ഇന്ത്യയുടെ അഭിമാന സ്തംഭമായ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഇന്ത്യന്‍ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ സന്ദേശവുമായാണ് സ്വകാര്യ തീവണ്ടികളുടെ കടന്നുവരവ്. കോടിക്കണക്കിന് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന രാജ്യത്തെ ഏറ്റവും വലിയ പൊതുയാത്രാ സംവിധാനമാണ് റെയില്‍വേ. ജൂണ്‍ നാലിന് 18-ാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങുമ്പോള്‍ കേരളത്തിന്റെ തലസ്ഥാനനഗരമായ തിരുവനന്തപുരത്തെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് ഗോവയിലേക്ക് ഒരു സ്വകാര്യ തീവണ്ടി പുറപ്പെടുന്നുണ്ടാകും. നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് റെയില്‍വേയുടെ പാതകളിലൂടെ സ്വകാര്യ തീവണ്ടികള്‍ക്ക് സഞ്ചരിക്കാനുള്ള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. “ഭാരത് ഗൗരവ് യാത്ര” എന്ന ഈ പദ്ധതി പ്രകാരം ഗോവ, മുംബൈ, അയോധ്യ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാമെന്നാണ് അധികൃതര്‍ പറയുന്നത്. ചെന്നൈ ആസ്ഥാനമായ എസ്ആര്‍എംപിആര്‍ ഗ്രൂപ്പാണ് പദ്ധതിക്ക് പിന്നില്‍. ഇന്ത്യന്‍ റെയിലില്‍ നിന്ന് വാങ്ങിയ 600 സീറ്റുകളുള്ള ട്രെയിനുകളാണ് ഇവര്‍ ഉപയോഗിക്കുന്നത്.
ലോകത്തിലെയും, രാജ്യത്തെയും ഏറ്റവും വലിയ തൊഴില്‍ദാതാക്കളില്‍ ഇന്ത്യന്‍ റെയില്‍വേയും, കരസേനയും ഉള്‍പ്പെടുന്നു. വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 14 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്ക് എട്ടാം സ്ഥാനവും 13 ലക്ഷം പേര്‍ക്ക് തൊഴിലവസരമൊരുക്കുന്ന കരസേനയ്ക്ക് ഒമ്പതാം സ്ഥാനവും. രാജ്യത്ത് റെയില്‍വേയ്ക്ക് ഒന്നും കരസേനയ്ക്ക് രണ്ടും സ്ഥാനമാണ്. പൊതുമേഖലാ കമ്പനികള്‍ പടിപടിയായി വിറ്റു കാശാക്കാന്‍ പലതരം നയങ്ങള്‍ നടപ്പാക്കുന്ന സര്‍ക്കാര്‍, ഇവ കാര്യക്ഷമമായി നടപ്പാക്കാനും ലാഭം വര്‍ധിപ്പിക്കാനും ഒരു പദ്ധതിയും ആവിഷ്കരിച്ചില്ല. ‘വിത്തെടുത്ത് കുത്തുക’ എന്ന നിലപാടാണ് തുടരുന്നത്. പൊതുമേഖലാ സ്ഥാപനങ്ങള്‍ കാര്യക്ഷമമാക്കിയാല്‍ വന്‍ലാഭവും, തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനും അടിസ്ഥാന സൗകര്യമേഖല വികസിപ്പിക്കാനും കഴിയും. ഓഹരി വില്പനയിലൂടെ ലഭിക്കുന്നതിനെക്കാള്‍ തുക ലാഭവിഹിതത്തിലൂടെയും, നികുതിയിലൂടെയും ഇതിനു മുമ്പ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചുകൊണ്ടിരുന്നതാണ്.
തുറമുഖം, വിമാനത്താവളം, റെയില്‍വേ, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ ഉള്‍പ്പെടെ 74 പൊതുമേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയോ, തന്ത്രപരമായ പങ്കാളിക്ക് വില്പന നടത്തുകയോ ചെയ്യണമെന്നാണ് നിതി ആയോഗ് ശുപാര്‍ശ സമര്‍പ്പിച്ചിട്ടുള്ളത്. എയര്‍ ഇന്ത്യ വിമാനം ടാറ്റയ്ക്ക് കൈമാറിയപ്പോള്‍ നൂറില്‍പ്പരം വിമാനങ്ങളും, വിദഗ്‌ധരായ ജീവനക്കാരും, ലോകമെമ്പാടും പാര്‍ക്കിങ് കേന്ദ്രങ്ങളും ഇതര സൗകര്യങ്ങളുമുണ്ടായിരുന്നു. 45,000 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന ഈ സ്ഥാപനം 18,000 കോടി രൂപയ്ക്കാണ് വിറ്റത്. സ്വകാര്യവല്‍ക്കരണത്തിന്റെ പാതയില്‍ നില്‍ക്കുന്ന 38 ലക്ഷം കോടി രൂപയിലേറെ ആസ്‌തിയുള്ള എല്‍ഐസിയുടെ മൂല്യം നിശ്ചയിച്ചിരിക്കുന്നത് 13 ലക്ഷം കോടി രൂപയാണ്.
