കേരളത്തില്‍ വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍. കഴിഞ്ഞവര്‍ഷം ഇന്ത്യയൊട്ടാകെ നടന്ന 23.43 ലക്ഷം വിവാഹമോചനങ്ങളില്‍ 1.96 ലക്ഷവും ചെറിയതും ജനസാന്ദ്രത കൂടിയതുമായ കേരളത്തിലായിരുന്നു.
30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഏറ്റവും ഉയര്‍ന്ന വിവാഹമോചനങ്ങളില്‍ തിരുവനന്തപുരം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ന്നുള്ള സ്ഥാനങ്ങള്‍ തൃശൂരിനും പത്തനംതിട്ടയ്ക്കും എറണാകുളത്തിനും. കേരളത്തിന്റെ പലമടങ്ങ് വിസ്തീര്‍ണവും ജനസംഖ്യയുമുള്ള മഹാരാഷ്ട്രയില്‍ കേരളത്തെ അപേക്ഷിച്ച് വിവാഹമോചനങ്ങളുടെ സംഖ്യ പകുതിമാത്രം. വിവാഹമോചനങ്ങളുടെ ദേശീയ ശരാശരി 25നും 39നും മധ്യേ പ്രായമുള്ളവരില്‍ ആയിരത്തില്‍ 24 ആണ്. 40നും 49നും മധ്യേയുള്ളവരില്‍ ആയിരത്തില്‍ 21. 50 വയസിനു മുകളിലുള്ളവരില്‍ ആയിരത്തില്‍ 10 പേര്‍ വേര്‍പിരിയുന്നുവെന്നാണ് കണക്ക്.
കേരളത്തിലാണെങ്കില്‍ എല്ലാ പ്രായത്തിലുമുള്ള വിവാഹമോചിതര്‍ ഒരു വര്‍ഷം ആയിരത്തില്‍ 34. ഓരോ വര്‍ഷവും ഈ സംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പ്രതിഭാസം കേരളത്തില്‍ മാത്രം. സംസ്ഥാനത്തെ 28 കുടുംബകോടതികളില്‍ വര്‍ഷങ്ങളായി തീര്‍പ്പാകാതെ കിടക്കുന്ന കേസുകള്‍ 38,000ല്‍ പരം. ഓരോ വര്‍ഷവും കേസുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടുമിരിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതിയും സമാനമായ ജീവിതശെെലിയുമുള്ള അയലത്തെ ശ്രീലങ്കയിലാണ് ലോകത്തെ ഏറ്റവും കുറവ് വിവാഹമോചനങ്ങള്‍ നടക്കുന്നത്. അവിടെ ആയിരത്തില്‍ 0.15 വിവാഹത്തകര്‍ച്ചകളേ സംഭവിക്കുന്നുള്ളു. ഇവിടെ 34 എന്ന പരിഭ്രാന്തമായ കണക്ക്.
ഇത് നിയമപരമായി നടക്കുന്ന വേര്‍പിരിയലുകളുടെ കണക്കാണ്. രേഖാമൂലമല്ലാതെ ഉഭയസമ്മതമനുസരിച്ച് നടക്കുന്ന കണക്കുകള്‍ കൂടി ചേര്‍ത്താല്‍ കുടുംബദാര്‍ഢ്യത്തിനു പേരുകേട്ട കേരളം കുടുംബശെെഥില്യങ്ങളിലേക്ക് വഴുതിവീഴുന്ന ദുരന്താവസ്ഥയിലേക്ക്. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരിലാണ് ഏറ്റവുമധികം വിവാഹമോചനങ്ങള്‍ നടക്കുന്നത്. ഈ മേഖലയില്‍ പണിയെടുക്കുന്ന യുവദമ്പതികളില്‍ പകുതിയോളം വിവാഹജീവിതം മൂന്ന് വര്‍ഷം തികയുന്നതിനു മുമ്പുതന്നെ പിണങ്ങിപ്പിരിയുന്നുവെന്ന് ഇതുസംബന്ധിച്ച സര്‍വേയില്‍ കണ്ടെത്തി.
കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം വിവാഹമോചനങ്ങള്‍ നടക്കുന്നതെങ്കിലും ഇതേക്കുറിച്ചുള്ള കൃത്യമായ സ്ഥിതിവിവരക്കണക്കുകള്‍ കേന്ദ്രത്തിന്റെയൊ സംസ്ഥാനങ്ങളുടെയൊ പക്കലില്ലെന്നാണ് ലോക്‌സഭയില്‍ ഈയിടെ വെളിപ്പെടുത്തിയത്. കുടുംബകോടതികളില്‍ വിവാഹമോചന കേസുകള്‍ കുതിച്ചുയരുന്നത് രാജ്യമെമ്പാടും ഇത്തരം വേര്‍പിരിയലുകള്‍ വര്‍ധിച്ചുവരുന്നതിന്റെ സൂചകമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ നടക്കുന്ന മാലിയില്‍ ആയിരത്തിന് 10.97ഉം തൊട്ടടുത്തുനില്ക്കുന്ന ബെലാറൂസില്‍ 4.6 ഉം ആണ്. പ്രബുദ്ധ‑സാക്ഷര കേരളത്തില്‍ ഇത് 34 ആകുന്നത് മലയാളിയുടെ വര്‍ധിച്ചുവരുന്ന കുടുംബ ശെെഥില്യങ്ങളുടെ സൂചകമാവുന്നു.
English Summary: Divorce is increasing in Kerala
You may also like this video