Site iconSite icon Janayugom Online

ഇറാന്‍ യുദ്ധം അവസാനിപ്പിക്കുന്നത് നെതന്യാഹുവുമായി ആലോചിച്ച് മാത്രമെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇറാനുമായായുള്ള യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമാായി ചര്‍ച്ച ചെയ്തശേഷം മാത്രമേ അന്തിമ തീരുമാനം എടുക്കുകയുള്ളുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിൽ ഇസ്രയേലിന്റെ നിലപാടുകൾക്ക് വലിയ പ്രാധാന്യമുണ്ട്. താനും നെതന്യാഹുവുമാണ് ഇറാന്റെ ആക്രമണങ്ങളിൽനിന്ന് ഇസ്രായേലിനെ സംരക്ഷിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഇസ്രായേലിനൊപ്പം അമേരിക്ക ഉറച്ചുനിൽക്കുമെന്നും ഉചിതമായ സമയത്ത് മാത്രമേ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാവുകയുള്ളൂവെന്നും ട്രംപ് പറഞ്ഞു.

അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ ഈ പ്രസ്താവന. ഫെബ്രുവരി 28‑ന് നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായി കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെയും എണ്ണ കേന്ദ്രങ്ങളെയും ലക്ഷ്യംവെച്ച് ഇറാന്‍ പ്രത്യാക്രമണം നടത്തുന്നുണ്ട് . 

അമേരിക്ക ആക്രമണം നിർത്തിയാലും ഇസ്രായേൽ ഇറാനെതിരെ ഒറ്റയ്ക്ക് പോരാട്ടം തുടരുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ട്രംപ് തയ്യാറായില്ല. അലി ഖമേനിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മോജ്തബ ഖമേനിയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി മുതിർന്ന പുരോഹിതർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇറാന്റെ പുതിയ ഭരണാധികാരിക്ക് വാഷിംഗ്ടണിന്റെ അംഗീകാരം ആവശ്യമാണെന്നും അല്ലാത്തപക്ഷം അധികകാലം അധികാരത്തിൽ തുടരാനാവില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ വീണ്ടും ഒരു ആണവശക്തിയാകാനോ മിഡിൽ ഈസ്റ്റ് പിടിച്ചെടുക്കാനോ താൻ അനുവദിക്കില്ലെന്നും മേഖലയിൽ ദീർഘകാല സമാധാനം ഉറപ്പാക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version