Site iconSite icon Janayugom Online

ഗാന്ധിജി സൃഷ്ടിച്ച നാടകവും സിനിമയും

ഗാന്ധിയൻ ആശയങ്ങൾ ചെന്നെത്താത്ത മേഖലകളില്ല എന്നത് ഏവർക്കും അറിയാവുന്നതാണ്. സത്യം, അഹിംസ, പരിസ്ഥിതി, മതം, നീതി, വികസനം, നഗര പരിപാലനം, ആഹാരം, കൃഷി എന്നിങ്ങനെ ഗാന്ധിയൻ പരികല്പനകൾ കടന്നു ചെല്ലുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് നിലനിന്ന എല്ലാ വ്യവസ്ഥകളെക്കുറിച്ചും ചിന്തിക്കുകയും സ്വന്തം പ്രത്യയഭാവനയ്ക്കനുസരിച്ചു ലോകത്തെ മാറ്റിയെടുക്കാൻ ശ്രമിക്കുകയും ചെയ്ത ഗാന്ധി സിനിമയ്ക്കും നാടകത്തിനും മനുഷ്യനെ മാറ്റാൻ കഴിവുണ്ടെന്ന തിരിച്ചറിവിൽ സർഗാത്മക മാറ്റത്തിന് ശ്രമിച്ചതിന്റെ നിറതെളിവുകളായി നിൽക്കുന്ന കലാസൃഷ്ടികളാണ് ‘മുക്തധാര’യെന്ന നാടകവും ‘മോഡേൺ ടൈംസ്’ എന്ന സിനിമയും.
രവീന്ദ്രനാഥ് ടാഗോറിന്റെ നാടകം ‘മുക്തധാര’ പ്രകാശിതമായിട്ട് 101 വർഷം കഴിഞ്ഞിരിക്കുന്നു. യന്ത്രവൽക്കരണം മനുഷ്യന്റെ ജൈവസിദ്ധികളെ എങ്ങനെ തകർക്കുന്നു എന്ന ചോദ്യത്തിന് ഉത്തരമാണ് ടാഗോറിന്റെ നാടകം. 1922 ലാണ് ‘മുക്തധാര’ ടാഗോർ എഴുതുന്നത്. അതേ വർഷം തന്നെ ‘ദ വാട്ടര്‍ ഫാള്‍’ എന്ന പേരിൽ ഇംഗ്ളീഷ് ഭാഷയിലേക്ക് അദ്ദേഹം തന്നെ വിവർത്തനം ചെയ്യുകയുണ്ടായി. വികസനം എന്ന വാക്കിന് വല്ലാത്ത ശക്തി കൈവന്നിരിക്കുന്ന ഈ കാലത്ത് ശതാബ്ദി പിന്നിട്ട നാടകം ചർച്ചയ്ക്ക് വീണ്ടുമെത്തുകയാണ്. വികസനങ്ങളുടെ ഗുണഫലങ്ങളിൽ നിന്ന് മാറ്റി നിർത്തപ്പെട്ടവരുടെ ശബ്ദമാണ് നാടകമായി ടാഗോർ വിഭാവന ചെയ്തത്. മനുഷ്യനെ മാറ്റി തൽസ്ഥാനത്ത് യന്ത്രങ്ങളെ പ്രതിഷ്ഠിക്കുമ്പോൾ മനുഷ്യ ബന്ധങ്ങളിൽ വീഴുന്ന വിള്ളലുകൾ എന്തെന്ന അന്വേഷണമാണ് നാടകത്തിൽ. ദാർശനികമായ ചിന്തകൾ കൂടി അവതരിപ്പിക്കുന്ന ഈ നാടകം വർത്തമാന കാലത്ത് കൂടുതൽ പ്രസക്തമായ ചർച്ചകളിലേക്ക് പ്രേക്ഷകരെയും വായനക്കാരെയും ക്ഷണിക്കുകയാണ്. 

