യുഎസ് സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കാം എന്നായിരുന്നു ട്രംപിന്റെ പ്രതികരണം. സര്‍ക്കാര്‍ ഷട്ട്ഡൗണിലേക്ക് പോയാല്‍ അവശ്യ സര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ ധനബില്‍ യുഎസ് കോൺഗ്രസിൽ പാസാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് യുഎസ് ഷട്ട്ഡൗണിലേക്ക് നീങ്ങുന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെയ്ക്കുന്ന സവിശേഷ സാഹചര്യത്തെയാണ് ഷട്ട്ഡൗണ്‍ എന്ന് വിശേഷിപ്പിക്കുന്നത്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപ് ഷട്ട്ഡൗണ്‍ സാധ്യതയെക്കുറിച്ച് സൂചന നല്‍കിയത്. ‘ഒരു അടച്ചുപൂട്ടല്‍ ഉണ്ടായേക്കാം. ഷട്ട്ഡൗണുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഡെമോക്രാറ്റുകള്‍ സാഹസികത കാണിക്കുകയാണ്’, ട്രംപ് പറഞ്ഞു. ഷട്ട്ഡൗണ്‍ ഒഴിവാക്കാനായി പ്രതിപക്ഷവുമായി ട്രംപ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ഫലം കണ്ടിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ചര്‍ച്ച കൂടി നടക്കുന്നുണ്ട്. അത് കൂടി ഫലം കണ്ടില്ലെങ്കില്‍ അമേരിക്ക പൂര്‍ണമായും സ്തംഭനത്തിലേക്ക് പോകും.

