Site iconSite icon Janayugom Online

കോണ്‍ഗ്രസില്‍ ഭിന്നത; ഘടകകക്ഷികളും രംഗത്ത്

ബലാത്സംഗവും വധശ്രമവുമുള്‍പ്പെടെയുള്ള ഗുരുതരമായ വകുപ്പുകളില്‍ പ്രതിയായ പാര്‍ട്ടി എംഎല്‍എയ്ക്കെതിരെയുള്ള നടപടിയില്‍ കോണ്‍ഗ്രസ് ധര്‍മ്മസങ്കടത്തില്‍.
ദിവസങ്ങളോളമായി ഒളിവില്‍ കഴിയുന്ന എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി സ്വീകരിക്കാന്‍ കഴിയാതെ നാണക്കേടിലായിരിക്കുകയാണ് സംസ്ഥാന നേതൃത്വം. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കളും ലീഗ് ഉള്‍പ്പെടെയുള്ള യുഡിഎഫിലെ കക്ഷികളും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ കെപിസിസി നേതൃത്വം കടുത്ത സമ്മര്‍ദ്ദത്തിലാണ്.

വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അത് ലഭിച്ചാല്‍ നടപടിയുണ്ടാകുമെന്നും വാദിച്ച് കുറച്ച് ദിവസങ്ങള്‍ തള്ളിനീക്കിയ നേതാക്കള്‍, ഇന്നലെയാണ് എല്‍ദോസിന്റെ വിശദീകരണം ലഭിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുന്നത്. എന്നാല്‍ അത് വായിച്ചുനോക്കാന്‍ സമയം കിട്ടിയില്ലെന്നും പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. 

എല്‍ദോസ് ഒളിവില്‍പ്പോയത് നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും പാര്‍ട്ടിക്ക് ഇത് നാണക്കേടാണെന്നും കെപിസിസി പ്രസിഡന്റ് പറയുന്നു. പാര്‍ട്ടി ഭാരവാഹിത്വങ്ങളില്‍ നിന്ന് നീക്കം ചെയ്ത് തല്‍ക്കാലം മുഖം രക്ഷിക്കാമെന്നൊരു വാദമാണ് നേതാക്കള്‍ക്കിടയിലുള്ളത്. മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അത് ചൂണ്ടിക്കാട്ടി നടപടി മാറ്റിവയ്ക്കാമെന്നുള്ള വാദവും ഉയരുന്നുണ്ട്. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെയുള്ളത് ഗുരുതരമായ കുറ്റമാണെന്നും അതിനാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് യുഡിഎഫിലെ മറ്റ് കക്ഷികളുടെ ആവശ്യം. എല്‍ദോസിനെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് മുന്നണിക്കുതന്നെ വലിയ നാണക്കേടുണ്ടാക്കുമെന്ന് ഇവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. 

Eng­lish Summary:Division in Con­gress; Con­stituents are also present
You may also like this video

Exit mobile version