Site iconSite icon Janayugom Online

നവകേരള സൃഷ്ടിക്ക് കരുത്തേകാന്‍ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത നവകേരള സൃഷ്ടിക്ക് കരുത്തേകുന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് വാര്‍ഷിക ബജറ്റ്. കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കിയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കിയും ജില്ലാ പഞ്ചായത്തിന്റെ 2022–23 ബജറ്റ് വൈസ് പ്രസിഡന്റ് അഡ്വ. എ ഷൈലജാ ബീഗം അവതരിപ്പിച്ചു. തലസ്ഥാന നഗരിയുടെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ 850 കോടി(850,92,82,405) വരവും 844 കോടി( 844,12,32,179) കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് വാര്‍ഷിക ബജറ്റ്.

കാര്‍ഷികം, ക്ഷീര വികസനം, പ്രാദേശിക സാമ്പത്തിക വികസനം, ടൂറിസം, പരമ്പരാഗത വ്യവസായം, പൊതുമരാമത്ത്, യുവജനക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, പട്ടികജാതി പട്ടികവര്‍ഗ വികസനം തുടങ്ങി പശ്ചാത്തല വികസന മേഖലകളിലെ സമഗ്ര പുരോഗതിക്ക് സഹായകരമാകുന്ന നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രകൃതിയേയും പ്രകൃതി സമ്പത്തുക്കളേയും സംരക്ഷിച്ചും ഉപയോഗപ്പെടുത്തിയും ജൈവവൈവിധ്യങ്ങളില്‍ അധിഷ്ടിതമായ സാധ്യതകളെ പ്രയോജനപ്പെടുത്തിയും മനുഷ്യന്റെ വികാസം ഉറപ്പിക്കുക എന്നതാണ് ബജറ്റിലെ വികസന സങ്കല്പം. ജില്ലാ പഞ്ചായത്ത് മോഡല്‍ ജെന്‍ഡര്‍ ബജറ്റാണ് 2022–23 മുതല്‍ വിഭാവനം ചെയ്യുന്നത്. സ്ത്രീപക്ഷ നവകേരളത്തിനായി ജില്ലാ ആശുപത്രികളില്‍ സുരക്ഷ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കുകള്‍ സ്ഥാപിക്കും. സ്ത്രീജന്യ ജീവിത ശൈലീ രോഗങ്ങള്‍ക്ക് പ്രത്യേക ചികിത്സാക്കൂട് പദ്ധതിയും വിഭാവനം ചെയ്യുന്നു.

അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ മുതല്‍ വയോജനങ്ങള്‍ വരെയുള്ള എല്ലാ തലമുറയില്‍പ്പെട്ടവരുടെയും സുരക്ഷിത കവചമായി പദ്ധതികളെ മാറ്റാനാണ് ലക്ഷ്യം. പുതിയ പദ്ധതികള്‍ക്ക് പുറമേ ഭരണസമിതി നടപ്പിലാക്കി വിജയിപ്പിച്ച ‘പാഥേയം’ ഉള്‍പ്പെടെയുള്ള മാതൃകാ പദ്ധതികളെ വരും വര്‍ഷങ്ങളിലും ജില്ലാപഞ്ചായത്ത് ഏറ്റെടുക്കും. കഴിഞ്ഞ കാലങ്ങളില്‍ ജില്ലാ പഞ്ചായത്തിന് ലഭ്യമായ അവാര്‍‍ഡ് തുകകള്‍ മനുഷ്യ നന്മക്കായി പ്രയോജനപ്പെടുത്തുന്ന വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കും. പൊതുജനാരോഗ്യ‑പൊതുവിദ്യാഭ്യാസ മേഖലകളില്‍ പുതിയ പദ്ധതികളിലൂടെ മികച്ച സംരക്ഷണവും സൗകര്യങ്ങളും വിപുലപ്പെടുത്തും.

