Site iconSite icon Janayugom Online

ഫര്‍ണിച്ചര്‍ തട്ടിപ്പില്‍ വീഴരുത്;പൊലീസ്

ഫർണിച്ചർ കമ്പനിയുടെ പേരിലുള്ള തട്ടിപ്പ് സന്ദേശങ്ങളെ കുറിച്ച് ജാഗരൂഗരായിരിക്കണമെന്ന് പൊലീസ്. കമ്പനിയുടെ പേരിൽ വരുന്ന എസ്എംഎസുകളില്‍ ക്ലിക്ക് ചെയ്യുരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

2027 ൽ ആരംഭിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫർണിച്ചർ കമ്പനിയിൽ ജോലി ലഭിക്കുമെന്ന് പറഞ്ഞാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. ഇതിനായി ഫർണിച്ചർ ബുക്ക് ചെയ്യണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെടും. മണി ചെയിന്‍ മാതൃകയിലാണ് തട്ടിപ്പ്. ഇതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എസ്‍എംഎസില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കപ്പെടും. ഓരോ ബുക്കിങ്ങിനും നിങ്ങൾക്ക് ലാഭവിഹിതം ലഭിക്കുമെന്നു പറഞ്ഞ് വിശ്വസിപ്പിക്കും.

വ്യാജ വെബ്സൈറ്റ് മുഖാന്തരം അക്കൗണ്ട് ആരംഭിക്കാൻ അവർ നിങ്ങളെ പ്രേരിപ്പിക്കും. ഈ വെബ്സൈറ്റ് വഴി ലാഭവിഹിതം എത്രയെന്ന് അറിയാനാവുമെന്നും അവർ വിശ്വസിപ്പിക്കും. നിങ്ങൾ ഫർണിച്ചർ വാങ്ങുന്നതിനു പുറമെ കൂടുതൽ ആളുകളെ ചേർക്കണമെന്നും ഇത്തരത്തിൽ ചേർക്കുന്ന ഓരോരുത്തരും ഫർണിച്ചർ വാങ്ങുമ്പോൾ നിങ്ങൾക്ക് ലാഭവിഹിതം ലഭിക്കുമെന്നും വിശ്വസിപ്പിക്കും. എന്നാലിത് തട്ടിപ്പാണെന്ന് വൈകിയായിരിക്കും മനസിലാവുക.
അതിനാല്‍ അമിതലാഭം ഉറപ്പുനൽകുന്ന ജോലിവാഗ്ദാനങ്ങളിലോ ഓൺലൈൻ നിക്ഷേപങ്ങളിലോ ഇടപാടുകൾ നടത്തരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇത്തരം ഓൺലൈൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1930 എന്ന നമ്പറിലോ https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതിപ്പെടണം.

Exit mobile version