Site iconSite icon Janayugom Online

കുനിയില്‍ ഇരട്ടക്കൊലപാതക കേസ്; 12 പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ 19ന്

irattairatta

അരീക്കോട് കുനിയില്‍ സംഘം ചേര്‍ന്ന് സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (മൂന്ന്) കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ 19ന് ജഡ്ജി ടി എച്ച് രജിത വിധിക്കും.
ആദ്യ പതിനൊന്ന് പ്രതികളായ കുനിയില്‍ അന്‍വാര്‍ നഗര്‍ നടുപ്പാട്ടില്‍ വീട്ടില്‍ കുറുവങ്ങാടന്‍ മുക്താര്‍ എന്ന മുത്തു (40), കോഴിശേരിക്കുന്നത്ത് റാഷിദ് എന്ന ബാവ (34), മുണ്ടശേരി വീട്ടില്‍ റഷീദ് എന്ന സുഡാനി റഷീദ് (33), താഴത്തേയില്‍ കുന്നത്ത് ചോലയില്‍ ഉമ്മര്‍ (45), വിളഞ്ഞോത്ത് ഇടക്കണ്ടി മുഹമ്മദ് ഷരീഫ് എന്ന ചെറി (43), മഠത്തില്‍ കൂറുമാടന്‍ അബ്ദുല്‍ അലി (31), ഇരുമാംകുന്നത്ത് ഫദലുറഹ്മാന്‍ (31), കിഴക്കേത്തൊടി മുഹമ്മദ് ഫത്തീന്‍ (30), വടക്കേച്ചാലി മധുരക്കുഴിയന്‍ മഹ്‌സൂം (38), വിളഞ്ഞോളത്ത് എടക്കണ്ടി സാനിസ് എന്ന ചെറുമണി (39), പിലാക്കല്‍ക്കണ്ടി ഷബീര്‍ എന്ന ഇണ്ണിക്കുട്ടന്‍ (31), എന്നിവരും 18-ാം പ്രതി ആലുംകണ്ടി ഇരുമാംകടവത്ത് സഫറുല്ല എന്ന സഫര്‍ (42) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.
കൊലപാതകം, ഗൂഢാലോചന എന്നിവയില്‍ 18-ാം പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയപ്പോള്‍ മറ്റുള്ളവര്‍ കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും പുറമെ അന്യായമായി സംഘം ചേരല്‍, ആയുധങ്ങളുമായി ലഹള നടത്തല്‍, മാരകായുധം കൈവശംവയ്ക്കല്‍, പ്രേരണ കുറ്റം, ഒത്തൊരുമിച്ച് കലാപം സൃഷ്ടിക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തതായും കോടതി കണ്ടെത്തി. 

ആകെ 22 പ്രതികളുള്ള കേസില്‍ ഒമ്പതുപേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു. മറ്റൊരു പ്രതിയായ ഫിറോസ് ഖാനെ നേരത്തെ മാപ്പു സാക്ഷിയാക്കിയിരുന്നെങ്കിലും വിചാരണയ്ക്ക് ഹാജരാകാത്തതിനാല്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം ഇയാളെ പ്രതിയാക്കുകയായിരുന്നു. ഇയാള്‍ക്കെതിരെയുള്ള കേസ് തുടരും. ദൃക്സാക്ഷികളുള്‍പ്പെടെ 275 സാക്ഷികളെ പ്രോസിക്യൂഷനും ഒരു സാക്ഷിയെ പ്രതിഭാഗവും വിസ്തരിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍, മറ്റ് ആയുധങ്ങള്‍, പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ എന്നിവ ഉള്‍പ്പെടെ നൂറിലധികം തൊണ്ടിമുതലുകളും പ്രതികളുടെ ഫോണ്‍ കോളുകളുടെ രേഖകളും പ്രതികള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ചിത്രങ്ങളും ദൃശ്യങ്ങളും മറ്റു ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെ മുവായിരത്തിലധികം രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
2012 ജൂണ്‍ പത്തിനാണ് കേസിനാസ്പദമായ സംഭവം. കുനിയില്‍ അത്തീഖ് റഹ്മാന്‍ വധക്കേസിലെ പ്രതികളായ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന്‍ അബ്ദുള്‍ കലാം ആസാദ് എന്നിവരെ മുഖംമൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍വച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 2012 ജനുവരി അഞ്ചിനു കുറുവങ്ങാടന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് പ്രതികള്‍ ആസൂത്രണം ചെയ്തു ഇരട്ടക്കൊല നടത്തിയത്. 

2018 സെപ്റ്റംബര്‍ 19നാണ് വിചാരണ തുടങ്ങിയതെങ്കിലും കോവിഡ് നിയന്ത്രണങ്ങളും സാക്ഷി വിസ്താരം നടത്തിയ ജഡ്ജി സ്ഥലം മാറിപ്പോയതും കാരണം നടപടികള്‍ നീളുകയായിരുന്നു. ഇതിനിടയില്‍ വിസ്താരം നടത്തിയ ജഡ്ജി തന്നെ കേസില്‍ വിധി പറയണമെന്ന ആവശ്യമുന്നയിച്ച് കൊല്ലപ്പെട്ടവരുടെ ഭാര്യമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ നിലവില്‍ കേസ് കേള്‍ക്കുന്ന ജഡ്ജി ടി എച്ച് രജിത വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കി വിധി പറയുമെന്ന് അറിയിച്ചതോടെ ഹര്‍ജി സുപ്രീം കോടതി തള്ളി. തുടര്‍ന്നാണ് കേസിലെ നടപടികള്‍ പൂര്‍ത്തിയാക്കിയത്.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ എന്‍ കൃഷ്ണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ അഭിഭാഷകരായ അഡ്വ. എന്‍ ഡി രജീഷ് പാലക്കാട്, വരവത്ത് മനോജ്, ടോം കെ തോമസ്, വി പി വിപിന്‍നാഥ്, ഷറഫുദ്ദീന്‍ മുസ്‌ലിയാര്‍, പി വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. 

Eng­lish sum­ma­ry: Dou­ble mur­der case in Kuni; 12 accused guilty, sen­tence on 19

You may also like this video

Exit mobile version