ഭാഗ്യക്കുറി നറുക്കെടുപ്പിൽ ജേതാക്കളാകുന്നവർക്ക് സമ്മാനത്തുക നൽകുമ്പോൾ ആദായ നികുതി ഈടാക്കാൻ തങ്ങൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് ഭാഗ്യക്കുറി വകുപ്പ് . 10,000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുകയ്ക്ക് നിലവിൽ 30 ശതമാനമാണ് ആദായനികുതിയായി ഈടാക്കുന്നത്. ഈടാക്കുന്ന തുക വകുപ്പ് യഥാസമയം ആദായ നികുതിയായി ഒടുക്കി വരുന്നുമുണ്ട്. എന്നാൽ ഇതിനു പുറമെ അൻപത് ലക്ഷത്തിന് മുകളിലുള്ള ഉയർന്ന സമ്മാന തുകകൾക്ക് സർച്ചാർജും , സെസും നൽകുകയെന്നത് പാൻകാർഡ് ഉടമകളായ സമ്മാനജേതാക്കളുടെ ഉത്തരവാദിത്വമാണെന്നും വകുപ്പ് വ്യക്തമാക്കി.
സമ്മാനാർഹർ നൽകേണ്ട നികുതിയെക്കുറിച്ച് ഭാഗ്യക്കുറി വകുപ്പ് കൃത്യമായി അറിയിക്കാത്തതിനാൽ വലിയ തുകകൾ സമ്മാനമായി ലഭിക്കുന്നവർക്ക് സാമ്പത്തിക ബാധ്യതയുണ്ടാവുന്നു എന്ന പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ വിശദീകരണം .
ഭാഗ്യക്കുറി സമ്മാനർഹർ മാത്രമല്ല ‚50 ലക്ഷത്തിൽ കൂടുതൽ തുക വരുമാനമായി ലഭിക്കുന്ന ഏതൊരു പൗരനും സർച്ചാർജും സെസും യഥാസമയം ഒടുക്കേണ്ടതുണ്ടെന്ന് ആദായനികുതി ചട്ടങ്ങളിൽ നിഷ്കർഷിക്കുന്നുണ്ട്.
ഭാഗ്യക്കുറി സമ്മാനാർഹർക്കായി പരിശീലന പരിപാടി സംഘടിപ്പിക്കാൻ വകുപ്പ് പദ്ധതി തയ്യാറാക്കുന്നുണ്ട്. ധന മാനേജ്മെന്റിന് കൂടി സഹായകമാവുന്ന ഈ പരിശീലനം ഓണം ബമ്പർ നറുക്കെടുപ്പിനു ശേഷം ആരംഭിക്കും . നികുതികൾ സംബന്ധിച്ച അവബോധം കൂടി ഇതിൽ ഉൾപ്പെടുത്തുമെന്നും ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു.
English Summary: distribution of lottery prizes; This is due to the fact that those who receive a large amount of money as a gift have a financial burden
You may like this video also