Site iconSite icon Janayugom Online

കേരളത്തെ കലാപ ഭൂമിയാക്കരുത്

ലപ്പുഴയിൽ ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിനു മുമ്പാണ് രണ്ടുപേർ കൊല്ലപ്പെട്ടിരിക്കുന്നത്. മത വർഗീയതയെ രാഷ്ട്രീയത്തിന്റെ തണലായുപയോഗിക്കുന്ന രണ്ട് സംഘടനകളുടെ നേതാക്കളാണ് കൊല്ലപ്പെട്ടതും പരസ്പരം കുറ്റാരോപിതരായിരിക്കുന്നതും. ശനിയാഴ്ച രാത്രി ഏഴരയ്ക്കുശേഷമാണ് മണ്ണഞ്ചേരിയിൽ വച്ച് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയും പൊന്നാട് സ്വദേശിയുമായ കെ എസ് ഷാനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. മാരക പരിക്കേറ്റ ഷാനെ നാട്ടുകാർ ആലപ്പുഴയിലെയും പിന്നീട് എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ചുവെങ്കിലും അർധരാത്രിയോടെ മരിക്കുകയായിരുന്നു. ഷാനിന്റെ മരണവിവരം പുറത്തുവന്ന് മണിക്കൂറുകൾക്കകമാണ് രണ്ടാമത്തെ കൊലപാതകമുണ്ടായത്. ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. പുലർച്ചെ വെള്ളക്കിണറിലെ വീട്ടിൽക്കയറിയാണ് ആലപ്പുഴ ബാറിലെ അഭിഭാഷകനായ രഞ്ജിത്തിനെ അക്രമികൾ വെട്ടിക്കൊന്നത്. വാതിലിൽ മുട്ടുകയും തുറന്നതിന് പിന്നാലെ വീട്ടിൽക്കയറി ഹാളിലിട്ട് രഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പൊലീസിനു ലഭിച്ച വിവരം. തുടയിലും കഴുത്തിലുമാണ് രഞ്ജിത്തിന് മാരകമായി വെട്ടേറ്റത്. ഷാനെ വധിച്ചതിന് പിന്നിൽ ആർഎസ്എസ് ആണെന്നും രഞ്ജിത്തിന്റെ കൊലപാതകത്തിനു പിന്നിൽ എസ്‍ഡിപിഐ ആണെന്നും ഇരുവിഭാഗങ്ങളും പരസ്പരം ആരോപിച്ചിട്ടുണ്ട്. ഇരുസംഭവങ്ങളുമായി ബന്ധപ്പെട്ട് അമ്പതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. രണ്ട് ആക്രമങ്ങളും ആസൂത്രിതമായിരുന്നുവെന്നാണ് കൃത്യത്തെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. ആദ്യ ആക്രമണമുണ്ടായത് ആരുടെ ഭാഗത്തുനിന്നാണെങ്കിലും മണിക്കൂറുകൾക്കം തിരിച്ചടിയെന്നോണം മറ്റൊരു കൊലപാതകം കൂടി നടന്നുവെന്നത് ഇതിന് തെളിവാണ്. കഴിഞ്ഞ കുറച്ചു കാലമായി കേരളത്തെ സംഘർഷ ഭൂമിയാക്കുന്നതിനുള്ള ശ്രമങ്ങൾ മത വർഗീയ സംഘടനകൾ കിണഞ്ഞു നടത്തുന്നുണ്ട്.

 


ഇതുകൂടി വായിക്കാം: പശ്ചിമബംഗാള്‍: അക്രമരാഷ്ട്രീയം അട്ടിമറിക്കുള്ള ഉപാധി ആയിക്കൂട


 

കഴിഞ്ഞ മാസം പാലക്കാട്ട് ആർഎസ്എസുകാരന്റെ കൊലപാതകത്തിനു പിന്നിൽ എസ്‍ഡിപിഐയും ഈ മാസം ആദ്യം പത്തനംതിട്ടയിൽ സിപിഐ(എം) നേതാവിന്റെ കൊലപാതകത്തിൽ ആർഎസ്എസുമാണ് കുറ്റാരോപിതരായി നില്ക്കുന്നത്. പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിതാണ് വെട്ടേറ്റ് മരിച്ചത്. ആളുകൾ നോക്കിനിൽക്കെ ആയിരുന്നു കൊലപാതകം. ഡിസംബർ രണ്ടിനായിരുന്നു സിപിഐ (എം) പെരിങ്ങമല ലോക്കൽ സെക്രട്ടറി പി ബി സന്ദീപ്കുമാർ കൊല്ലപ്പെടുന്നത്. സന്ധ്യയോടെ നെടുമ്പ്രം ചാത്തങ്കരി മുക്കിനടുത്ത് വച്ച് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുമ്പോൾ തടഞ്ഞുനിർത്തിയായിരുന്നു കൊലപാതകം. ആലപ്പുഴയിലെ കൊലപാതകങ്ങള്‍ കേരളത്തെയാകെ ഞെട്ടിച്ചപ്പോഴും പരസ്പരം പോര്‍വിളികളുമായി ഇരുസംഘങ്ങളും രംഗത്തു നിറഞ്ഞാടുകയാണ്. ആര്‍എസ്എസെന്നോ എസ്ഡിപിഐ എന്നോ ഇതില്‍ വ്യത്യാസമില്ല. സംസ്ഥാനത്താകെ പോര്‍വിളികളുമായി പ്രകടനങ്ങളും നടത്തുകയുണ്ടായി. തങ്ങളുടെ നേതാവിന്റെ മൃതദേഹവും വഹിച്ചുള്ളത് വിലാപയാത്രയാണെന്ന് പറയരുതെന്നും ഇത് ആഗ്രഹിച്ചൊരു രക്തസാക്ഷിത്വമായിരുന്നുവെന്നും പറയുന്ന ഒരു നേതാവിന്റെ വാക്കുകളും പുറത്തുവന്നിട്ടുണ്ട്.

