Site iconSite icon Janayugom Online

ചെസ് ഒളിമ്പ്യാഡില്‍ ഇരട്ടസ്വര്‍ണം

chesschess

ഫിഡെ ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. ഓപ്പണ്‍ വിഭാഗത്തിലും വനിതാ വിഭാഗത്തിലും ആദ്യമായി സ്വർണം ഇന്ത്യ സ്വന്തമാക്കി.
ഫൈനല്‍ റൗണ്ടില്‍ അർജുൻ എറിഗൈസിയും ഡി ഗുകേഷും ആര്‍ പ്രഗ്യാനന്ദയും സ്ലൊവേനിയക്കെതിരെ ജയിക്കുകയും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചൈനയ്‌ക്ക് യുഎസുമായുള്ള മത്സരത്തില്‍ പോയിന്റ് നഷ്ടമാകുകയും ചെയ്തതോടെ ഇന്ത്യ കിരീടം ഉറപ്പാക്കി. ഇവര്‍ക്ക് പുറമെ വിദിത് ഗുജറാത്തി, പെന്റല ഹരികൃഷ്ണ, ശ്രീനാഥ് നാരായണൻ (ക്യാപ്റ്റൻ) എന്നിവരും സ്വര്‍ണം നേടിയ ടീമിലുണ്ട്. നേരത്തെ 2022, 2014 വര്‍ഷങ്ങളില്‍ വെങ്കലം നേടിയതാണ് ഇതിന് മുമ്പുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം. 

വ്‌ളാഡിമിർ ഫെഡോസീവിനെതിരെ 18 കാരനായ ഗ്രാൻഡ് മാസ്റ്റർ ഗുകേഷ് ജയം കുറിച്ചു. ജാൻ സുബെലിക്കെതിരെ എറിഗൈസും ആന്റൺ ഡെംചെങ്കോയ്‌ക്കെതിരെ പ്രഗ്യാനന്ദയും വിജയം നേടി. സാധ്യമായ 22ൽ 21 പോയിന്റും ഇന്ത്യ സ്വന്തമാക്കി. ഉസ്ബെക്കിസ്ഥാനോട് 2–2 എന്ന ഏക സമനിലയൊഴിച്ച് എല്ലാ റൗണ്ടിലും ഇന്ത്യ വിജയം നേടി. 

പത്താം റൗണ്ടില്‍ ഒന്നാം സീഡായ യുഎസ്എയെ അട്ടിമറിച്ചതോടെ കിരീടം ഇന്ത്യ ഉറപ്പാക്കിയിരുന്നു. ലീനിയർ ഡൊമിങ്‌സ് പെരസിനെ കീഴടക്കിയ അർജുൻ എരിഗൈസിയുടെ വിജയമാണ് നിർണായകമായത്. 2.5–1.5 സ്കോറിനായിരുന്നു യുഎസിനെതിരെ ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ ഡി ഗുകേഷ് യുഎസിന്റെ ഫാബിയാനോ കരുവാനയെ പരാജയപ്പെടുത്തി ഇന്ത്യയ്‌ക്ക് നിർണായക മുന്നേറ്റത്തിന് കളമൊരുക്കിയിരുന്നു. വിദിത് ഗുജറാത്തിയും ലെവ് അറോണിയനും തമ്മിലുള്ള മത്സരം സമനിലയിലായി. അതേസമയം യു എസ് താരം വെസ്ലി സോ പ്രഗ്യാനന്ദയെ തോല്‍പ്പിച്ചതോടെ ഇന്ത്യ ഒളിമ്പ്യാഡിലെ ആദ്യ പരാജയവും അറിഞ്ഞു.
വനിതാവിഭാഗത്തില്‍ കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം.

ഫൈനല്‍ റൗണ്ടിലേക്കെത്തുമ്പോള്‍ കസാക്കിസ്ഥാനും ഇന്ത്യയും 17 പോയിന്റുമായി തുല്യതയിലായിരുന്നു. പത്താംറൗണ്ടില്‍ ചൈനക്കെതിരെ ഇന്ത്യ 2.5–1.5 വിജയം നേടി. നി ഷിഖുനെ തോൽപ്പിച്ച ദിവ്യ ദേശ്മുഖാണ് ഇന്ത്യക്ക് നിര്‍ണായകമായ ലീഡ് നേടിക്കൊടുത്തത്. ഗുവോ ക്വി-ആർ വൈശാലി, ഡി ഹരിക‑ഷു ജിനെര്‍, ലു മിയോയി-വന്തിക അഗർവാൾ മത്സരങ്ങള്‍ സമനിലയിൽ അവസാനിക്കുകയായിരുന്നു. ഫൈനല്‍ റൗണ്ടില്‍ അസര്‍ബൈജാനെതിരെ 3.5–05 പോയിന്റോടെ ഇന്ത്യ വിജയം കുറിക്കുകയായിരുന്നു. ദിവ്യ ദേശ്മുഖ്, വന്തിക, ഹരിക എന്നിവര്‍ വിജയം നേടിയപ്പോള്‍ വൈശാലി എതിരാളിയെ സമനിലയില്‍ തളച്ചു. 2022 ല്‍ വെങ്കലം നേടിയതാണ് ഇന്ത്യന്‍ വനിതകളുടെ ഇതിന് മുമ്പ് ഏറ്റവും മികച്ച പ്രകടനം. 

Exit mobile version