Site icon Janayugom Online

സ്ത്രീധന പീഡനം: ബിജെപി എംഎല്‍എയുടെ മകന്‍ അറസ്റ്റില്‍

dowry

സ്ത്രീധന പീഡനക്കേസിൽ രാജസ്ഥാനിലെ ബിജെപി എംഎൽഎ ജോഗേശ്വർ ഗാർഗിന്റെ മകന്‍ അറസ്റ്റില്‍. അറസ്റ്റ് തടഞ്ഞ ഹൈക്കോടതി സ്റ്റേ നീക്കിയതിനെ തുടർന്ന് ഞായറാഴ്ച വൈകീട്ട് പ്രകാശ് പൊലീസിൽ കീഴടങ്ങുകയായിരുന്നു. രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർഎൽഡി) നിയമസഭാംഗമായ പുഖ്‌രാജ് ഗാർഗിന്റെ മകൾ കൂടിയായ പ്രകാശിന്റെ ഭാര്യ മംമ്ത 2020ൽ അദ്ദേഹത്തിനും മാതാപിതാക്കൾക്കുമെതിരെ പരാതി നൽകിയിരുന്നു. വനിതാ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് കിരൺ ഗോദാര സിഐബിസിബിയാണ് കേസ് അന്വേഷിച്ചത്. അറസ്റ്റ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രകാശ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് അറസ്റ്റ് സ്റ്റേ ചെയ്തിരുന്നു. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ പ്രകാശിനെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജോഗേശ്വർ ഗാർഗും ഭാര്യ കമലയും ജാമ്യത്തിലാണ്. 2007 ഫെബ്രുവരി 7 നാണ് പ്രകാശും മംമ്തയും വിവാഹിതരായത്. ഭർത്താവും ബന്ധുക്കളും തന്നെ ക്രൂരമായി മർദിച്ചതിനാൽ തനിക്ക് നാല് തവണ ഗർഭം അലസിയതായും മംമ്ത പരാതിയിൽ പറയുന്നു. സ്ത്രീവിഷയങ്ങള്‍, മദ്യം, പുകവലി തുടങ്ങിയവയ്ക്ക് പ്രകാശ് അടിമയായിരുന്നുവെന്നും തന്നെ സിഗററ്റ് വലിക്കാനും മദ്യപിക്കാനും നിർബന്ധിക്കാറുണ്ടായിരുന്നുവെന്നും മംമ്ത പരാതിയില്‍ പറയുന്നു. കൂടാതെ, പ്രകാശ് തന്റെ പിതാവിൽ നിന്ന് വൻതുക കൈപ്പറ്റിയിട്ടുണ്ടെന്നും അവർ പറഞ്ഞു. ജോഗേശ്വർ ഗാർഗ് ജലോറിൽ നിന്നുള്ള എംഎൽഎയും രാജസ്ഥാൻ നിയമസഭയിലെ ബിജെപി വിപ്പുമാണ്.
ജോധ്പൂരിലെ ഭോപ്പാൽഗഡ് മണ്ഡലത്തിൽ നിന്ന് 2018 ൽ ആർഎൽഡി ടിക്കറ്റിൽ വിജയിച്ചിരുന്നയാളാണ് മംമ്തയുടെ പിതാവ് പുഖ്‌രാജ് ഗാർഗ്.

Eng­lish Sum­ma­ry: Dowry harass­ment: BJP MLA’s son arrested

You may like this video also

Exit mobile version