നിയമസഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി മണ്ഡലത്തിലെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷമാകുന്നു. മണ്ഡലത്തിനു പുറത്തു നിന്നും മുതിര്‍ന്ന നേതാക്കളെ ഇറക്കാനുള്ള പാര്‍ട്ടി നേതൃത്വത്തിന് വന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. പ്രാദേശിക നേതൃത്വം പുറത്തുനിന്നുള്ളവരെ കെട്ടിയിറക്കാനുള്ള നേതാക്കളുടെ തീരുമാനത്തിനെതിരേ ശക്തമായി രംഗത്തു വന്നിരിക്കുകയാണ്. കൊടുവള്ളി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി മാത്രമായിരിക്കണം മത്സരിക്കേണ്ടതെന്നാണ് അവരുടെ നിലപാട്.
ഇതു സംബന്ധിച്ച് മുസ്ലീലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സാലാമിന് പ്രാദേശിക ഘടകങ്ങള്‍ കത്തും നല്‍കിയിരിക്കുകയാണ്. മണ്ഡലത്തിന് പുറത്തുള്ള നേതാക്കളായ കെഎംഷാജി, പികെഫിറോസ് എന്നിവരിൽ ഒരാളെ കൊടുവള്ളി മണ്ഡലത്തിൽ പരിഗണിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് മണ്ഡലം കമ്മിറ്റി എതിർപ്പ് അറിയിച്ചത്. നിലവിലെ എംഎൽഎയായ എംകെ മുനീർ കോഴിക്കോട് സൗത്തിലേക്ക് മാറാൻ തീരുമാനിച്ചതോടെയാണ് കൊടുവള്ളിയിൽ ലീഗ് പുതിയ സ്ഥാനാർഥിയെ ഇറക്കുന്നത്.
വീണ്ടും കൊടുവള്ളിയില്‍ നിന്നും മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന സാഹചര്യമുള്ളതിനാലും, പ്രാദേശികമായ എതിര്‍പ്പും കാരണമാണ് മുനീര്‍ മണ്ഡലം വിടുന്നതെന്നു ലീഗ് അണികള്‍ തന്നെ പറയുന്നു,കൊടുവള്ളിയിലെ തന്നെ നേതാക്കളെ പരിഗണിച്ചാൽ ലീഗ് ജില്ലാ പ്രസിഡൻ്റ് എംഎറസാഖ് മാസ്റ്റർ, ജില്ലാ സെക്രട്ടറി എ പി മജീദ് മാസ്റ്റർ, മണ്ഡലം പ്രസിഡൻ്റും മുൻ എംഎൽഎയുമായ വി എം ഉമ്മർ മാസ്റ്റർ എന്നിവരിലൊരാൾക്കായിരിക്കും നറുക്ക് വീഴുക. മുസ്ലീം ലീഗിന് വിഭാഗീയത പ്രശ്നങ്ങൾ ഉള്ള മണ്ഡലം കൂടിയാണ് കൊടുവള്ളി.

