എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ വെളിവായത് ദിവ്യയുടെ ക്രിമിനൽ മനോഭാവമെന്നും അഞ്ച് ക്രിമിനൽ ദിവ്യക്കെതിരെ കേസുകൾ വേറെയുമുണ്ടെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി കുറ്റവാസനയോടെ നടപ്പാക്കിയ കുറ്റകൃത്യമാണെന്നും ജാമ്യം നൽകിയാൽ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നതാകുമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
സാക്ഷികളെ ഭീഷണിപ്പെടുത്താനും പിന്തിരിപ്പിക്കാനും സാധ്യതയുണ്ട്. പ്രസംഗം ചിത്രീകരിക്കാൻ ഏർപ്പാട് ചെയ്തത് ദിവ്യയാണ്. കരുതിക്കൂട്ടി അപമാനിക്കാൻ യോഗത്തിനെത്തിയെന്നും പ്രത്യാഘാതം അറിയാമെന്ന് ഭീഷണി സ്വരത്തിൽ പറഞ്ഞുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നവീൻ ബാബുവിനെതിരെ നടത്തിയ അധിക്ഷേപ പരാമർശങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. ഇത് എഡിഎമ്മിന് കടുത്ത മാനസിക പ്രയാസമുണ്ടാക്കി. ഉപഹാര വിതരണത്തിൽ പങ്കെടുക്കാത്തത് ക്ഷണിച്ചിട്ടില്ലെന്നതിന് തെളിവാണ്. വേദിയിൽ ഇരിപ്പിടം മറ്റാരോ ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. ചിത്രീകരിക്കാൻ മാധ്യമപ്രവർത്തകരെ ഏർപ്പാടാക്കി. കളക്ടറും സംഘാടകരും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടില്ലായിരുന്നുവെന്ന് കലക്ടറേറ്റ് ഇൻസ്പെക്ഷൻ വിങ്ങിലെ സീനിയർ ക്ലർക്കിന്റെ മൊഴിയിൽ പറയുന്നു.