സംസ്ഥാന ബിജെപി നേതാക്കളാരും തന്റെ അനുവാദം വാങ്ങാതെ വാർത്താ സമ്മേളനം നടത്തിപ്പോകരുതെന്ന പ്രസിഡന്റ് കെ സുരേന്ദ്രന്റെ വിലക്ക് സംസ്ഥാന ഘടകത്തിൽ പുതിയ പോരിന്റെ അരങ്ങൊരുക്കുന്നു. വാർത്താ സമ്മേളനങ്ങളിൽ നേതാക്കൾ പരസ്പര വിരുദ്ധമായി പാർട്ടിക്കാര്യങ്ങളിൽപ്പോലും അഭിപ്രായം വിളമ്പുന്നതിനാലാണ് ഇത്തരമൊരു ശാസനമെന്നാണ് വിശദീകരണം. എന്നാൽ, കേന്ദ്ര മന്ത്രി വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും അപ്രീതിക്ക് പാത്രമായിട്ടുള്ള നേതാക്കളുടെ വായടപ്പിക്കുന്നതിനുള്ള കളിയാണ് ഉത്തരവിന്റെ പിന്നിലെന്ന ചർച്ചകൾ നേതാക്കൾക്കും അണികൾക്കുമിടയിൽ സജീവമായി.
വാർത്താ സമ്മേളനങ്ങളിൽ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു എന്ന പ്രയോഗം, പാർട്ടി രാഷ്ട്രീയത്തെക്കുറിച്ച് വിവരമില്ലാത്തവരാണ് സംസ്ഥാന നേതാക്കൾ എന്ന് പൊതുജന മധ്യേ ആക്ഷേപിക്കുന്നതിന് തുല്യമാണ് എന്ന വികാരവും പരക്കെയുയരുന്നുണ്ട്. കേരളത്തിൽ സിപിഐഎമ്മിൽ നിന്നും കോൺഗ്രസിൽ നിന്നും കൂടുതൽ നേതാക്കൾ ബിജെപിയിലേക്കെത്തുമെന്നും വൈകാതെ സംസ്ഥാനത്ത് തങ്ങൾ മന്ത്രിസഭയുണ്ടാക്കുമെന്നും സുരേന്ദ്രൻ അടുത്തിടെ ഒരു വാർത്താ ഏജൻസിയോട് പറഞ്ഞതു പോലുള്ള വിവരക്കേട് പറഞ്ഞ് മറ്റാരും പരിഹാസ്യരാകാറില്ലെന്നായിരുന്നു, വിലക്ക് വാർത്ത പുറത്തുവന്നതിനു പിന്നാലെ ഒരു സംസ്ഥാന നേതാവ് ”ജനയുഗ’ ത്തോട് പ്രതികരിച്ചത്.
മുരളീധരൻ — സുരേന്ദ്രൻ ചേരിയുടെ പ്രഖ്യാപിത ശത്രുക്കളായ സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, മുൻ പ്രസിഡന്റ് പി കെ കൃഷ്ണദാസ് തുടങ്ങിയവരുടെ ശബ്ദം അടപ്പിക്കാനാണ് വിലക്കിലൂടെ ഉന്നമിടുന്നതെന്ന സംസാരവും പാർട്ടിയിൽ പരക്കെയുയരുന്നു. കിട്ടുന്ന സന്ദർഭങ്ങളിലെല്ലാം സുരേന്ദ്രന്റെ തൊലിയുരിക്കുന്ന ശോഭാ സുരേന്ദ്രനാണ് ആ പക്ഷത്തിന്റെ കണ്ണിലെ കരട്. താൻ ശക്തമായി പാർട്ടി പ്രവർത്തനം നടത്തുന്ന കാലത്ത് ട്രൗസറിട്ട് കളിച്ചു നടന്നവരാണ് ഇപ്പോൾ നേതൃത്വത്തിലിരുന്ന് തനിക്കെതിരെ തിരിയുന്നതെന്ന ശോഭയുടെ കോഴിക്കോട് പ്രസംഗവും, മുരളീധരന്റെ പെട്ടി പിടിക്കുന്നതു കൊണ്ടാണ് സുരേന്ദ്രൻ നേതാവായതെന്ന തരത്തിലുള്ള കൊച്ചിയിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലെ പരിഹാസവും ശോഭയോടുള്ള മറുപക്ഷത്തിന്റെ ശത്രുത പല മടങ്ങായി വർധിപ്പിച്ചിരുന്നു.
പ്രഭാരി പ്രകാശ് ജാവഡേക്കറുടെയും വി മുരളീധരന്റെയും സാന്നിധ്യത്തിലായിരുന്നു കൊച്ചിയിലെ കടന്നാക്രമണം.
മുരളീധരൻ‑സുരേന്ദ്രൻ പക്ഷവും ശോഭാ സുരേന്ദ്രനും തമ്മിലുള്ള പോരിന് ശക്തി പകരും വിധം, സുരേന്ദ്രന്റെ ജില്ലയായ കോഴിക്കോട് തുടരെ രണ്ട് വേദികൾ കൃഷ്ണദാസ് പക്ഷം ശോഭയ്ക്ക് ഒരുക്കിക്കൊടുത്തത് സംസ്ഥാന നേതൃത്വത്തോടുള്ള വെല്ലുവിളിയായി മറു ഗ്രൂപ്പ് ഗൗരവത്തിലെടുത്തിരുന്നു. കിട്ടിയ അവസരം ശോഭ പാഴാക്കിയതുമില്ല.
English Summary: ‘Do not speak without permission’; K Surendran banned BJP leaders
You may also like this video