Site iconSite icon Janayugom Online

ഡൊണാൾഡ് ട്രംപിന്റെ പാകിസ്ഥാൻ സന്ദർശനം, വാർത്ത തള്ളി വൈറ്റ് ഹൗസ്; മാപ്പ് പറഞ്ഞ് പാക് മാധ്യമങ്ങൾ

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്ഥാൻ സന്ദർശിക്കുമെന്ന വാർത്ത തള്ളി വൈറ്റ് ഹൗസ്. ട്രംപ് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നുവെന്ന തരത്തില്‍ പാകിസ്ഥാൻ വാര്‍ത്താ ഏജന്‍സികള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. പാക് പ്രാദേശിക ടെലിവിഷന്‍ വാര്‍ത്താ ചാനലുകളും ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സന്ദർശന വാർത്ത വൈറ്റ് ഹൗസ് നിഷേധിച്ചതിനു പിന്നാലെ രണ്ടു പ്രധാന ടെലിവിഷൻ ചാനലുകൾ വാർത്ത പിൻവലിച്ചു. സ്ഥിരീകരണമില്ലാത്ത വാർത്ത സംപ്രേഷണം ചെയ്‌തതിൽ ഒരു ടെലിവിഷൻ ചാനൽ‌ മാപ്പ് പറയുകയും ചെയ്‌തു.

പഹൽഗാം ആക്രമണത്തിനു പിന്നാലെ ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷം രൂക്ഷമായിരുന്ന സമയത്ത് പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീറിനെ ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുകയും വിരുന്ന് നല്‍കുകയും ചെയ്തിരുന്നു. അതിനുപിന്നാലെയാണ് അദ്ദേഹം പാകിസ്ഥാന്‍ സന്ദര്‍ശിച്ചേക്കും എന്ന തരത്തില്‍ വാര്‍ത്ത പുറത്തുവന്നത്. പാകിസ്ഥാന്‍ സന്ദര്‍ശനത്തിനെത്തുന്ന ട്രംപ് ഇന്ത്യയിലേക്ക് വരുമെന്ന തരത്തിലും വാര്‍ത്തയുണ്ടായിരുന്നു. ഇന്ത്യ പാക് സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ട്രംപിന്റെ പാകിസ്ഥാന്‍ സന്ദർശന വാർത്ത പുറത്തുവന്നത്. 

ഇന്ത്യ, യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയുൾപ്പെട്ട ക്വാഡ് കൂട്ടായ്മയുടെ അടുത്ത ഉച്ചകോടി ഇന്ത്യയിലാണു നടക്കുന്നത്. ഇതിൽ ട്രംപ് പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. എന്നാൽ, ക്വാഡ് സമ്മേളനത്തിന്റെ തീയതി തീരുമാനമായിട്ടില്ല. ക്വാഡ് സമ്മേളനത്തിന് ഇന്ത്യയിലെത്തുന്നതിനു മുൻപ് ട്രംപ് പാക്കിസ്ഥാനിൽ ഇറങ്ങുമെന്ന മട്ടിലും പ്രചാരണമുണ്ട്. സന്ദർശനം നടക്കുകയാണെങ്കിൽ രണ്ടു പതിറ്റാണ്ടിനു ശേഷമാണ് യുഎസ് പ്രസിഡന്റ് പാക്കിസ്ഥാനിലെത്തുന്നത്. 2006 ൽ ജോർജ് ബുഷ് ആണ് അവസാനം പാക്കിസ്ഥാൻ സന്ദർശിച്ചത്.

Exit mobile version