നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം അപ്രതീക്ഷിതമല്ലെങ്കിലും കേരളത്തിന്റെ മതനിരപേക്ഷ ജനാധിപത്യ പാരമ്പര്യത്തിനെതിരായ അപായസൂചനയാണ് നൽകുന്നത്. യുഡിഎഫിന് നേതൃത്വം നൽകുന്ന കോൺഗ്രസും മുസ്ലിം ലീഗും തങ്ങൾ ഉദ്ഘോഷിക്കുന്ന മതനിരപേക്ഷ നിലപാടുകളെ അപ്പാടെ നിരാകരിച്ച് തീവ്ര മതവർഗീയതയുമായി പരസ്യമായി കൈകോർക്കാൻ സന്നദ്ധമായതാണ് അവരെ വിജയത്തിലേക്ക് നയിച്ച രാഷ്ട്രീയ ബലതന്ത്രം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് നേരത്തെ വിജയിച്ച തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട് മണ്ഡലങ്ങൾ നിലനിർത്താൻ അവർക്ക് കഴിഞ്ഞിരുന്നു. ചേലക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കെ രാധാകൃഷ്ണൻ ആലത്തൂർ നിയോജകമണ്ഡലത്തിൽനിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആ മണ്ഡലം നിലനിർത്താന്‍ എൽഡിഎഫിനും സാധിച്ചിരുന്നു. നിലമ്പൂരിൽ നിന്നും എൽഡിഎഫിന്റെ പിന്തുണയോടെ രണ്ടുവട്ടം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പി വി അൻവർ രാജിവച്ചതിനെത്തുടർന്നാണ് ഇപ്പോൾ അവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൂന്നാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സിപിഐ(എം)ലെ കെ കുഞ്ഞാലിയും എൽഡിഎഫ് സ്ഥാനാർത്ഥിയായി ഏഴാം നിയമസഭയിലേക്ക് ടി കെ ഹംസയും 14ഉം 15ഉം നിയമസഭകളിലേക്ക് എൽഡിഎഫ് സ്വതന്ത്രനായി പി വി അൻവറും വിജയിച്ച നാല് സന്ദർഭങ്ങളിൽ മാത്രമാണ് ഇടതുപക്ഷത്തിന് നിലമ്പൂരിൽ വിജയിക്കാനായിട്ടുള്ളത്. മറ്റെല്ലാ സന്ദർഭങ്ങളിലും യുഡിഎഫ് വ്യക്തമായ മേൽക്കെെ പുലർത്തിപ്പോന്ന മണ്ഡലമാണ് നിലമ്പൂർ. നിയമസഭയിൽ 98 അംഗങ്ങളുടെ പിന്തുണയുള്ള എൽഡിഎഫ് സർക്കാരിന് യുഡിഎഫിന്റെ ഇപ്പോഴത്തെ വിജയം യാതൊരുതരത്തിലും ഭീഷണിയാകുന്നില്ലെങ്കിലും വർഷാവസാനം നടക്കാൻപോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെയും അടുത്തവർഷം ഏപ്രിൽ — മേയ് മാസത്തോടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെയും പശ്ചാത്തലത്തിൽ ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് പരാജയത്തിൽനിന്നും ആവശ്യമായ പാഠങ്ങൾ ഉൾക്കൊള്ളേണ്ടതും ആത്മപരിശോധന നടത്തേണ്ടതും അനിവാര്യമായിരിക്കുന്നു.
ഐക്യകേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ രണ്ട് സന്ദർഭങ്ങളിൽ മാത്രമേ ഏതെങ്കിലും രാഷ്ട്രീയ മുന്നണികൾക്ക് തുടർഭരണം ഉറപ്പുവരുത്താൻ കഴിഞ്ഞിട്ടുള്ളു. 1977ൽ അന്ന് സി അച്യുതമേനോൻ നേതൃത്വം നൽകിയിരുന്ന ഐക്യമുന്നണിയും പിന്നീട് ഇപ്പോൾ അധികാരത്തിൽ തുടരുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മാത്രമാണ് ഓരോ തെരഞ്ഞെടുപ്പിലും മുന്നണികളെ മാറിമാറി അധികാരത്തിലേറ്റുക എന്ന കേരളത്തിന്റെ പൊതു പ്രവണതയ്ക്ക് അപവാദമായി ഭരണത്തുടർച്ച ഉറപ്പുവരുത്തിയത്. സമാനതകളില്ലാത്ത വികസനക്കുതിപ്പ്, ക്ഷേമപ്രവർത്തനം, കരുതൽ എന്നിവകൊണ്ട് ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച എൽഡിഎഫ് സർക്കാർ മൂന്നാം തവണയും തെരഞ്ഞെടുപ്പിൽ വിജയിച്ച് അധികാരം നിലനിർത്തുമെന്ന ആശങ്ക യുഡിഎഫ് പാളയത്തെ തെല്ലൊന്നുമല്ല അസ്വസ്ഥമാക്കുന്നത്. എൽഡിഎഫ് വീണ്ടും അധികാരത്തിൽ തുടരുകയെന്നാൽ കോൺഗ്രസടക്കം യുഡിഎഫും ഘടകകക്ഷികളും കേരള രാഷ്ട്രീയത്തിൽ എന്നെന്നേക്കും അപ്രസക്തമാക്കപ്പെടും എന്ന വസ്തുത മറ്റാരെക്കാളും നന്നായി തിരിച്ചറിയുന്നത് അവർതന്നെയാണ്. അതുകൊണ്ടുതന്നെ ഏത് ഹീനമാർഗം അവലംബിച്ചും രാഷ്ട്രീയത്തിൽ പ്രസക്തമായി തുടരാനുള്ള തത്രപ്പാടിലാണ് കോൺഗ്രസും മുസ്ലിം ലീഗുമടക്കം യുഡിഎഫ്. അതുകൊണ്ടാണ് മുസ്ലിം മതതീവ്രവാദവുമായി പരസ്യബാന്ധവത്തിനും ഹിന്ദുത്വ പ്രതിലോമതയുമായി രഹസ്യധാരണയ്ക്കും അവർ തയ്യാറായത്. ജമാഅത്തെ ഇസ്ലാമി, വെൽഫെയർ പാർട്ടി എന്നിവ അവരുടെ മതാധിഷ്ഠിത തീവ്രനിലപാടുകൾ ഉപേക്ഷിച്ചുവെന്ന ന്യായീകരണത്തിന് മുതിർന്ന കോൺഗ്രസ്, മുസ്ലിം ലീഗ് നേതൃത്വം, ബിജെപിയുടെ ഹിന്ദുത്വ വോട്ടുകൾ ഇരുകയ്യുംനീട്ടി സ്വീകരിക്കുന്നതിൽ യാതൊരു മനഃസാക്ഷിക്കുത്തും പ്രകടിപ്പിക്കുന്നില്ല. എൽഡിഎഫിന്റെ പരാജയം ഉറപ്പുവരുത്താൻ തങ്ങളുടെ വോട്ടുകൾ യുഡിഎഫിന് മറിച്ചുനൽകിയെന്ന് ബിജെപി സ്ഥാനാർത്ഥി തന്നെ തുറന്ന് സമ്മതിക്കുന്നുമുണ്ട്. മുൻ തെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് ലഭിച്ചിരുന്ന വോട്ടുകളിൽ വന്ന കുറവ് ആ രഹസ്യവേഴ്ചയുടെ തെളിവായി നമുക്ക് മുന്നിലുണ്ട്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെതിരായ കേരളത്തിന്റെ വിലയിരുത്തലായി നിലമ്പൂർ ഉപതെരഞ്ഞെടുപ്പുഫലത്തെ കാണേണ്ടതില്ല. എന്നാൽ, മുന്നണി സർക്കാരിന്റെ ഭരണം, വിവിധ ജനവിഭാഗങ്ങളോടുള്ള നയസമീപനം, മലയോര കർഷകജനതയും ആദിവാസിസമൂഹങ്ങളും വന്യമൃഗങ്ങളിൽ നിന്ന് നേരിടുന്ന ഭീഷണി, പാർശ്വവല്‍കൃത ജനവിഭാഗങ്ങൾ നേരിടുന്ന ജീവിതപ്രശ്നങ്ങൾ തുടങ്ങി അപരിഹൃതമായി തുടരുന്ന വിഷയങ്ങൾ, മുന്നണി നേതൃത്വം ഈ തെരഞ്ഞെടുപ്പുഫലത്തിന്റെ പശ്ചാത്തലത്തിൽ പുനഃപരിശോധനാ വിധേയമാക്കുമെന്ന് പ്രതീക്ഷിക്കാം. അമിത ആത്മവിശ്വാസം യാഥാർത്ഥ്യങ്ങൾ കാണുന്നതിനും വസ്തുനിഷ്ഠമായി വിലയിരുത്തുന്നതിനും തടസമായിക്കൂടാ. മുന്നണി എല്ലാ അർത്ഥത്തിലും തെരഞ്ഞെടുപ്പ് പ്രചരണത്തെ രാഷ്ട്രീയമായി നേരിട്ടപ്പോഴും എല്ലാ ഘടകകക്ഷികളെയും അവരുടെ സ്വാധീനത്തെയും വേണ്ടതുപോലെ പ്രയോജനപ്പെടുത്തുംവിധം പ്രവർത്തനം കാര്യക്ഷമമായി ഏകോപിപ്പിക്കുന്നതിന് കഴിഞ്ഞിട്ടുണ്ടോ എന്ന ആത്മപരിശോധനയും തുടർപ്രവർത്തനങ്ങളിൽ നിർണായകമാണ്. നിലമ്പൂരിലെ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് ആവശ്യമായ തിരുത്തലുകളോടെ മുന്നണിയുടെ ഐക്യം ഊട്ടിയുറപ്പിച്ച് മുന്നോട്ടുപോകാനായാൽ എല്ലാ പ്രാതികൂല്യങ്ങളെയും മറികടക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കഴിയുകതന്നെ ചെയ്യും.
ആത്മപരിശോധനയ്ക്കും തിരുത്തലുകൾക്കും അമാന്തം അരുത്