 


ഇതുകൂടി വായിക്കാം: കുരുതിയുടെ രാഷ്ട്രീയം


 

ആസൂത്രിതമാണ് കൊലപാതകങ്ങളെന്നും കൃത്യ നിർവഹണത്തിനുള്ള സംഘങ്ങളെ പോറ്റി വളർത്തുന്നുവെന്നും ഈ സംഭവങ്ങളിൽ നിന്നും കരുതാവുന്നതാണ്. അടുത്തകാലത്തു നടന്ന അക്രമ സംഭവങ്ങളെ കുറിച്ചുള്ള പൊലീസിന്റെ കണ്ടെത്തലുകൾ കൃത്യമായ പരിശീലനം സിദ്ധിച്ചവരാണ് സംഭവത്തിനു പിന്നിലെന്നാണ്. ആക്രമണത്തിന്റെ സ്വഭാവവും അതു വ്യക്തമാക്കുന്നുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഇടിച്ചുവീഴ്ത്തി കൊല നടത്തുക, തടഞ്ഞുനിർത്തി ആക്രമിക്കുക എന്നിവയാണ് കൊലപാതകത്തിനുള്ള മാർഗമായി അവലംബിച്ചിരിക്കുന്നത്. അക്രമികൾക്ക് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടെന്നതിന്റെ തെളിവാണിത്. പരസ്പരം പോരടിച്ച് കലാപസാധ്യത സൃഷ്ടിക്കുവാനാണ് ഇരുവിഭാഗവും ശ്രമിക്കുന്നത്. സമൂഹമാധ്യമങ്ങളെ ഉപയോഗിച്ച് വർഗീയ പ്രചരണങ്ങൾ നടത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള ശ്രമങ്ങളും ഇരുവിഭാഗങ്ങളും തകൃതിയായി നടത്തുന്നുണ്ട്.

 


ഇതുകൂടി വായിക്കാം: ഹിംസാത്മക മുതലാളിത്തവും രാഷ്ട്രീയവും


 

വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും പേരിലുള്ള അത്തരം വിഭാഗീയ നീക്കങ്ങൾ കേരളം പോലെ പുരോഗമനാത്മകമായ സമൂഹത്തിന് ഭൂഷണമല്ല. അതേസമയം ഇത്തരം സംഘങ്ങളെയും അതിന് പിന്തുണയേകുന്ന രാഷ്ട്രീയ പാർട്ടികളെയും ഒറ്റപ്പെടുത്തുന്നതിനും സമാധാനാന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കു പകരം സർക്കാരിനെ കുറ്റപ്പെടുത്തി മുതലെടുക്കുവാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. വഖഫ് നിയമനം പോലുള്ള ചില പ്രത്യേക വിഷയമുന്നയിച്ച് സർക്കാരിനെ പ്രതിക്കൂട്ടിലാക്കുവാനും അതിനെ മതപരമായി വ്യാഖ്യാനിക്കുവാനുള്ള ശ്രമങ്ങളും അതിന്റെ ഭാഗമായി തന്നെ കാണേണ്ടതാണ്. ഇത്തരം നടപടികളും സമാധാനാന്തരീക്ഷം തകർക്കുവാൻ ശ്രമിക്കുന്നവർക്ക് വളം നല്കുന്നുണ്ട്. സാഹോദര്യവും സൗഹാർദവുമാണ് കേരളത്തിന്റെ മുഖമുദ്രയെന്നും സമാധാനമുള്ള സാമൂഹ്യ സംവിധാനമാണ് അനിവാര്യമെന്നും എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്. രാഷ്ട്രീയ കൊലപാതകങ്ങളും മത വർഗീയ, വിഭാഗീയ ശ്രമങ്ങളും അവസാനിപ്പിക്കുന്നതിനും കേരളത്തെ കലാപഭൂമിയാക്കുവാനുള്ള നീക്കത്തെ ചെറുക്കുവാനും യോജിച്ച മുന്നേറ്റമാണ് മുഴുവൻ ജനങ്ങളുടെയും ഏറ്റവും സുപ്രധാനമായ ഉത്തരവാദിത്തം.

You may also like this video;

Exit mobile version