ശിവ്തരായ് എന്ന ഗ്രാമപ്രദേശത്തെ നദിയിൽ ഒരു അണക്കെട്ട് നിർമ്മിക്കപ്പെടുന്നതോടെ സാമൂഹിക ബന്ധങ്ങളിൽ സൃഷ്ടിക്കപ്പെടുന്ന നിരവധി പ്രതിസന്ധികളും അവിടുത്തെ ജനങ്ങളുടെ ജീവിതം തടസപ്പെടുന്നതുമാണ് ടാഗോർ തന്റെ നാടകത്തിലൂടെ അവതരിപ്പിക്കുന്നത്. ഹിംസാത്മകമായി മാറുന്ന വികസന നയങ്ങളുടെ ഭാഗമായി ചൂഷണം ചെയ്യപ്പെടുന്ന ജനതയുടെ കൂടെ നിൽക്കുകയാണ് മഹാകവി ഒരു നാടകകൃത്തായി മാറിക്കൊണ്ട്. ജനങ്ങൾക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന വെള്ളം അണകെട്ടി തടയുന്നതോടെ ഭരണകൂടത്തോടുള്ള അവരുടെ ആശ്രിതത്വം കൂട്ടാമെന്ന ചിന്തയിൽ നിന്നാണ് അണക്കെട്ട് നിർമ്മാണത്തിനുള്ള പദ്ധതി രാജാവ് ആരംഭിക്കുന്നത്. മെഗാ നിർമ്മിതികളുടെ ആസുരതകൾ ഒന്നൊന്നായി ടാഗോർ തന്റെ നാടകത്തിലൂടെ ചർച്ച ചെയ്യാൻ ശ്രമിക്കുന്നു. കൊളോണിയൽ ചൂഷണത്തിന്റെ പ്രതിരൂപമെന്ന നിലയിൽ കടന്നുവരുന്ന സാങ്കേതിക വിദ്യകളോടുള്ള വിയോജിപ്പ് നാടകത്തിലൂടെ അദ്ദേഹം അറിയിക്കുകയാണ്. എന്തിനും ഏതിനും സാങ്കേതികവിദ്യ കൊണ്ട് പരിഹാരങ്ങൾ കണ്ടെത്തുന്ന മനുഷ്യൻ അവനറിയാതെ തന്നെ മുതലാളിത്തത്തിന്റെ കൈകളിൽ ചെന്നു പെടുകയാണ്. 

പിന്നീട് അവ സൃഷ്ടിക്കുന്ന വിഷമവൃത്തങ്ങളിൽ നിന്ന് പുറത്തു കടക്കാൻ സാധിക്കാതെ വരുന്നുവെന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാൻ നാടകത്തിലൂടെ കഴിയുന്നുണ്ട്. സാങ്കേതികവിദ്യയ്ക്ക് അങ്ങനെ മറികടക്കാൻ കഴിഞ്ഞാൽ തന്നെ അത് കൂടുതൽ സങ്കീർണമായ മറ്റ് പ്രശ്നങ്ങളുടെ സൃഷ്ടിക്ക് കാരണമാകുകയേ ഉള്ളൂ എന്നും നാടകത്തിലൂടെ പ്രതിപാദിക്കുകയാണ് ടാഗോർ. ശാസ്ത്രത്തിന്റെ പ്രയോഗവൽക്കരണത്തിലൂടെ ഉണ്ടാകുന്ന തിന്മകളെ മാനുഷികമായ പ്രചോദനങ്ങളിലൂടെ മനുഷ്യവംശത്തിന് നേരിടാൻ കഴിയുമെന്ന ഉറപ്പാണ് നാടകത്തിന്റെ അന്തർലീനമായ വിഷയമായി ധ്വനിക്കപ്പെടുന്നത്. വ്യക്തിസ്വാതന്ത്ര്യത്തിന് വലിയ പ്രാധാന്യം ടാഗോർ കൽപ്പിക്കുന്നത് നായകനിലൂടെ നമുക്ക് കാണാം. സമകാലിക രാഷ്ട്രീയ സംഭവങ്ങൾ നമ്മെ പലതും ഇതിലൂടെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. ടാഗോർ, ജീവിതത്തിനും വ്യക്തി സ്വാതന്ത്ര്യത്തിനും തീക്ഷ്ണമായ സ്ഥാനം കല്പിച്ചിരുന്നയാളാണെന്ന് നമുക്കറിയാം. നാടകത്തിലൂടെ ഇവിടെ നടപ്പാക്കുന്ന വിദ്യാഭ്യാസ രീതികളെയും സാമൂഹിക തിന്മകളെയും നാടകകൃത്ത് ചോദ്യം ചെയ്യുന്നു. 

