക്കാൻ സുധാകരന് അധികാരമില്ല.തന്നെ പുറത്താക്കിയെന്നുപറയാൻ കെ സുധാകരന് അധികാരമില്ലെന്നും കോൺഗ്രസ് ഭരണഘടനയും പാരമ്പര്യവും സുധാകരന് അറിയില്ലെന്നും കെ വി തോമസ്. എഐസിസി അംഗമായ താൻ പാർടി അച്ചടക്കം ലംഘിച്ചെന്ന് കെപിസിസി അറിയിച്ചാൽ അച്ചടക്കസമിതി ചേർന്ന് വിശദീകരണം ചോദിച്ച ശേഷമെ പുറത്താക്കാൻ കഴിയൂ. കെപിസിസി എക്‌സിക്യൂട്ടീവിൽനിന്നും രാഷ്ട്രീയകാര്യസമിതിയിൽനിന്നും ഒഴിവാക്കിയെന്ന അറിയിപ്പുമാത്രമാണ് ഏപ്രിൽ 27ന് കിട്ടിയത്. അതനുസരിച്ച് ഇപ്പോഴും എഐസിസി, കെപിസിസി അംഗമാണ് കെ വി തോമസ് പറഞ്ഞു.
കെപിസിസി പ്രസിഡന്റാക്കിയില്ലെങ്കിൽ ബിജെപിയിലേക്കു പോകാൻ മടിക്കില്ലെന്നുപറഞ്ഞ സുധാകരൻ, തെരഞ്ഞെടുക്കപ്പെട്ടല്ല കെപിസിസി അധ്യക്ഷനായത്. അതേസമയം, താൻ മത്സരത്തിലൂടെ കുമ്പളങ്ങി ഏഴാം വാർഡ് പ്രസിഡന്റും ഡിസിസി പ്രസിഡന്റും കെപിസിസി ട്രഷററുമായ ആളാണ്. എംപിയും എംഎൽഎയും ആയതും തെരഞ്ഞെടുപ്പിലൂടെയാണ്; നാമനിർദേശം വഴിയല്ല. വി ഡി സതീശനും കെ സുധാകരനും ദേശീയ നേതൃത്വത്തിലെ ചിലരുമായിചേർന്ന് കേരളത്തിലെ കോൺഗ്രസിനെ ഹൈജാക്ക് ചെയ്‌തു. സതീശൻ പ്രതിപക്ഷ നേതാവായത് അർഹതയില്ലാതെയാണ്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിന് എഐസിസി അയച്ച നിരീക്ഷകൻ മല്ലികാർജുൻ ഖാർഗെയോട് ഭൂരിപക്ഷം എംഎൽഎമാരും പറഞ്ഞത് രമേശ് ചെന്നിത്തലയുടെ പേരാണ്.
എന്നാൽ, ഹൈക്കമാൻഡിൽ അട്ടിമറിച്ചാണ് സതീശൻ നേതാവായത്. കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും വിട്ടുനിന്നത് അതിൽ പ്രതിഷേധിച്ചാണ്. അതുകൊണ്ടുമാത്രമാണ് സുധാകരന് പ്രസിഡന്റായത്.തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ പ്രതിഷേധമുള്ള കോൺഗ്രസ് നേതാക്കളെ തനിക്കറിയാം. സുധാകരന്റെ പുറത്താക്കൽ ഭീഷണി ഭയന്നാണ് അവർ മിണ്ടാത്തത്. എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിത്തുടങ്ങിയതായും കെ വി തോമസ് പറഞ്ഞു.
English Summary:Dismissal of KV Thomas: Congress in the dark
You may also like this video: