വിവാഹം പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫി ടീമിന് ഭക്ഷണം നിഷേധിച്ച് വധു. ഭക്ഷണം കഴിക്കാനുള്ള ഇടവേളയും നല്‍കിയില്ല. ഡല്‍ഹിയിലാണ് സംഭവം. ഡല്‍ഹിയില്‍ നിന്നുള്ള റിച്ച ഒബ്‌റോയ് എന്ന എന്‍ആര്‍ഐ യുവതി ഫോട്ടോഗ്രാഫി ടീമിന് ഗൂഗിളിൽ ഏറ്റവും കുറഞ്ഞ വൺ സ്റ്റാർ റിവ്യൂ നൽകി. പിന്നാലെ വധു ഭക്ഷണം തന്നില്ല എന്ന് കാണിച്ച് ഫോട്ടോഗ്രഫി ടീം സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചു. ശേഷം പോസ്റ്റിന് താഴെ സംഭവത്തെക്കുറിച്ച് വലിയ ചർച്ച തന്നെ ആരംഭിച്ചു.
വിവാഹം നടന്നത് നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ്. ഭക്ഷണത്തിന്റേത് കൂടി കണക്കാക്കിയാണ് ഫോട്ടോഗ്രഫി ടീമിന് പണം നൽകിയത്. അതിനായി 1.5 ലക്ഷം രൂപ നൽകിയിട്ടുണ്ടെന്നും ഫോട്ടോഗ്രാഫി ടീം വരുന്നത് അവരുടെ ജോലി ചെയ്യാനാണെന്നും അല്ലാതെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനല്ലെന്നും വധുവായ യുവതി റിവ്യൂവിൽ പറഞ്ഞു. 10 വർഷത്തിനിടയിൽ ആയിരക്കണക്കിന് വിവാഹങ്ങൾക്ക് വേണ്ടി ജോലി ചെയ്തിട്ടുണ്ടെന്നും ആഹാരം ചോദിച്ചതിന്റെ പേരിലാണ് വധുവിന്റെ പ്രതികാരനടപടിയെന്നും വൺ സ്റ്റാർ റിവ്യൂവാണ് നൽകിയിരിക്കുന്നതെന്നും ടീം പങ്കുവച്ച പോസ്റ്റില്‍ പറയുന്നു. ഇത് ഭക്ഷണത്തിന്റെ പ്രശ്നമല്ല, തങ്ങളുടെ അന്തസിന്റെ പ്രശ്നമാണ് എന്നും അവർ കുറിച്ചു.