 

കാര്‍ഷിക മേഖലയ്ക്ക് കൈനിറയെ

2022–23 വര്‍ഷത്തെ ബജറ്റില്‍ കാര്‍ഷിക മേഖലയ്ക്ക് മാത്രമായി 14,96,25,000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ആയിരം ഹെക്ടറോളം വരുന്ന പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്യുന്നതിനായി ആവിഷ്കരിച്ച് വിജയകരമായി നടപ്പാക്കിവരുന്ന കേദാരം പദ്ധതി തുടര്‍ പദ്ധതിയായി ബജറ്റില്‍ തുക അനുവദിക്കും. ഒരു വാര്‍ഡില്‍ 500 തെങ്ങിന്‍തൈകള്‍ നടുവാന്‍ താല്പര്യമുള്ള ഗ്രാമത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പരിപാലിക്കുന്നതിനും കേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള കേരാമൃതം പദ്ധതിക്ക് പ്രത്യേകമായി രണ്ട് കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. പുഷ്‌പ കൃഷിയും പച്ചക്കറി കൃഷിയും സമഗ്ര പുരയിട കൃഷിയും ബ്ലോക്ക് ഗ്രാമപഞ്ചായത്തുകളും എംജിഎന്‍ആര്‍ഇജിഎസും ചേര്‍ന്ന് സംയുക്ത പദ്ധതി നടപ്പിലാക്കും. നല്ല മാതൃകകള്‍ക്ക് പ്രോത്സാഹന സമ്മേളനവും ഏര്‍പ്പെടുത്തും. ബജറ്റില്‍ ജൈവ ഗ്രാമം എന്ന ആശയം ഉള്‍ക്കൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്.

ജൈവ കേന്ദ്രങ്ങളില്‍ നെറ്റ്‍വര്‍ക്ക് മാര്‍ക്കറ്റിങ് സംവിധാനം നടപ്പിലാക്കുകയും ഗ്രൂപ്പുകള്‍ക്കും വ്യക്തികള്‍ക്കും ജൈവ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഔട്ട്‌ലെ‌‌റ്റുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയും ജില്ലാ പഞ്ചായത്ത് നടപ്പിലാക്കും.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സഹകരണ വകുപ്പിന്റെയും സംയുക്ത പദ്ധതികളുടെ മാതൃക ഇടമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിനെ മാറ്റുമെന്നതാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം. നെല്‍കൃഷിക്ക് ഹെക്ടര്‍ ഒന്നിന് ജില്ലാ പഞ്ചായത്ത് വിഹിതമായ 8,500 രൂപ നല്‍കി നെല്‍കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കേദാരം സമഗ്ര നെല്‍കൃഷി പദ്ധതിക്ക് ഒന്നരക്കോടി രൂപ ബജറ്റില്‍ വകയിരുത്തി. ഫാമുകളില്‍ കാലാവസ്ഥാ നിരീക്ഷണത്തിനായി ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നതും മറ്റൊരു പ്രഖ്യാപനമാണ്.

വിദ്യാഭ്യാസ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കുവാന്‍ ഊന്നല്‍ നല്‍കും. യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും മികച്ച ഗ്രൗണ്ടുകള്‍ ഒരുക്കുന്നതിന് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് സ്റ്റേഡിയം നിര്‍മ്മാണത്തിനുള്ള സ്ഥലംകണ്ടെത്തി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് രണ്ട് കോടി രൂപ ബജറ്റില്‍ വകയിരുത്തി. നിലവിലുള്ള സ്റ്റേഡിയങ്ങള്‍ക്ക് അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിനായി എന്‍ആര്‍ജിഎസും ആയി ചേര്‍ന്ന് പദ്ധതികളും ആവിഷ്കരിക്കും.

ആരോഗ്യ മേഖലയില്‍ സമഗ്രമായ പ്രഖ്യാപനങ്ങള്‍

തിരുവനന്തപുരം ജില്ലാപഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കി ഗ്രാമീണ ജനതയ്ക്ക് നൂതനവും അത്യാധുനികവുമായ ആതുരശുശ്രൂഷ അനുഭവവേദ്യമാക്കും. ഇതോടൊപ്പം ജില്ലയിലെ പാലിയേറ്റീവ് കേന്ദ്രങ്ങള്‍ക്ക് ഊര്‍ജം പകരുന്നതിന് വിതുര, പേരൂര്‍ക്കട, നെടുമങ്ങാട് എന്നിവിടങ്ങളില്‍ സെക്കന്‍ഡറി പാലിയേറ്റീവ് വാര്‍ഡുകള്‍ സജ്ജമാക്കുന്നതിന് ബജറ്റില്‍ തുക അനുവദിച്ചു.

പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എച്ച്ഡിഎഫ്സി ബാങ്കിന്റെ സിഎസ്ആര്‍ വിഹിതമായ ഒരു കോടി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഓക്സിജന്‍ പ്ലാന്റിന്റെ അനുബന്ധ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിനായി ഒന്നരക്കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ഓക്സിജന്‍ പ്ലാന്റിന്റെ അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഒരു കോടി രൂപയാണ് ബജറ്റില്‍ പ്രഖ്യാപിച്ചത്.

വൃക്ക രോഗികള്‍ക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തുകൊടുക്കുകയും ലിവര്‍ ട്രാന്‍സ‌്പ്ലാന്റേഷന്‍, കിഡ്നി ട്രാന്‍സ‌്പ്ലാന്റേഷന്‍ തുടങ്ങിയ സര്‍ജറി ചെയ്തവര്‍ക്ക് തുടര്‍ചികിത്സയ്ക്കും മരുന്നിനും സഹായം നല്‍കുന്ന ആശ്വാസ് പദ്ധതിക്ക് ബജറ്റില്‍ രണ്ട് കോടി രൂപ വകയിരുത്തി. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുമായി സഹകരിച്ച് ജില്ലയിലെ പ്രത്യേകതകള്‍ കൂടി ഉള്‍കൊണ്ടുള്ള പുതിയ പദ്ധതി ഏറ്റെടുക്കുകയും ചെയ്യും. അര്‍ബുദ ബാധിതര്‍ക്കായി കീമോതെറാപ്പിയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് സൗജന്യ മരുന്ന് ഉറപ്പ് വരുത്തുന്ന അന്‍പ് പദ്ധതിയും ബജറ്റിലെ പ്രഖ്യാപനങ്ങളിലൊന്നാണ്.

പട്ടിക ജാതി പട്ടികവര്‍ഗ വിഭാഗത്തിന് പ്രത്യേക കരുതല്‍

തിരുവനന്തപുരം ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി ചേര്‍ന്ന് പഠനമുറി സംയുക്ത പദ്ധതിക്കായി മൂന്ന് കോടി രൂപയും മെറിട്ടോറിയസ് സ്കോളര്‍ഷിപ്പിന് രണ്ട് കോടി രൂപയും ബജറ്റില്‍ തുക അനുവദിച്ചു. എസ്‍സി മേഖലയിലെ കോളനികളുടെ സമഗ്രവികസനത്തിനും എസ്‍സി സങ്കേതങ്ങളിലേക്കുള്ള റോഡ് നിര്‍മ്മാണത്തിനും മെയിന്റനന്‍സിനുമായി 10 കോടി രൂപ യാണ് നീക്കിവച്ചത്

യുവത എന്ന പേരില്‍ എസ്‍സി — എസ്‍ടി വിഭാഗത്തില്‍പ്പെട്ട ബിഎസ‌്സി നഴ്സിങ്, ജനറല്‍ നഴ്സിങ്, എന്‍ജിനീയറിങ്, പിജിഡിസിഎ, ഐടി പ്രെഫഷണല്‍ രംഗത്തുള്ളവര്‍ക്കും തൊഴില്‍ ഉറപ്പുവരുത്തുന്നതിനായി ഒരു കോടി രൂപ അനുവദിച്ചു. ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം വര്‍ധിപ്പിക്കുന്നതിനുമായി ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച വനജ്യോതി പദ്ധതി കൂടുതല്‍ സങ്കേതങ്ങളിലേക്ക് വ്യപിപ്പിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചു. ഇവയ്ക്കൊപ്പം വനജ്യോതി ട്രൈബല്‍ മേഖലയില്‍ സാമൂഹ്യ പഠന ക്ലാസിന് 50 ലക്ഷം രൂപയും ബജറ്റില്‍ വിലയിരുത്തിയിട്ടുണ്ട്. ജില്ലയില്‍ നിലവിലുള്ള 108 ഊരുകൂട്ടങ്ങളില്‍ വോളന്റിയര്‍മാരെ 10 മാസത്തേക്ക് നിയമിക്കുന്ന പദ്ധതിയും ജില്ലാ പഞ്ചായത്ത് ബജറ്റില്‍ വിഭാവനം ചെയ്തിട്ടുണ്ട്.