ഉത്തരാകുഡ് എന്ന രാജ്യത്തെ രണജിത് എന്ന രാജാവ് ശിവതരായി നദിക്ക് മുകളിൽ ഡാം നിർമ്മിക്കാൻ തീരുമാനിക്കുന്നതോടെ ഗ്രാമീണരുടെ ജീവിതം അസ്വാതന്ത്ര്യത്തിലേക്ക് നീങ്ങുകയാണ്. ഡാം കെട്ടുമ്പോൾ കൃഷിക്കാവശ്യമായ വെള്ളം കിട്ടാതെ കർഷകർ വലയുന്നു. നാട്ടിൽ ഭക്ഷ്യ വസ്തുക്കൾ കിട്ടാതെ വരുമ്പോൾ തനിക്ക് മുതലെടുക്കാമെന്ന ചിന്തയാണ് രണജിത്തിന്റെ പ്രവൃത്തിക്ക് കാരണം. വിളകൾ കൃഷി ചെയ്തുണ്ടാക്കാൻ കഴിയാതെ ജനങ്ങൾ വലയുന്നു. ഇറക്കുമതി ചെയ്യാനും വശമില്ല. ഈ സമയത്ത് നികുതി പിരിക്കാനും രാജാവ് ഉത്തരവാകുന്നു. രാജാവ് ജനങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ല. രാജാവ് പറയുന്നത് രണ്ട് വർഷമായി നികുതി കുടിശ്ശിക ആണെന്നാണ്. മുൻപും ശിവതരായിയിൽ ക്ഷാമം ഉണ്ടായിട്ടുണ്ട് എന്നാൽ അന്നൊന്നും നികുതി തരാതിരുന്നിട്ടില്ല എന്ന് പറയുന്ന രാജാവ്. ക്ഷേത്രത്തെപ്പോലും മറയുന്ന രീതിയിൽ നിർമ്മിക്കപ്പെട്ട ഡാം ദൈവത്തിന്റെ ആഗ്രഹത്തിന് വിപരീതമാണെന്ന് ഗ്രാമീണർ പറയുന്നു. ശിവതരായി ഒറ്റപ്പെടുന്നു. മനുഷ്യജീവിതങ്ങൾ ഇല്ലാതെയാകുന്നത് ഭരണാധികാരിക്ക് വിഷയമാകുന്നില്ല. മനുഷ്യന്റെ വില തിരിച്ചറിയാൻ കഴിയാത്തത് വലിയ സാമൂഹിക അനീതിയാണെന്ന് നാടകം ബോധ്യപ്പെടുത്തുകയാണ്. 

