പാലക്കാട് കല്ലടിക്കോട് വ്യാഴാഴ്ചയുണ്ടായ അപകടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ നാലുപേരുടെ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിന് മുൻവശത്ത് പനയമ്പാടം ദേശീയ പാതയിൽ സ്കൂൾ വിട്ടു പോകുകയായിരുന്ന കുട്ടികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയായിരുന്നു അപകടം. സന്തത സഹചാരികളായ നിത, റിത ഫാത്തിമ, ആയിഷ എ എസ്, ഇർഫാന എന്നിവരുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. ഈ മാസം രണ്ടിന് ആലപ്പുഴ കളർകോടുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറുന്നതിന് മുമ്പാണ് പാലക്കാട് നാലുപേരുടെ ജീവനെടുത്ത സംഭവമുണ്ടായിരിക്കുന്നത്. കളർകോട് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂർ വേങ്ങര മുട്ടം പാണ്ട്യാല വീട്ടിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ്, വാഹി ഇച്ചപ്പുര മുഹമ്മദ് ഇക്ബാൽ, മലപ്പുറം കോട്ടക്കൽ, ശ്രീവൈഷ്ണവത്തിൽ ദേവനന്ദൻ, കുട്ടനാട് കാവാലം, നെല്ലൂർ വീട്ടിൽ ആയുഷ് ഷാജി, പാലക്കാട് ശേഖരിപുരം, കാപ‌്സ‌്ട്രീറ്റ്, ശ്രീവിഹാറിൽ ശ്രീദീപ് ശ്രീവത്സൻ എന്നിവരാണ് സംഭവ ദിവസം മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന എടത്വ, തലവടി പള്ളിച്ചിറ ആൽവിൻ ജോർജ് പിന്നീട് മരിച്ചു. മെഡിക്കൽ വിദ്യാർത്ഥികളായിരുന്നു മരിച്ചവർ. ഇതിനിടെ കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലും ജീവനെടുത്ത അപകടങ്ങളുണ്ടായി.
പാലക്കാട് അപകട സമയത്ത് മഴയുണ്ടായിരുന്നുവെങ്കിലും കല്ലടിക്കോട് പനയമ്പാടം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നല്ല ഇറക്കവും വളവുമാണ് ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോൾ ഈ ഭാഗത്ത് വീതി കൂട്ടിയെങ്കിലും അത് അപകടങ്ങൾ വർധിപ്പിക്കാനിടയാക്കുകയും നാട്ടുകാർ കർമ്മ സമിതി രൂപീകരിച്ച് ഒട്ടേറെ പ്രതിഷേധങ്ങൾ നടത്തുകയും ചെയ്തെങ്കിലും പരിഹാരനടപടികൾ ഉണ്ടായില്ലെന്നും പറയുന്നു. നിർമ്മാണം പൂർത്തീകരിച്ച 2022 ജൂലൈ മുതൽ ഇവിടെ നൂറോളം അപകടങ്ങളുണ്ടായി. അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം ഏഴുപേരാണ് നേരത്തെ മരിച്ചത്. 65 പേർക്ക് പരിക്കേറ്റതായും നാട്ടുകാർ പറയുന്നു. കല്ലടിക്കോട് റോഡിന്റെ അപകടസാധ്യതയെ കുറിച്ച് കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി വിഷയം നിയമസഭയിൽ ഉന്നയിച്ചതാണ്. പനയമ്പാടത്തെ അപകടപരമ്പരകളെക്കുറിച്ച് നിയമസഭയിൽ അടക്കം വിഷയം ഉന്നയിച്ചിട്ടുണ്ട്. നിയമസഭയുടെ കഴിഞ്ഞ സമ്മേളനത്തിൽ ഗതാഗത മന്ത്രി നൽകിയ മറുപടി അനുസരിച്ച് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം 2023 ജനുവരി മുതൽ 2024 ഓഗസ്റ്റ് വരെ സംസ്ഥാനത്ത് 80, 465 റോഡപകടങ്ങളും 6534 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളം പോലൊരു സംസ്ഥാനത്ത് ഈ കണക്ക് ഞെട്ടിക്കുന്നതാണ്. ജനസാന്ദ്രത കൂടിയതും ഭൂലഭ്യത കുറഞ്ഞതും അപകടങ്ങളുടെ കാരണങ്ങളിലൊന്നാണെങ്കിലും നാം കരുതലെടുത്താൽ ഒഴിവാക്കാവുന്ന അപകടങ്ങളും കുറവല്ല. റോഡ് നിർമ്മാണത്തിലെ അപാകത, അശ്രദ്ധമായ വാഹനമോടിക്കൽ എന്നിങ്ങനെ നിരവധി കാരണങ്ങളും കണ്ടെത്താവുന്നതാണ്. അപകടങ്ങൾ കുറയ്ക്കുന്നതിന് മുൻകരുതലുകളെന്ന നിലയിൽ വിവിധ വകുപ്പുകൾ ചേർന്ന് നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്. അതിലൊന്നാണ് മുൻ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള അപകടങ്ങൾ സംബന്ധിച്ച പഠനങ്ങൾ നടത്തി ബ്ലാക്ക് സ്ലോട്ടുകൾ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള തുടർ നടപടികൾ. ഇത് ഫലപ്രദമായില്ലെന്നാണ് പാലക്കാട്ടെ ഇപ്പോഴത്തെ അപകടം സൂചിപ്പിക്കുന്നത്. നേരത്തെ നിരവധി അപകടങ്ങൾ ഉണ്ടായ ഇവിടെ സുരക്ഷാ സംവിധാനങ്ങളോ അപകടസാധ്യത ഒഴിവാക്കുന്നതിനുള്ള നടപടികളോ ഉണ്ടായില്ലെന്നാണ് നാട്ടുകാർ കുറ്റപ്പെടുത്തുന്നത്.
ഗുരുതരമായ റോഡ് അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥലങ്ങളിൽ പൊലീസ്, പൊതുമരാമത്ത് തുടങ്ങി വിവിധ വകുപ്പുകളുമായി ചേർന്ന് കേരള റോഡ് സുരക്ഷാ അതോറിട്ടി സംയുക്ത പരിശോധനകൾ നടത്തി അപാകതകൾ കണ്ടെത്തി പരിഹാര നടപടികൾ നിർദേശിക്കുന്നുവെന്നും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ് സേഫ് കേരള പദ്ധതി നടപ്പിലാക്കിവരുന്നുവെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം പരിമിതമായ ഫലപ്രാപ്തി മാത്രമേ ഉണ്ടാക്കുന്നുള്ളൂ എന്നാണ് അപകടങ്ങൾ വർധിക്കുന്നതിലൂടെ വ്യക്തമാകുന്നത്. ഓരോ അപകടം നടക്കുമ്പോഴും പരാതികളും പ്രതിഷേധങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാകാറുണ്ട്. മാധ്യമങ്ങൾ വൻ വാർത്തകളായി അവതരിപ്പിക്കുകയും ചെയ്യുന്നു. നിയമസഭയിലും മറ്റും ജനപ്രതിനിധികൾ വിഷയം ഉന്നയിക്കുകയും നടപടിയുണ്ടാകുമെന്ന ഉറപ്പ് ലഭിക്കുകയും ചെയ്യാറുണ്ടെങ്കിലും നമ്മുടെ സംസ്ഥാനത്ത് റോഡപകടങ്ങൾ പതിവായി തുടരുകയാണ്. റോഡുകളുടെ ശോചനീയാവസ്ഥയും അശാസ്ത്രീയതയും വാഹനമോടിക്കുന്നവരുടെ അശ്രദ്ധയുമുൾപ്പെടെ നിരവധി കാരണങ്ങൾ ഓരോ അപകടങ്ങളിലും ചൂണ്ടിക്കാട്ടപ്പെടുന്നു. അതുകൊണ്ട് ഇനിയും റോഡുകൾ ചോരക്കളമാകാതിരിക്കുവാനും കൂടുതൽ പേർക്ക് ജീവഹാനിയുണ്ടാകാതിരിക്കുവാനും സമഗ്രമായ നടപടികൾ ഉണ്ടാകേണ്ടതുണ്ട്. അക്കാര്യത്തിൽ അധികൃതരെന്നോ ജനങ്ങളെന്നോ വ്യത്യാസമില്ലാതെ യോജിച്ച നടപടികളുമുണ്ടാകണം.