സ്വകാര്യ തീവണ്ടികള്‍ നമ്മുടെ ട്രാക്കുകള്‍ കയ്യേറിത്തുടങ്ങിയത് 2019 മുതലാണ്. ലഖ്‌നൗ-ഡല്‍ഹി പാതയില്‍ തേജ് എക്സ്പ്രസിലൂടെ തുടങ്ങിയ പരീക്ഷണ ഓട്ടം ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിനില്‍ക്കുന്നു. 2022 ജൂണിലാണ് ആദ്യത്തെ സമ്പൂര്‍ണ സ്വകാര്യ ട്രെയിന്‍ സര്‍വീസിന് തുടക്കം കുറിച്ചത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ നിന്ന് മഹാരാഷ്ട്രയിലെ ഷിര്‍ദിയിലേക്കായിരുന്നു ആദ്യയാത്ര. വലിയ പ്രതിഷേധങ്ങള്‍ക്കിടയിലാണ് ഈ യാത്ര നടന്നത്. വില്പനയ്ക്ക് വച്ച റെയില്‍വേ മേഖലയിലേക്ക് കടന്നുകയറാന്‍ കണ്ണുംനട്ട് വിദേശ കമ്പനികളടക്കം 20ലേറെ വന്‍കിട കോര്‍പറേറ്റുകള്‍ രംഗത്തുണ്ട്. 10 പാതകളിലായി 150 സ്വകാര്യ തീവണ്ടികള്‍ അടുത്ത സാമ്പത്തികവര്‍ഷം തന്നെ ട്രാക്കുകളിലിറക്കുമെന്നാണ് റിപ്പോര്‍ട്ട്. നാല് വര്‍ഷത്തിനകം 400 റെയില്‍വേ സ്റ്റേഷനുകള്‍ വില്‍ക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. 90 പാസഞ്ചര്‍ ട്രെയിനുകളും 1400 കിലോമീറ്റര്‍ ട്രാക്കും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുമത്രേ.
നിതി ആയോഗ് തയ്യാറാക്കിയ നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ ലക്ഷ്യമനുസരിച്ച് സ്വകാര്യവല്‍ക്കരിക്കാന്‍ പാകത്തില്‍ റെയില്‍വേ സ്ഥാപനങ്ങള്‍ പ്രത്യേക കമ്പനികളാക്കും. കോച്ച് ഫാക്‌ടറികളും, എന്‍ജിന്‍, വീല്‍ നിര്‍മ്മാണ യൂണിറ്റുകളും ഒറ്റക്കമ്പനിയാക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് സജീവ് സന്യല്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ശുപാര്‍ശകള്‍. രാജ്യത്തെ വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ട്രെയിനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പാളങ്ങള്‍ എന്നീ അഞ്ച് മേഖലകള്‍ പാട്ടത്തിന് നല്‍കാനാണ് തീരുമാനം. സ്റ്റേഷനുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനു മുന്നോടിയായി റെയില്‍വേ അധീനതയിലുള്ള ഭൂമി, സ്വകാര്യ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും പാട്ടത്തിന് നല്‍കും. ഏക്കര്‍കണക്കിന് ഭൂമിയാണ് ഒരു ചതുരശ്രമീറ്ററിന് ഒരു രൂപ നിരക്കില്‍ പാട്ടത്തിന് നല്‍കുക.
