Site icon Janayugom Online

നാടകീയം ഇഡി-മോഡി കൂട്ടുകെട്ട്; 5,422 കേസുകളില്‍ ഇതുവരെ ശിക്ഷിക്കപ്പെട്ടത് വെറും 23 പേര്‍

ED modi

മോഡി സര്‍ക്കാരിനു കീഴില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടായത് നാടകീയമായ വളര്‍ച്ച. എന്നാല്‍ കേസുകളില്‍ അന്വേഷണവും ശിക്ഷയും ഉണ്ടാകുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ തന്നെ ലോക്‌സഭയില്‍ അറിയിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഈ വര്‍ഷം മാര്‍ച്ച് വരെ ഇഡി രജിസ്റ്റര്‍ ചെയ്തിട്ടുള്ള 5,422 കേസുകളില്‍ ഇതുവരെ ശിക്ഷിപ്പെട്ടത് വെറും 23 പേര്‍മാത്രമാണെന്നാണ് സര്‍ക്കാര്‍ സഭയെ അറിയിച്ചത്. 17 വർഷം മുമ്പ് നിയമം പ്രാബല്യത്തിൽ വന്നതു മുതലുള്ള കണക്കാണിത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷമാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2020–21 സാമ്പത്തിക വര്‍ഷത്തിലാണെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ഇതേ വര്‍ഷം കള്ളപ്പണം വെളുപ്പിക്കല്‍ പ്രകാരം 1180 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
നടപടി ക്രമങ്ങളുടെ ഭാഗമായി 1,04,702 കോടി കണ്ടുകെട്ടി. 992 കേസുകളിൽ കുറ്റപത്രം സമര്‍പ്പിച്ചു. ഈ കേസുകളില്‍ 869.31 കോടി രൂപ കണ്ടുകെട്ടുകയും 23 പേരെ ശിക്ഷിച്ചുവെന്നും എഴുതി നല്‍കിയ മറുപടിയില്‍ ചൗധരി അറിയിച്ചു.
ഫെമ നിയമലംഘനങ്ങളില്‍ 2012–13 വര്‍ഷം മുതല്‍ 2021–22 വര്‍ഷം വരെ 24,893 കേസുകളും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം പ്രകാരം 3985 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2002ലാണ് പിഎംഎല്‍എ നിയമ നിര്‍മ്മാണം നടത്തിയത്. 2005 മുതല്‍ നിയമം പ്രാബല്യത്തില്‍ വന്നു. പ്രധാനമായും അന്തർദേശീയ മയക്കുമരുന്ന് വ്യാപാരത്തിൽ നിന്നുള്ള കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനാണ് ഇത് നടപ്പിലാക്കിയത്. എന്നാല്‍ വർഷങ്ങളായി നിരവധി കുറ്റകൃത്യങ്ങൾ ഭേദഗതികളിലൂടെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നു.
ആറ് നിയമനിർമ്മാണങ്ങളിൽ നിന്നുള്ള കുറ്റകൃത്യങ്ങളാണ് ആദ്യം പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ നിലവില്‍ 30 നിയമനിർമ്മാണങ്ങളിൽ നിന്നുള്ള കുറ്റകൃത്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പകർപ്പവകാശ ലംഘനം, തെറ്റായ വ്യാപാരമുദ്രകളുടെ പ്രയോഗം തുടങ്ങി ഗൗരവം കുറഞ്ഞ കുറ്റകൃത്യങ്ങളും പട്ടികയിൽ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Eng­lish Sum­ma­ry: Dra­mat­ic ED-Modi alliance under suspect

You may like this video also

Exit mobile version