Site iconSite icon Janayugom Online

സൗന്ദര്യം കൂടുമെന്ന് കരുതണ്ട, ചുളുവില്‍ കിട്ടുന്നതെല്ലാം വ്യാജന്‍

സൗന്ദര്യ വസ്തുക്കള്‍ വിലക്കുറവില്‍ കിട്ടുമ്പോള്‍ വാരിക്കൂട്ടുന്നവരുടെ ശ്രദ്ധയ്ക്ക്, ഇതൊന്നും അത്ര ശരിയല്ലെന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് പറയാനുള്ളത്. സ്വാഭാവിക സൗന്ദര്യം ഇല്ലാതാക്കി മാരക പാർശ്വഫലങ്ങൾ ഉണ്ടാക്കുന്ന വ്യാജ സൗന്ദര്യ വർധക വസ്തുക്കളുടെ വില്പന സംസ്ഥാനത്ത് കൂടുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഗുണനിലവാരമില്ലാത്തതും മാരക രാസവസ്‌തുക്കൾ അടങ്ങിയതുമായ ഇത്തരം ഉല്പന്നങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. നിലവിലെ കണക്കുകള്‍ അനുസരിച്ച് ദിവസം നാല് കോടി രൂപയുടെ സൗന്ദര്യ വസ്‌തുക്കളാണ് സംസ്ഥാനത്ത് വിൽക്കുന്നത്. അതിൽ രണ്ട് കോടി രൂപയുടെ ഉല്പന്നങ്ങളും വ്യാജനാണെന്നാണ് ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ കണക്ക്. സോപ്പ്, ഫേസ് ക്രീം, ഹെയർ ഷാംപൂ, ഹെയർ ഓയിൽ, ആഫ്‌റ്റ‌ർ ഷേവ് ലോഷൻ, ബോഡി മസാജ് ക്രീം, നെയിൽ പോളിഷ്, ഹെയർ കളർ, ഹെയർ സിറം, ലിപ്സ്റ്റിക്ക് തുടങ്ങിയവയിലാണ് വ്യാജന്മാരേറെയും. ചൈന, ഗൾഫ് എന്നിവിടങ്ങളിൽ നിന്നാണ് ഇത്തരം ഉല്പന്നങ്ങള്‍ കൂടുതലും വരുന്നത്.

പൊള്ളൽ, ത്വക്ക് രോഗങ്ങൾ, ഹോർമോൺ തകരാർ, ജനന വൈകല്യം, വന്ധ്യത, സൗന്ദര്യം നഷ്ടമാകുന്നത് വഴിയുണ്ടാകുന്ന വിഷാദ രോഗം എന്നിവയാണ് ഇവ നമുക്ക് സമ്മാനിക്കുന്നത്. ലാക്മേയുടെ ഐലൈനറിന്റെ വ്യാജൻ, ഡവ് പിങ്ക് സോപ്പിന്റെ വ്യാജൻ, ഡവ് ഇറക്കാത്ത ക്രീമുകൾ, തായ്‌ലൻഡ്, സിംഗപ്പൂർ ബ്രാൻഡ് വ്യാജ ഹെന്ന, ചൈനീസ് ഗുളികകൾ, ഫെയ്‌സ് പാക്ക്, താലേറ്റ് രാസവസ്‌തുക്കൾ അടങ്ങിയ വ്യാജ നെയിൽ പോളിഷുകള്‍, ടൂറിസ്റ്റുകളെ പറ്റിക്കാനായി ഇറക്കിയ വ്യാജ ആയുർവേദ ഉല്പന്നങ്ങൾ എന്നിവയാണ് വിപണിയിലെ വില്ലന്മാര്‍.

 

Eng­lish Sam­mury: Atten­tion hoard­ers when beau­ty prod­ucts are avail­able at low prices

 

Exit mobile version