അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി അംഗം ഡോ. പി എസ് ഈസ. പെരിയാറിനേക്കാള്‍ പറമ്പിക്കുളമായിരുന്നു ആനയ്ക്ക് ഉചിതമായ ഇടം. അരിക്കൊമ്പന്‍ മിഷനുമായി ബന്ധപ്പെട്ടുണ്ടായ ‘പബ്ലിസിറ്റി‘യാണ് വിനയായതെന്ന് ഡോ.ഈസ ഏഷ്യാനെറ്റ് ന്യൂസിനോടാണ് പ്രതികരിച്ചത്.
അക്രമകാരിയായ അരിക്കൊമ്പന്റെ ക്രൂരതകളും കുടുംബകഥകളും കാട് മാറ്റവും അതിനുവേണ്ടി തയ്യാറാക്കിയ പദ്ധതിയും പാളിച്ചയും വിജയവും പിന്നീട് കാട് മാറ്റിയതിന്റെ കണ്ണീരും പരമ്പരയായി ഏഷ്യാനെറ്റ് ഉള്‍പ്പെടെ സംപ്രേഷണം ചെയ്തിരുന്നു. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റാനുള്ള പദ്ധതി ചോര്‍ത്തി വാര്‍ത്തകള്‍ പ്രചരിപ്പിച്ചതും പറമ്പിക്കുളത്ത് പ്രക്ഷോഭത്തിന് ആളുകളെ പരുവപ്പെടുത്തിയതും ദോഷമായെന്ന വിലയിരുത്തല്‍ വ്യാപകമാണ്. ഈസയുമായി ഏഷ്യാനെറ്റ് നടത്തിയ സംഭാഷണത്തിന്റെ വാര്‍ത്തയില്‍ പറയുന്നത് ‘വനംവകുപ്പിന്റെ പബ്ലിസിറ്റി’ കൂടിപ്പോയി എന്ന രീതിയിലാണ്.
പലയിടങ്ങളിലും ട്രാന്‍ലൊക്കേറ്റ് ചെയ്ത ആനകള്‍ തിരിച്ചുവന്നതായി പറയുന്ന ഡോ. ഈസ, മിഷന്‍ അരിക്കൊമ്പന്റെ കാര്യത്തില്‍ വനംവകുപ്പിന്റെ പബ്ലിസിറ്റി കൂടിപ്പോയി എന്ന് പറയുന്നു. അതേസമയം വനം വകുപ്പും പൊലീസും കാര്യമായി ശ്രമിച്ചിട്ടും ദൃശ്യമാധ്യമങ്ങള്‍ അരിക്കൊമ്പന്‍ മിഷന്‍ മത്സരിച്ച് വാര്‍ത്താക്കുകയായിരുന്നു. അരിക്കൊമ്പനെ പിടികൂടുന്ന കാഴ്ച ഡ്രോണ്‍ സംവിധാനമടക്കം ഉപയോഗിച്ചാണ് പകര്‍ത്തി നല്‍കിയത്. ഒടുവില്‍ വനം വകുപ്പിന്റെ പബ്ലിസിറ്റി എന്ന നിലയിലേക്ക് ഏഷ്യാനെറ്റ് വാര്‍ത്ത എത്തി നില്‍ക്കുന്നു.
‘അരിക്കൊമ്പന്‍’ എന്ന പേര് തന്നെ വന്നത് വട്ടപ്പേര് കൊടുക്കുംപോലെയാണെന്നാണ് ഡോ. ഈസ പറയുന്നത്. അരി മാത്രം തിന്നുന്ന ആനയെന്ന് പ്രചാരണം പോലും ഉണ്ടായി. എന്നാല്‍ ആ ആനയുടെ പിണ്ഡത്തില്‍ ഒരു തരി അരി പോലും കണ്ടില്ലെന്നാണ് വനം വന്യജീവി സംരക്ഷകനും വിദഗ്ധനുമായ പി എസ് ഈസ പറയുന്നത്. ഇത്തരത്തില്‍ പ്രചാരം കൊടുക്കാതെ കാര്യങ്ങള്‍ ചെയ്യണമായിരുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.
അതിനിടെ തുറന്നുവിട്ട സ്ഥലത്ത് നിന്ന് 10 കിലോമീറ്റര്‍ അപ്പുറം തമിഴ്‌നാട് വന മേഖല വരെ അരിക്കൊമ്പന്‍ സഞ്ചരിച്ചുവെന്ന് ആനയില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ (റേഡിയോ കോളര്‍) നിന്നുള്ള വിവരം വന്നിരുന്നു. തമിഴ്‌നാട് വനമേഖലയിലെ വണ്ണാത്തിപ്പാറ ഭാഗത്താണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്കുശേഷം യാതൊരു വിവരവുമില്ല. റേഡിയോ കോളറില്‍ നിന്നുള്ള ബന്ധത്തിന് എന്തോ തകരാറുണ്ടായെന്നാണ് സൂചന. സാങ്കേതിക പ്രശ്‌നമാണെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചതായാണ് ദൃശ്യമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രശ്‌നം പരിഹരിക്കാന്‍ ഡബ്ല്യുഡബ്ല്യുഎഫിനോട് വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. വിഎച്ച്എഫ് ആന്റിന ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ ശ്രമം നടക്കുന്നുണ്ട്. വനംവകുപ്പിന്റെ മൂന്ന് സംഘങ്ങള്‍ അതിര്‍ത്തിയിലെ വനമേഖലയില്‍ അരിക്കൊമ്പനായി നിരീക്ഷണം നടത്തുന്നതായും വാര്‍ത്തകളുണ്ട്.
English Sammury: Dr. P.S. Easa says, Parambikulam was a better place for an elephant arikkomban than Periyar