അമ്പയുടെ മകൻ സുമൻ എന്ന അടിമപ്പയ്യൻ ഒഴുക്കിൽപ്പെട്ട് മരിക്കുന്നു. ഇതറിയാതെ അവന്റെ അമ്മ അവനെ കാത്തിരിക്കുന്നു. ആരും കേൾക്കാതെയും തള്ളിക്കളഞ്ഞും അമ്പയുടെ നിലവിളി അവസാനിക്കുന്നു. സ്ത്രീകൾ അവഗണിക്കപ്പെടുന്ന ബ്രിട്ടീഷ് ഭരണകാലസമൂഹത്തെ ടാഗോർ അമ്പയിലൂടെ വരച്ചു കാട്ടുന്നു അനീതിക്കെതിരെ നിലകൊള്ളുന്ന ധനഞ്ജയൻ അഹിംസാവാദിയാണ്. അയാൾ ശിവതരായിയിലെ ജനങ്ങളെ ഗാന്ധിയെപ്പോലെ നയിക്കുന്നു. അയാൾ ഭരണാധികാരികളാൽ ബന്ധിതനാകുന്നു. ഒടുവിൽ സംഭവിക്കുന്ന രാജാവിന്റെ അപ്രതീക്ഷിതമരണം ജനങ്ങൾക്ക് വീണ്ടും സ്വാതന്ത്ര്യം ലഭിക്കാൻ കാരണമാകുന്നു. ശിവതരായി പഴയ രീതിയിലേക്ക് പോകുന്നിടത്തു നാടകം അവസാനിക്കുന്നു. രാജാവിന്റെ മരണവും അഹിംസാ സിദ്ധാന്തങ്ങളെ മുൻനിർത്തിയാണ് നാടകത്തിൽ ടാഗോർ അവതരിപ്പിക്കുന്നത്. ജനങ്ങളെ കാണാത്ത വികസനം ദൈവത്തിന് നിരക്കുന്നതല്ല എന്ന സൂചന നൽകി നാടകം തുടങ്ങിയ ഇടത്തു തന്നെ എത്തിച്ചു കൊണ്ട് അവസാനിപ്പിക്കുകയാണ് ടാഗോർ. 

‘മുക്തധാര’യുടെ പിറവിക്ക് പിന്നിൽ ഗാന്ധിയുടെ വലിയ സ്വാധീനമുണ്ട്. ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക് വന്ന ഗാന്ധി ഗുജറാത്തിൽ ആശ്രമം സ്ഥാപിക്കുന്നതിന് മുന്നെ പല തവണ ശാന്തിനികേതനിൽ ടാഗോറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചർച്ചകളുടെ പരിണതഫലം കൂടിയാണ് പ്രശസ്തമായ ഈ നാടകം. നാടകത്തിലെ പ്രധാന കഥാപാത്രങ്ങളിലൊരാൾ ഗാന്ധിയുടെ സ്വഭാവ സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു സന്യാസിയാണെന്നും കാണാം. മുക്തധാരയുടെ പിറവിക്ക് ശേഷം ഒരു ദശാബ്ദം പിന്നിട്ടപ്പോൾ ഗാന്ധിയും ചാർളി ചാപ്ളിനും തമ്മിലുണ്ടായ കൂടിക്കാഴ്ച സമാനമായ മറ്റൊരു സർഗസൃഷ്ടിക്ക് കാരണമായി. 1932ൽ നടന്ന ഗാന്ധി-ചാപ്ലിൻ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് 1936ൽ ‘മോഡേൺ ടൈംസ്’ എന്ന വിഖ്യാത ചലച്ചിത്രം ഉണ്ടായത്. ‘മുക്തധാര’യും ‘മോഡേൺ ടൈംസും’ ചർച്ച ചെയ്യുന്നത് ഒരേ ആശയം തന്നെയാണ്. ഗാന്ധിയുടെ ഉപദേശപ്രകാരം തന്റെ അനുഭവങ്ങളെക്കൂടി കൂട്ടിച്ചേർത്ത് ചാപ്ലിൻ രചിച്ച സിനിമയാണ് ഇന്നും കാലങ്ങൾ സാകൂതം നോക്കി നിൽക്കുന്ന മോഡേൺ ടൈംസ്. സിനിമ തുടങ്ങുമ്പോൾ ചലിക്കുന്ന ക്ളോക്കിലെ സൂചികൾ പോലെ സിനിമ ഇന്നും മുന്നോട്ടു പോകുന്നു. ചർച്ച ചെയ്ത ആശയങ്ങൾ പോലെ തന്നെ. 

Exit mobile version