Site iconSite icon Janayugom Online

തദ്ദേശവാര്‍ഡ് വിഭജനം: കരട് വിജ്ഞാപനം ; ഡിസംബര്‍ മൂന്നുവരെ പരാതികള്‍ നല്‍കാം

സംസ്ഥാനത്തെ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകള്‍ പുനര്‍നിര്‍ണയിച്ചതിന്റെ കരട് വിജ്ഞാപനം ഇന്ന് പ്രസിദ്ധീകരിക്കും. തദ്ദേശ സ്ഥാപനങ്ങളിലും ഡി ലിമിറ്റേഷന്‍ കമീഷന്റെ വെബ്സൈറ്റിലും കരട് പ്രസിദ്ധപ്പെടുത്തും. പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ മൂന്നുവരെ അറിയിക്കാം. പരാതികള്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലോ അതാത് കലക്ടറേറ്റിലും ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഓഫീസിലും സമര്‍പ്പിക്കാം.

ഇതു പരിശോധിച്ച് കമ്മീഷണര്‍ നേരിട്ട് സിറ്റിങ് നടത്തിയശേഷം അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും.2011 ലെ സെന്‍സസിലെ ജനസംഖ്യ, തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ എണ്ണം പുതുക്കി നിശ്ചയിച്ച 2024 ലെ സര്‍ക്കാര്‍ ഉത്തരവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് വാര്‍ഡ് പുനര്‍ വിഭജനം. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തയ്യാറാക്കിയ ക്യൂ ഫീല്‍ഡ് ആപ് ഉപയോഗിച്ചാണ് വാര്‍ഡുകളുടെ ഭൂപടം തയ്യാറാക്കിയിട്ടുള്ളത്.

അതതു തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ തയ്യാറാക്കി ജില്ലാകലക്ടര്‍മാര്‍ മുഖേന സമര്‍പ്പിച്ച കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ടും നിര്‍ദേശങ്ങളും പരിശോധിച്ചാണ് ഡീലിമിറ്റേഷന്‍ കമ്മീഷന്‍ കരട് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് വാര്‍ഡുകള്‍ പുനര്‍വിഭജിക്കുന്നത്.

Exit mobile version