Site iconSite icon Janayugom Online

റോഡെന്ന് വിളിക്കരുതേ…

കേരളത്തിലെ ഏക ഗോത്ര പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങൾ റോഡ് എന്ന സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ, ഇടമലക്കുടിയിലേക്കുള്ള പാതകൾ ഇപ്പോഴും വളരെ ശോചനീയമായ അവസ്ഥയിൽ. കുണ്ടും കുഴിയും നിറഞ്ഞ ഈ ദുർഘടപാതയിൽ നിരന്തരം അപകടങ്ങൾ സംഭവിക്കാറുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ട് ഈ ദുർഘടപാതയിലൂടെയാണ് നാട്ടുകാർ യാത്ര ചെയ്യുന്നത്. രോഗികളും സ്ത്രീകളുമടക്കം എല്ലാ യാത്രക്കാരും അപകടം മുന്നിൽ കണ്ടുകൊണ്ട് ഈ വഴിയിലൂടെ സഞ്ചരിക്കാൻ നിർബന്ധിതരാകുന്നു. റോഡിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നുവെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അവകാശപ്പെടുമ്പോഴും യാഥാർഥ്യം മറിച്ചാണ്. പെട്ടിമുടിയിൽ നിന്ന് സൊസൈറ്റി വരെയുള്ള റോഡിനായി സർക്കാർ 18 കോടി രൂപ അനുവദിച്ചിരുന്നു. 2023 നവംബറിൽ പണി ആരംഭിച്ചുവെങ്കിലും നാല് കിലോമീറ്റർ മാത്രമാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. 2024 ഡിസംബറിൽ ഇടലിപ്പാറ വരെയുള്ള റോഡ് പണി പൂർത്തിയാകുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു വർഷം പിന്നിട്ടിട്ടും പണി നിലച്ചിരിക്കുകയാണ്. 

വാഹനങ്ങളിലുള്ള യാത്ര ദുഷ്കരമായതിനാൽ രോഗികളെയും ഗർഭിണികളെയും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ സാധിക്കുന്നില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. കഴിഞ്ഞ ഒരു മാസത്തിനിടെ ഇടമലക്കുടിയിലെ നാല് പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്തതുകൊണ്ട് ഇതിനുമുമ്പും നിരവധി പേരുടെ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി 78 വർഷം പിന്നിട്ടിട്ടും ആദിവാസി ജനങ്ങളുടെ അവകാശങ്ങൾ ഇപ്പോഴും നിഷേധിക്കപ്പെടുയാണെന്ന് നാട്ടുകാർ ഓർമിപ്പിക്കുന്നു. 

Exit mobile version