Site iconSite icon Janayugom Online

മഞ്ഞുകാലമാണ് വിറ്റാമിന്‍ സിയെ മറക്കരുതേ!

vitamin cvitamin c

മഞ്ഞുകാലം രോഗങ്ങള്‍ കൂടുതല്‍ വരാന്‍ സാദ്ധ്യതയുള്ള സമയമാണ്. തണുപ്പുകാലം ചര്‍മ്മത്തിനും ശരീരത്തിനും പ്രത്യേക പരിചരണം നല്‍കേണ്ട സമയമാണ്. ഭക്ഷണ രീതിയില്‍ വളരെ നല്ല ശ്രദ്ധയുണ്ടാകണം. വിറ്റാമിന്‍ എ, സി, ഇ, അയണ്‍ ആന്റിഓക്‌സിഡന്റുകള്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കണം. കടും നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനും കൊണ്ട് സമ്പുഷ്ഠമാണ്. വിറ്റാമിന്‍ സി കൂടുതലടങ്ങിയ പഴങ്ങള്‍ ഓറഞ്ച്, സ്‌ട്രോബറി, മാമ്പഴം കൂടാതെ മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള ഫലവര്‍ഗ്ഗങ്ങള്‍ വിറ്റാമിന്‍ എ, കരോട്ടീന്‍ എന്നിവയാല്‍ സമ്പന്നമാണ്. തണുപ്പുകാലത്ത് ശരീരതാപനില ഉയര്‍ത്താന്‍ സഹായിക്കുന്ന ഭക്ഷണമാണ് മണ്ണിനടിയില്‍ വിളയുന്ന കിഴങ്ങുവര്‍ഗ്ഗങ്ങള്‍. കുരുമുളക്, ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, ഉലുവ, ചുവന്നുള്ളി എന്നിവ പാചകത്തിന് ഉപയോഗിക്കുന്നത് ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയുടെ കാഠിന്യം കുറയ്ക്കും. ഉണങ്ങിയ പഴങ്ങള്‍ മഞ്ഞുകാലത്ത് അനുയോജ്യമായ ഭക്ഷണമാണ്. 

കടല്‍ വിഭവങ്ങള്‍, ചീര, വയലറ്റ് കാബേജ്, മത്തങ്ങ, നാരങ്ങ എന്നിവ കഴിക്കാം. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക് ബാക്ടീരിയകള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഒന്നോ രണ്ടോ കപ്പ് തൈരോ മോരോ ദിവസേനയുള്ള ആഹാരത്തില്‍ ഉള്‍പ്പെടുത്താം. ചുക്ക് കാപ്പി, ഗ്രീന്‍ടീ, ഇഞ്ചി, പുതിന, തേന്‍ എന്നിവ ചേര്‍ത്ത ചായ വളരെ നല്ലതാണ്. മാംസം, പച്ചക്കറികള്‍ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകള്‍ മഞ്ഞുകാലത്ത് മികച്ച ഭക്ഷണമാണ്. ഏത് പഴകിയ ഇറച്ചിയും മഞ്ഞുകാലത്ത് ഫ്രഷായി തോന്നാം. അതിനാല്‍ ഇറച്ചിവര്‍ഗ്ഗങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം. തണുപ്പുകാലാവസ്ഥ അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കാം. 

കാല്‍സ്യം അടങ്ങിയ ഭക്ഷണം കഴിക്കുന്നത് അസ്ഥിയുടെ സാന്ദ്രത നിലനിര്‍ത്താന്‍ സഹായിക്കുന്നു. മുള്ളോടുകൂടിയ മത്സ്യം, മുട്ട. ഇലക്കറികള്‍ എള്ള് എന്നിവ നല്ലത്. ദിവസവും 8 ഗ്ലാസ്സ് വെള്ളം കുടിക്കണം. വറുത്തുപൊരിച്ച ഭക്ഷണങ്ങള്‍, ബേക്കറി പലഹാരങ്ങള്‍, പഞ്ചസാര കൂടുതലായി ചേര്‍ന്ന ആഹാരങ്ങള്‍ കഴിവതും കുറയ്ക്കണം. ശീതള പാനീയങ്ങള്‍, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ് ഒഴിവാക്കി നിര്‍ത്തണം. ആരോഗ്യകരമായ ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനമാണ്. 

പ്രീതി ആർ നായർ
ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

Exit mobile version