ലക്ഷദ്വീപിൽ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ച കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നടപടിക്കെതിരെ, അയോഗ്യനാക്കപ്പെട്ട എംപി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയെ സമീപിച്ചു. തന്റെ അയോഗ്യതയ്ക്കു കാരണമായ വിചാരണക്കോടതി വിധിക്കെതിരായ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. ഇക്കഴിഞ്ഞ പതിനൊന്നിനാണ് എൻസിപി നേതാവായ മുഹമ്മദ് ഫൈസലിനെ 2017ലെ വധശ്രമക്കേസിൽ സെഷൻസ് കോടതി പത്തു വർഷം തടവിനു ശിക്ഷിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഫൈസലിനെ ലോക്‌സഭാംഗത്വത്തിൽനിന്ന് അയോഗ്യനാക്കുകയായിരുന്നു. വിചാരണക്കോടതി വിധിക്കെതിരെ ഫൈസൽ നൽകിയ അപ്പീൽ ഹൈക്കോടതി 20ന് പരിഗണിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പു കമ്മിഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വിഷയം ഹൈക്കോടതി പരിഗണിക്കാനിരിക്കെ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചത് നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. മുഹമ്മദ് ഫൈസലിന്റെ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ഇന്നു ചീഫ് ജസ്റ്റിസിനു മുന്നിൽ അഭിഭാഷകർ ഉന്നയിക്കും.
English Summary: Disqualified MP Faizal approaches SC against EC notification on Lakshadweep LS bypoll
You may also like this video