ഹരിത ടൂറിസം പദ്ധതിക്ക് 25 ലക്ഷം

ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമുകളില്‍ ഹരിത ടൂറിസം പദ്ധതിക്കായി 25 ലക്ഷം രൂപ ബജറ്റില്‍ തുക അനുവദിച്ചു. മൃഗസംരക്ഷണ ഫാമുകളും കാര്‍ഷിക ഫാമുകളും നാമമാത്ര ഫീസ് വാങ്ങി ടൂറിസ്റ്റുകള്‍ക്ക് ആകര്‍ഷകമായ തരത്തില്‍ പദ്ധതി ആവിഷ്കരിക്കും. കൂടാതെ അരുവിക്കരയില്‍ ടൂറിസം വകുപ്പുമായി ചേര്‍ന്ന് ടൂറിസം വികസനത്തിനായി സംയുക്ത പദ്ധതി രൂപീകരിക്കുകയും ചെയ്യും. പോത്തന്‍കോട് ബ്ലോക്കില്‍ വെള്ളാനിക്കല്‍ പാറയില്‍ തുടര്‍സൗകര്യങ്ങള്‍ക്കായി 25 ലക്ഷം രൂപ അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിനായി അനുവദിച്ചു. വെള്ളായണി കായല്‍ ശുചീകരണത്തിനായി 50 ലക്ഷം രൂപ ദൈനംദിന ശുചീകരണ പ്രവര്‍ത്തനത്തിനായി ബജറ്റില്‍ വകയിരുത്തി.

മൃഗസംരക്ഷണം, ക്ഷീര വികസനം മേഖലകളില്‍ പ്രത്യേക ഊന്നല്‍

 

ചെറ്റച്ചല്‍ ജെഴ്സി ഫാമില്‍ ഷെഡുകളുടെ നവീകരണത്തിനും 100 പുതിയ പശുക്കളെ അധികം വളര്‍ത്തുന്നതിനും ഒരു കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. വിതുരയിലും ചെറ്റച്ചല്‍ ജെഴ്സി ഫാമിലും തരിശുഭൂമിയില്‍ പുല്‍കൃഷി വ്യാപിപ്പിക്കുന്നതിനും വേണ്ടി 25 ലക്ഷം രൂപ വകയിരുത്തി.

ഒരു ഗുണഭോക്താവിന് കറവപശുവിനെ വാങ്ങുന്നതിന് 4,000 രൂപ ക്രമത്തില്‍ ഒരു സംഘത്തിന് രണ്ട് ലക്ഷം രൂപ വരെ നല്‍കുന്ന പദ്ധതിക്ക് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ക്ഷീര കര്‍ഷകര്‍ക്കുള്ള ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്തുകള്‍ ഓരോ രൂപ വീതവും ക്ഷീര വകുപ്പ് നല്‍കുന്ന ഒരു രൂപയും ചേര്‍ത്ത് ക്ഷീരകര്‍ഷകര്‍ക്ക് ഒരു ലിറ്റര്‍ പാലിന് നാല് രൂപ നല്‍കുന്ന ക്ഷീരസമൃദ്ധി പദ്ധതിക്ക് രണ്ട് കോടി അന്‍പത് ലക്ഷം രൂപ വകയിരുത്തിയതാണ് മറ്റൊരു പ്രഖ്യാപനം.

മത്സ്യമേഖലയില്‍ പുതിയ പദ്ധതികള്‍

 

പൊതുജലാശയത്തില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്നതിനായി 10 ലക്ഷം രൂപ ജില്ലാപഞ്ചായത്ത് അനുവദിച്ചു. ജില്ലയിലെ വെള്ളായണി കായല്‍, അഞ്ചുതെങ്ങ് കായല്‍, ഇടവ കായല്‍ എന്നിവിടങ്ങളില്‍ വിവിധതരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതിയാണിത്.

ലൈവ് ഫിഷ് സ്റ്റാള്‍ തുടങ്ങുന്നതിനായി 30 ലക്ഷം രൂപയുടെ പ്രഖ്യാപനവും ബജറ്റിലുണ്ടായി. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് വല മെയിന്റനന്‍സ് ചെയ്യുന്നതിനായി നെറ്റ് മെന്‍ഡിങ് യാര്‍ഡ് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ ബജറ്റില്‍ നീക്കിവച്ചു. ബയോ ഫ്ലോക്ക്, വീട്ടുവളപ്പിലെ മത്സ്യകൃഷി തുടങ്ങിയ മത്സ്യം വളര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്കായി ഒരു കോടി രൂപയും ബജറ്റില്‍ പ്രഖ്യാപിച്ചു.

Exit mobile version