Site iconSite icon Janayugom Online

പിഎം ശ്രീ ഉദ്യോഗസ്ഥ കുരുക്കിൽ വീഴരുത്; എകെഎസ്ടിയു

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് പെരുപ്പിച്ച കണക്കുകൾ കാണിച്ചുള്ള ഉദ്യോഗസ്ഥ ഗുഢാലോചനയിൽ വിദ്യാഭ്യാസവകുപ്പ് വീഴരുതെന്ന് ഓള്‍ കേരള സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍(എകെഎസ്‌ടിയു). ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കിയെടുക്കുന്നതിനും ‘ഷോക്കേസ്‘ചെയ്യുന്നതിനും കേന്ദ്രം ആവിഷ്ക്കരിച്ച പദ്ധതിയാണ് പിഎം ശ്രീ എന്ന് അതിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നു. വിദ്യാഭ്യാസരംഗത്ത് ഉച്ചഭക്ഷണം, യൂണിഫോം തുടങ്ങി കേന്ദ്രാവിഷ്കൃത പദ്ധതികളും ഫണ്ടും നിലവിൽ സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്. എന്നാൽ സമഗ്രശിക്ഷയുടെ പേര് പറഞ്ഞ് പിഎം ശ്രീയിൽ ഒപ്പുവയ്പ്പിക്കുവാൻ പെരുപ്പിച്ച കണക്കുകൾ കാണിച്ചുള്ള ഉദ്യോഗസ്ഥ ഗുഢാലോചനയിൽ വിദ്യാഭ്യാസവകുപ്പ് വീഴരുത്. 

മൂന്ന് വർഷംമുമ്പ് ആരംഭിച്ച പദ്ധതി ഇനി നടപ്പാക്കിയാൽ 60–40 കേന്ദ്രസംസ്ഥാന വിഹിതമനുസരിച്ച് 65 സ്കൂളുകൾക്കായി പന്ത്രണ്ട് കോടിയിൽതാഴെ തുക മാത്രമേ ലഭിക്കുകയുള്ളൂ. അതും സംസ്ഥാനവിഹിതത്തിൽനിന്ന് ചിലവാക്കേണ്ടിവരും. ഇതിന്റെ പേരിൽ സമഗ്രശിക്ഷകേരളയുടെ ഫണ്ട് തടഞ്ഞുവച്ചതിനെതിരെ തമിഴ്‌നാട് മാതൃകയിൽ നിയമ‑രാഷ്ട്രീയ വഴികൾ സ്വീകരിക്കണം. ഇല്ലാത്ത പക്ഷം വർഗീയത ഉദ്ഘോഷിക്കുന്ന വിദ്യാഭ്യാസനയം നടപ്പാക്കിയെന്ന പാപഭാരം ഇടതുപക്ഷസർക്കാർ ഏറ്റെടുക്കേണ്ടിവരുമെന്ന് എകെഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ് കെ കെ സുധാകരനും ജനറൽസെക്രട്ടറി ഒ കെ ജയകൃഷ്ണനും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

Exit mobile version