Site icon Janayugom Online

വാതിൽപടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും: മുഖ്യമന്ത്രി

സേവനം വീട്ടുപടിക്കലെത്തുന്ന വാതിൽപ്പടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാതിൽപ്പടി സേവന പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിൽ 50 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.

പ്രായാധിക്യം മൂലം അവശത അനുഭവിക്കുന്നവർ, ചലന പരിമിതിയുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പ് രോഗികൾ എന്നിവരാണ് പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ. ഇവക്കെല്ലാം ഒരു കാർഡ് നൽകും. ഇതിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ പേര്, വാർഡ് നമ്പർ, വാർഡ് മെമ്പർ, ആശാ വർക്കർ, കുടുംബശ്രീ പ്രവർത്തക, സന്നദ്ധപ്രവർത്തകർ എന്നിവരുടെയെല്ലാം പേരും ഫോൺ നമ്പരുമുണ്ടാവും. സേവനം ആവശ്യമായി വരുമ്പോൾ ഇവരെ ഫോണിൽ വിളിച്ച് സഹായം തേടാം.

സേവനങ്ങൾക്കായി ജനങ്ങൾ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുന്ന സാഹചര്യം ഉണ്ടായിക്കൂട. ഇത് ഒഴിവാക്കാനുള്ള ആദ്യ പടിയാണ് വാതിൽപ്പടി സേവന പദ്ധതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡിസംബറിൽ പദ്ധതി സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കുമ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാവർക്കും പരിശീലനം നൽകും. ഇതിനായി സമഗ്ര പരിശീലന പരിപാടി തയ്യാറാക്കുന്നുണ്ട്. ആശാവർക്കർമാരാണ് പദ്ധതിയുടെ നെടുംതൂൺ. പദ്ധതിയുടെ നടത്തിപ്പിൽ സുപ്രധാന ഇടപെടൽ നടത്തേണ്ടതും വഴികാട്ടിയാകേണ്ടതും അവരാണ്. ഒപ്പം അംഗൻവാടി, കുടുംബശ്രീ പ്രവർത്തകർ, വാർഡ് അംഗങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പ്രഥമികാരോഗ്യ കേന്ദ്രങ്ങൾ, സാമൂഹ്യ സന്നദ്ധസേന പ്രവർത്തകർ എന്നിങ്ങനെ ജനങ്ങളുമായി അധികം ഇടപഴകുന്ന ആളുകളുടെയും സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവർത്തനം പദ്ധതിയുടെ വിജയത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.

ആദ്യ ഘട്ടത്തിൽ ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിങ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ, സാമൂഹ്യ സുരക്ഷാ പെൻഷൻ തുടങ്ങിയ സേവനങ്ങളാണ് വാതിൽപ്പടിയിൽ ലഭിക്കുക. ക്രമേണ എല്ലാ സേവനങ്ങളും ഇതിന്റെ ഭാഗമാക്കും. അഴീക്കോട്, പട്ടാമ്പി, കാട്ടക്കട, ചങ്ങനാശേരി മണ്ഡലങ്ങളിലെ 26 ഉം മറ്റു 24ലും തദ്ദേശസ്ഥാപനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാകുന്നത്.

കോവിഡിന്റെ ഘട്ടത്തിൽ ഓൺലൈൻ സേവനങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സർക്കാർ സേവനങ്ങൾ മിക്കതും ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി സേവനകേന്ദ്രങ്ങളും അക്ഷയ കേന്ദ്രങ്ങളും ശക്തിപ്പെടുത്തും. എല്ലാ വീടുകളിലും ലാപ്ടോപ്പും ഇന്റർനെറ്റും എത്തുന്നതോടെ സർക്കാർ സേവനം ജനങ്ങളുടെ വിരൽത്തുമ്പിൽ ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Eng­lish Sum­ma­ry : doorstep ser­vice plan will be imple­ment­ed all over ker­ala in decem­ber says cm pinarayi vijayan

You may also like this video :

Exit mobile version