Site iconSite icon Janayugom Online

ഡോക്ടമാര്‍ ഇന്ന് പണിമുടക്കും

doctorsdoctors

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഹ്വാനമനുസരിച്ച് ഡോക്ടര്‍മാര്‍ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. സംസ്ഥാനത്ത് വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങൾ തടയുന്നതിനുള്ള നടപടി സ്വീകരിക്കുക, കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ മുതിർന്ന ഡോക്ടർക്കു നേരെ നടന്ന വധശ്രമക്കേസിലെ പ്രധാന പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെ പ്രഖ്യാപിച്ചിട്ടുള്ള സമരത്തിന്റെ ഭാഗമായി അത്യാഹിത വിഭാഗം ഒഴികെയുള്ള പരിശോധനകളില്‍ നിന്നും ഡോക്ടര്‍മാര്‍ വിട്ടു നില്‍ക്കും. സർക്കാർ, സ്വകാര്യ മേഖലകളിലെ എല്ലാ സംഘടനകളും കെജിഎംഒഎ, കെജിഎംസിടിഎ, കെജിഐഎംഒഎ, ക്യുപിഎംപിഎ, പോസ്റ്റ് ​ഗ്രാജുവേറ്റീവ് സ്റ്റുഡന്റസ് അസോസിയേഷൻ, സ്വകാര്യ ആശുപത്രി മാനേജ്മെന്റ്, സഹകരണ ആശുപത്രികൾ ഉൾപ്പടെയുള്ള മെഡിക്കൽ മാനേജ്മെന്റുകൾ, 40 ഓളം സംഘടനകള്‍ തുടങ്ങിയവ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

അത്യാഹിത വിഭാഗം, എമര്‍ജന്‍സി ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ട്രാന്‍സ് പ്ലാന്റ് സര്‍ജറികള്‍ എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബ്രഹ്മപുരത്തെ പ്രത്യേക സ്ഥിതിവിശേഷം പരിഗണിച്ച് അവിടെ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളും സമരത്തില്‍ ഉള്‍പ്പെടില്ലെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു, സംസ്ഥാന സെക്രട്ടറി ഡോ. ജോസഫ് ബെനവന്‍ എന്നിവര്‍ അറിയിച്ചു. മെഡിക്കൽ സമരത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ ഐഎംഎ ആസ്ഥാനത്ത് ആയിരത്തോളം ഡോക്ടർമാർ അണിനിരക്കുന്ന ധർണ നടക്കും. ജില്ലാ കേന്ദ്രങ്ങളിൽ അതാത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലും ധർണ നടത്തും.

Eng­lish Sum­ma­ry: Doc­tors announce statewide strike
You may also like this video

Exit mobile version