Site icon Janayugom Online

ബാലതാരങ്ങളെ സംരക്ഷിക്കാന്‍ കരട് മാര്‍ഗനിര്‍ദേശങ്ങള്‍

സിനിമ, ടെലിവിഷന്‍, റിയാലിറ്റി ഷോകള്‍, സമൂഹമാധ്യമങ്ങള്‍, ഒടിടി പ്ലാറ്റ്ഫോമുകള്‍ എന്നിവിടങ്ങളിലെ ശാരീരിക, മാനസിക സമ്മര്‍ദ്ദങ്ങളില്‍ ബാലതാരങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടി കരട് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ബാലതാരങ്ങള്‍ക്ക് ആരോഗ്യകരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ദേശീയ ബാലാവകാശ കമ്മിഷന്റേതാണ് നടപടി. പുതിയ വിജ്ഞാപനം അനുസരിച്ച് ബാലതാരങ്ങളെ കൊണ്ടുവരുമ്പോള്‍ ചിത്രീകരണം നടക്കുന്ന പ്രദേശത്തിന്റെ ചുമതലയുള്ള ജില്ലാ മജിസ്ട്രേറ്റില്‍ നിന്നും മുന്‍കൂറായി അനുമതി വാങ്ങണം. കുട്ടി ചൂഷണം ചെയ്യപ്പെടില്ലെന്ന് ഉറപ്പാക്കാൻ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് രേഖാമൂലം വിശദീകരണം നല്‍കുകയും വേണം. 

ഒരു കുട്ടിയെയും 27 ദിവസം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ അനുവദിക്കരുതെന്നും കരട് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഒരു ദിവസം ഒരു ഷിഫ്റ്റില്‍ മാത്രമേ ചിത്രീകരണം നടത്താവൂ. ഓരോ മൂന്നു മണിക്കൂറിലും ഇടവേള അനുവദിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. 1976 ലെ ബോണ്ടഡ് ലേബര്‍ സിസ്റ്റം (റദ്ദാക്കല്‍) നിയമ പ്രകാരം ഏതെങ്കിലും സേവനം നല്‍കുന്നതിന് കരാറില്‍ ഏര്‍പ്പെടാന്‍ പാടില്ല. ചിത്രീകരണം കുട്ടിയുടെ സ്കൂള്‍ പഠനത്തെ ബാധിക്കുന്നില്ലെന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തണം. 

ക്ലാസുകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടായാല്‍ നിര്‍മ്മാതാവ് സ്വകാര്യ ട്യൂഷന്‍ സൗകര്യം ഒരുക്കി നല്‍കണം. സിനിമകളിലൂടെയും മറ്റ് പരിപാടികളിലൂടെയും ലഭിക്കുന്ന വരുമാനത്തിന്റെ 20 ശതമാനം ബാലതാരത്തിന്റെ പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തണമെന്നും കരട് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Eng­lish Summary:Draft guide­lines to pro­tect child actors
You may also like this video

Exit mobile version