Site iconSite icon Janayugom Online

സ്ത്രീധന നിരോധന നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കണം: സുപ്രീം കോടതി

സ്ത്രീധന നിരോധനത്തിന് നിലവിലെ സംവിധാനങ്ങൾക്ക് ഉള്ളില്‍ നിന്നാണ് മാറ്റങ്ങള്‍ ഉണ്ടാകേണ്ടതെന്ന് സുപ്രീം കോടതി. സ്ത്രീധന നിരോധന നിയമം കൂടുതല്‍ കര്‍ക്കശമാക്കാന്‍ ലോ കമ്മിഷനോട് ആവശ്യപ്പെടാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. സാബു സ്റ്റീഫന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. വിവാഹത്തിനു മുന്നേ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാലേ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ എന്ന നിര്‍ദ്ദേശം കോടതി പുറപ്പെടുവിച്ചാല്‍ അത് വന്‍ പ്രത്യാഘാതം സൃഷ്ടിക്കും. സ്ത്രീധനം നിരോധിച്ചു കൊണ്ടുള്ള ഇന്ത്യയിലെ നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കണം.

സ്ത്രീധന നിരോധനം സംബന്ധിച്ച വിഷയത്തില്‍ ഹര്‍ജിക്കാരന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര ലോ കമ്മിഷനു മുന്നില്‍ ഉന്നയിക്കാനും ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു. സ്ത്രീധന നിരോധനത്തിനുള്ള പരിഹാരം നിലവിലുള്ള സാഹചര്യ പശ്ചാത്തലത്തിലും നിലവിലെ നിയമങ്ങള്‍ക്ക് ഉള്ളില്‍ നിന്നുമാണ് ഉയര്‍ന്നു വരേണ്ടത്. സ്ത്രീധന നിരോധന നിയമത്തില്‍ ഭേദഗതികള്‍ നിര്‍ദ്ദേശിക്കാവുന്നതാണ്. ഹര്‍ജിയില്‍ നോട്ടീസയച്ചാല്‍ ഒന്നും സംഭവിക്കില്ല. സ്ത്രീധന നിരോധന നിയമത്തിന്റെ ശക്തി ലോ കമ്മിഷനാണ് വിലയിരുത്തേണ്ടതെന്നും ബെഞ്ച് വ്യക്തമാക്കി.

വിവാഹത്തിലൂടെ ഒരു കുടുംബത്തേക്ക് എത്തുന്ന സ്ത്രീയെ എങ്ങനെ പരിഗണിക്കണം, സാമൂഹ്യപരമായ അവരുടെ പ്രാധാന്യവും പ്രസക്തിയും എന്ത് എന്നിവ സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ വിലയിരുത്തണമെന്നും കോടതി നിരീക്ഷിച്ചു. വിവാഹ സമയത്ത് വധുവിന് ലഭിക്കുന്ന ആഭരണങ്ങളും വസ്തുവകകളും അവരുടെ സ്വന്തം പേരില്‍ ഏറ്റവും കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹര്‍ജി. കേരളത്തിലെ സ്ത്രീധനവുമായി ബന്ധപ്പെട്ട കേസുകളും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. കേന്ദ്ര ലോ കമ്മിഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കി സുപ്രീം കോടതി കേസ് തള്ളുകയാണുണ്ടായത്.

eng­lish summary;Dowry ban laws should be strength­ened: Supreme Court

you may also like this video;

Exit mobile version