മതവും, ജാതിയും പറഞ്ഞ് വരട്ടാന്‍ നോക്കേണ്ടെന്നും. എയ്ഡഡ് സ്കൂളുകളില്‍ അയ്യായിരത്തിലധികം ഒഴിവുകള്‍ ഉണ്ടെന്നും അത് റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മന്ത്രി ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.കഴിഞ്ഞ നാലു വര്‍ഷവും കോടതിയില്‍ പോകാനോ കോടതി ഉത്തരവനുസരിച്ച് പ്രശ്‌നം പരിഹരിക്കാനോ മെനക്കെടാത്തവരാണ് ഈ ഗവണ്‍മെന്റിന്റെ അവസാന സമയത്ത് സമരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമരം രാഷ്ട്രീയപ്രേരിതമായ സമരമാണ്.
എല്‍ഡിഎഫിനെതിരായി എല്ലാക്കാലത്തും നിലപാട് സ്വീകരിച്ച കുറെ ആള്‍ക്കാരാണ് സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. അതിന്റെ മുന്നില്‍ ഗവണ്‍മെന്റ് കീഴടങ്ങുന്ന പ്രശ്‌നമില്ല. മതവും ജാതിയും പറഞ്ഞ് വിദ്യാഭ്യാസ രംഗത്തെ പരിഷ്‌കരണങ്ങളെ വിരട്ടാന്‍ നോക്കണ്ട. പണ്ട് വിമോചന സമരം നടത്താന്‍ സാധിച്ചിട്ടുണ്ടാകാം. ഇപ്പോള്‍ നടത്താന്‍ സാധിച്ചെന്ന് വരില്ലെന്നും മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി സ്വകാര്യ മാനേജ്‌മെന്റുകളുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളും അവര്‍ക്കുള്ള ആനുകൂല്യങ്ങളും വിദ്യാര്‍ഥികളുടെ കാര്യങ്ങളും ഗവണ്‍മെന്റ് സംരക്ഷിക്കും. അതില്‍ യാതൊരു തര്‍ക്കവുമില്ലെന്നും മന്ത്രി പറഞ്ഞു.
എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമത്തില്‍ നാലുശതമാനം ഭിന്നശേഷി സംവരണം 2018 നവംബര്‍ 11 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍, ഭിന്നശേഷി നിയമനം നടത്താതെ മറ്റ് നിയമനങ്ങള്‍ അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഇതിനെതിരെ എന്‍എസ്എസ് സുപ്രീം കോടതിയെ സമീപിച്ചു. ഭിന്നശേഷി നിയമനം ഒഴികെ മറ്റുള്ള നിയമനം റെഗുലറൈസ് ചെയ്ത് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഇത് സര്‍ക്കാര്‍ പെട്ടെന്ന് നടപ്പാക്കുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു.
നാലുമാസത്തിനകം തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.സര്‍ക്കാര്‍ നിയമോപദേശം തേടി. ഇതുപ്രകാരം എന്‍എസ്എസിന്റെ കാര്യത്തിലാണ് സുപ്രീം കോടതി ഉത്തരവ് വന്നിരിക്കുന്നത്, അത് പൊതുവായ വിധിയല്ല എന്നാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചത്. ഇതനുസരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഇതാണ് പ്രധാനപ്പെട്ട തര്‍ക്കവിഷയം. അയ്യായിരത്തിലധികം ഒഴിവുകളുണ്ടായിട്ടും അവ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും 1500 എണ്ണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചത്.