രാജ്യത്തെ 23 സ്റ്റേഷനുകള്‍ക്കായി ടെന്‍ഡര്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ രണ്ടാം ഘട്ടത്തില്‍ എ കാറ്റഗറിയിലുള്ള 50 എണ്ണം ദക്ഷിണ റെയില്‍വേയ്ക്ക് കീഴിലാണ്. പാലക്കാട് തിരുവനന്തപുരം ഡിവിഷനുകള്‍ക്ക് കീഴിലെ 25 സ്റ്റേഷനുകള്‍ ഇതില്‍പ്പെടും. സ്റ്റേഷനുകളുടെ വികസനത്തിനാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനെന്ന പേരിലാണ് കേന്ദ്രസര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണം. സ്റ്റോപ്പ് വെട്ടിക്കുറച്ചും പുതിയ ട്രെയിന്‍ അനുവദിക്കാതെയും കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രം സംസ്ഥാനത്തിന്റെ റെയില്‍ ഗതാഗതത്തെ അവഗണിക്കുകയാണെന്നും ടിക്കറ്റ് വരുമാനക്കുറവ് ചൂണ്ടിക്കാട്ടി പാലക്കാട് ഡിവിഷന്‍ പൂട്ടാന്‍ ശ്രമിക്കുകയാണെന്നും വാര്‍ത്തകളുണ്ട്. ടിക്കറ്റ് നിരക്കും ചരക്കുഗതാഗതം കൈകാര്യം ചെയ്യുന്നതും ഉള്‍പ്പെടെ 2023–24 സാമ്പത്തിക വര്‍ഷം നേടിയത് 1691.17 കോടിയാണ്. ഈ സാഹചര്യത്തിലാണ് പാലക്കാട് ഡിവിഷന്‍ പൂട്ടാന്‍ ശ്രമിക്കുന്നതെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.
1951ല്‍ ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍ക്കരിക്കപ്പെട്ടു. 1995ല്‍ ആവിഎന്‍ജിന്‍ തീവണ്ടികള്‍ നിര്‍ത്തലാക്കി. വെെകാതെ ഡീസല്‍ എന്‍ജിന്‍ തീവണ്ടികളും കുറച്ചുകൊണ്ട് ഇലക്‌ട്രിക് തീവണ്ടികള്‍ കൂടുതലായി ഓടിത്തുടങ്ങി. മെട്രോ തീവണ്ടികളും ഇന്നു നമുക്കുണ്ട്. കന്യാകുമാരി മുതല്‍ കശ്‌മീര്‍ വരെയുള്ള മനുഷ്യരെ ഒറ്റച്ചരടില്‍ കോര്‍ത്തെടുക്കാന്‍ കഴിയുന്ന മഹാശൃംഖലയാണ് ഇന്ത്യന്‍ റെയില്‍വേ.
രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 2014 ല്‍ 16.9 ലക്ഷം തൊഴിലുണ്ടായിരുന്നത് 2022 ആയപ്പോഴേക്കും 14.6 ലക്ഷമായി കുറഞ്ഞു. പ്രതിവര്‍ഷം രണ്ടുകോടി ജോലികളുടെ വാഗ്‌ദാനം നല്‍കുന്നവര്‍ തൊഴില്‍ സൃഷ്ടിക്കുന്നതിനുപകരം ലക്ഷക്കണക്കിന് ജോലി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ഥിരം ജോലിക്കു പകരം കരാര്‍ ജോലികള്‍ ഇരട്ടിയാക്കി. ഇന്ത്യന്‍ ജനതയില്‍ 55 ശതമാനത്തോളം പേര്‍ 25 വയസില്‍ തഴെയുള്ളവരാണ്. 11,000 ചെറുകിട സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയതുവഴി പതിനായിരക്കണക്കിനു പേര്‍ക്ക് തൊഴില്‍ നഷ്‌ടപ്പെട്ടു. എന്നാല്‍ മറുവശത്ത് സമ്പന്നരുടെ എണ്ണം ഒമ്പതു വര്‍ഷം കൊണ്ട് 55 പേരില്‍ നിന്ന് 166 ആയി വര്‍ധിച്ചു.
രാജ്യത്തിന്റെ ആകെ സമ്പത്തിന്റെ 41 ശതമാനവും കയ്യാളുന്നത് ഒരു ശതമാനം വരുന്ന സമ്പന്നരാണ്. സ്വദേശ‑വിദേശകുത്തകകള്‍ക്ക് നയാപൈസ പോലും മുടക്കാതെ ചുളുവില്‍ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന ഏര്‍പ്പാടാണ് കേന്ദ്രത്തിന്റെ സ്വകാര്യവല്‍ക്കരണം. പൊതുമേഖലാ സ്ഥാപനങ്ങള്‍ കാര്യക്ഷമമാക്കിയാല്‍ വന്‍ലാഭം നേടാനും മറ്റുമേഖലകളില്‍ മുതല്‍മുടക്കാനും കഴിയും. ഓഹരിവില്പനയിലൂടെ ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ തുകയാണ് സര്‍ക്കാരിന് ലാഭ വിഹിതമായി ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷങ്ങളില്‍ കേന്ദ്രഖജനാവില്‍ എത്തിയിട്ടുള്ളത് ലാഭവിഹിതം മാത്രമല്ല ഇതിന്റെ എത്രയോ ഇരട്ടി നികുതി കൂടിയാണ്.