Site iconSite icon Janayugom Online

തദ്ദേശ സീറ്റ് വിഭജനം; യുഡിഎഫിൽ കലാപം

തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലിയുള്ള തർക്കം യുഡിഎഫിന്റെ അടിത്തറയിളക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനദിവസം നാടകീയ രംഗങ്ങളാണ് കോഴിക്കോട് ഡിസിസി ഓഫീസിൽ അരങ്ങേറിയത്. തെരഞ്ഞെടുപ്പില്‍ കോർപറേഷൻ ചുമതലയുള്ള രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ സ്ഥാനാർത്ഥി നിർണയചർച്ച നടക്കുന്നതിനിടെയായിരുന്നു ഈ സംഭവങ്ങളെല്ലാം. ഘടകക്ഷികൾക്ക് സീറ്റ് നൽകുന്നത് സംബന്ധിച്ച് പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കുന്നില്ലെന്ന് ആരോപിച്ച് അണികൾ പല പ്രദേശങ്ങളിലും പരസ്യമായി രംഗത്തെത്തി. കോർപറേഷനിലെ 60ാം ഡിവിഷനായ ചാലപ്പുറം സിഎംപിക്ക് നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഡിസിസി ഓഫീസിലെത്തി ഏറെനേരം പ്രതിഷേധിച്ചു. പ്രശ്നത്തിന് പരിഹാരമുണ്ടാകാത്തതിനെത്തുടർന്ന് കോൺഗ്രസ് ചാലപ്പുറം മണ്ഡലം പ്രസിഡന്റ് എം അയ്യൂബ് ഉൾപ്പെടെ 12 ഭാരവാഹികൾ ഡിസിസി അധ്യക്ഷന് രാജിക്കത്ത് കൈമാറി. കോൺഗ്രസ് സ്ഥിരമായി മത്സരിക്കുന്ന വാർഡിൽ ഇത്തവണ സിഎംപിയിലെ വി സജീവിനെ സ്ഥാനാർത്ഥിയായി നേതൃത്വം കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 

സീറ്റ് സിഎംപിക്ക് നൽകിയതിൽ അമർഷം പരസ്യമാക്കി കഴിഞ്ഞദിവസം വാർഡിൽ കോൺഗ്രസ് പ്രവർത്തകർ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചിരുന്നു. അതേസമയം, യുഡിഎഫ് വോട്ടർമാർ ഏറെയുള്ള പ്രദേശം മുഖദാർ വാർഡിനോട് കൂട്ടിച്ചേർത്തതോടെ ചാലപ്പുറം യുഡിഎഫിന് നഷ്ടമാകുമെന്ന ആശങ്കയിലാണ് പ്രദേശത്ത് സുസമ്മതനായ സജീവിനെ നിർത്താനുള്ള സിഎംപി തീരുമാനത്തെ പിന്തുണച്ചതെന്ന് കോൺഗ്രസ് ജില്ലാ നേതൃത്വം പറയുന്നു.സ്ഥാനാർത്ഥിത്വം നിഷേധിച്ചതോടെ കോർപറേഷൻ നടക്കാവ് കൗൺസിലറും കോൺഗ്രസ് നേതാവുമായ അൽഫോൺസാ മാത്യു രാജിവെച്ച് ആംആദ്മി പാർട്ടിയിൽ ചേർന്നു. മാവൂർ റോഡ് വാർഡിൽ മത്സരിക്കുമെന്ന് അൽഫോൺസ അറിയിച്ചു. സീറ്റ് കിട്ടാത്തവർ പാർട്ടി മാറുന്നത് വലിയ കാര്യമല്ലെന്നായിരുന്നു ഇതുസംബന്ധിച്ച് രമേശ് ചെന്നിത്തലയുടെ പ്രതികരണം. പ്രശ്നങ്ങൾ കാര്യമാക്കുന്നില്ലെന്ന് നേതൃത്വം പറയുമ്പോഴും സ്ഥാനാർത്ഥി നിർണ്ണയത്തിൽ വലിയ പ്രതിസന്ധിയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം നേരിടുന്നത്. 

ജില്ലയിലെ കോൺഗ്രസിൽ പടലപ്പിണക്കങ്ങൾ തുടരുന്നതിനിടെ ചലച്ചിത്ര സംവിധായകൻ വി എം വിനുവിനെ കോഴിക്കോട്ടെ മേയർ സ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കാനുള്ള നീക്കവും കോൺഗ്രസ് നേതൃത്വം ആരംഭിച്ചിട്ടുണ്ട്. പാറോപ്പടി ഡിവിഷനിലോ ചേവായൂർ ഡിവിഷനിലോ വിനുവിനെ മത്സരിപ്പിക്കാനാണ് നീക്കം. മത്സരിക്കാൻ വി എം വിനു സന്നദ്ധത അറിയിച്ചതായാണ് സൂചന. സ്ഥാനാർത്ഥി മോഹികളായ കോൺഗ്രസ് നേതാക്കൾ ഇതിനെ എങ്ങിനെ സ്വീകരിക്കുമെന്ന കാര്യത്തിലും നേതൃത്വത്തിന് ആശങ്കയുണ്ട്.
കോഴിക്കോട് കോർപറേഷനിലേക്കുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നലെ പ്രഖ്യാപിച്ചു. 22 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചത്. ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും സർപ്രൈസ് സ്ഥാനാർത്ഥികൾ വരുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. 

Exit mobile version