സ്ത്രീധന നിരോധന നിയമം പകപോക്കൻ ഉപയോഗിക്കുന്നുവെന്ന വിമർശനവുമായി സുപ്രീം കോടതി. നിയമത്തെ മറയാക്കി ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരേ കള്ളക്കേസുകൾ നൽകുകയാണെന്ന് ജസ്റ്റിസ് ബി വി നാഗരത്നയുടെയും എൻ കോടീശ്വർ സിങ്ങിന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡന കേസുകളിൽ കുടുംബാംഗങ്ങൾക്ക് നേരിട്ട് ബന്ധമില്ലെങ്കിൽ പോലും അവരുടെ പേരിലും കേസെടുക്കുന്ന രീതി അവസാനിപ്പിക്കണം.
വിവാഹബന്ധത്തിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഭർത്താവിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളെയും പ്രതികളാക്കുന്ന പ്രവണത പലപ്പോഴും കാണാറുണ്ട്. വ്യക്തമായ തെളിവുകളില്ലാതെ, ആരോപണങ്ങളുടെ പേരിൽ മാത്രം കേസ് എടുക്കരുത്. നിഷ്കളങ്കരായ കുടുംബാംഗങ്ങളെ ഉപദ്രവിക്കാൻ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ കോടതികൾ ജാഗ്രത പാലിക്കണം. സ്ത്രീധന നിരോധന നിയമത്തെ ദുരുപയോഗം ചെയ്യുന്ന പ്രവണത വർധിക്കുകയാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.