ബലാത്സംഗ കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിലിനെ എംഎൽഎ സ്ഥാനത്ത് നിന്നും അയോഗ്യനാക്കുന്നതിനെ എതിർത്ത് കോൺഗ്രസ്. രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി നൽകിയ ഡി കെ മുരളിയെ നിയമസഭ പ്രിവിലേജ് ആന്റ് എത്തിക്ക്സ് കമ്മിറ്റി 23ന് ഹിയറിങ് നടത്തും. തെരെഞ്ഞെടുക്കപ്പെട്ട എംഎൽഎയെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കകം സൃഷ്ടിക്കുമെന്നാണ് കോൺഗ്രസ് നിലപാട്. ഇതേ നിലപാട് തന്നെയാണ് യുഡിഎഫിലെ മറ്റ് ഘടക കക്ഷികൾക്കും ഉള്ളത്.
പ്രതിപക്ഷത്തുനിന്നും രണ്ട് അംഗങ്ങളാണ് എത്തിക്‌സ് കമ്മിറ്റിയിലുള്ളത്. കോണ്‍ഗ്രസില്‍ നിന്നും റോജി എം ജോണും മുസ്ലിം ലീഗില്‍ നിന്നും യുഎ ലത്തീഫും. നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയാകുന്ന രാഹുലിനെ എംഎല്‍എ സ്ഥാനത്തുനിന്ന് നീക്കണമെന്നാണ് ഡി കെ മുരളി പരാതിയിലൂടെ ആവശ്യപ്പെട്ടിരുന്നത്. നിരന്തരം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആളെ അയോഗ്യനാക്കാമെന്ന വ്യവസ്ഥയെക്കുറിച്ച് സഭയുടെ പെരുമാറ്റച്ചട്ടത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മുരളിക്ക് പിന്നാലെ രാഹുലിനെ കൂടി കേട്ടശേഷമായിരിക്കും കമ്മിറ്റി തീരുമാനം.

